നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഒരു കുടുംബം; 29 വര്‍ഷം മുമ്പ് സൗദിയിലേക്കു പോയ അഞ്ചരക്കണ്ടി സ്വദേശിയുടെ മടങ്ങിവരവും പ്രതീക്ഷിച്ച് കുടുംബാംഗങ്ങള്‍

dyഅഞ്ചരക്കണ്ടി: 1988ലെ ഡിസംബര്‍ മാസത്തിലാണ് എക്കാലിനടുത്ത വലിയ വീട്ടില്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മകന്‍ രമേഷ് കുമാര്‍ എന്ന ബാബു തൊഴില്‍ തേടി സൗദി അറേബ്യയിലേക്കു പോകുന്നത്.  തയ്യല്‍ക്കാരന്റെ വിസയില്‍ വിദേശത്തക്കു പോകുമ്പോള്‍ ബാബുവിന് പ്രായം 27 വയസ്. സൗദിയുടെ ഉള്‍നാടന്‍ പ്രദേശമായ ഹെയിലിലേക്കാണ് ബാബു പോയത്. എന്നാല്‍ അവിടെ ജോലി കുറവായിരുന്നതിനാല്‍ സ്‌പോണ്‍സറുടെ സമ്മതത്തോടെ മറ്റൊരു സ്ഥലത്ത് പോയി ജോലിചെയ്യാന്‍ തുടങ്ങി. ഏതാണ്ട് ആറുമാസംവരെ ഇങ്ങനെ ജോലിചെയ്തു. പിന്നീടങ്ങോട്ട് സ്‌പോണ്‍സറുടെ അനുമതി ലഭിച്ചില്ല. തുടര്‍ന്ന്, അവിടെനിന്ന് അല്‍ ജുബൈനിലേക്ക് കടന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം വീട്ടിലേക്ക് കത്തുകള്‍ അയച്ചിരുന്നു.

ഇക്കാലയളവില്‍ മലയാളിയായ കെ.കെ.ജോണിന്റെ സഹായത്തോടെയായിരുന്നു താമസവും മറ്റും. വീട്ടിലേക്ക് പതിവായി കത്തെഴുതിക്കൊണ്ടിരുന്ന ബാബുവിന്റെ അവസാന കത്ത് വീട്ടുകാര്‍ക്ക് ലഭിക്കുന്നത് 1990 ജനുവരി നാലിനാണ്. തന്റെ സമ്പാദ്യവും മറ്റും ജോണിനെയാണ് ഏല്‍പ്പിച്ചതെന്ന് കത്തില്‍ എഴുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബാബു നാട്ടിലേക്കു വരാതിരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതു കൊണ്ടായിരിക്കും എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനിടയില്‍ ഇയാളെ ഒരിക്കല്‍ മുംബൈയിലേക്ക് കയറ്റിവിട്ടതായും ഈയവസരം കൈയില്‍ കാശില്ലാതെ നാട്ടിലേക്ക് വരാന്‍ മടിച്ചതായും ബന്ധുക്കള്‍ക്ക് അറിവു ലഭിച്ചിരുന്നു. പിന്നീടൊരു വിസയ്ക്കായി എറണാകുളത്തുള്ള ജോണിനെ കാണാന്‍ വന്നിരുന്നതായി സഹോദരന്‍ പവിത്രന്‍ പറഞ്ഞു. ഇത്തരം വിവരങ്ങളെല്ലാം പലരില്‍നിന്ന് ലഭിച്ചതാണെന്ന് ഇവര്‍ പറഞ്ഞു.കഴിഞ്ഞ ഒന്നരമാസം മുന്‍പ് ഗള്‍ഫ് പത്രങ്ങളില്‍ ഒരുപോലെ നാടുവിട്ട 58കാരനായ ബാബു കണ്ണന്‍ നായരെന്ന പേരില്‍ ഒരു മലയാളിയെ വാഹനാപകടത്തില്‍പ്പെട്ട് സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി വാര്‍ത്ത വന്നിരുന്നു.ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചെങ്കിലും അത് ബാബുവല്ലായിരുന്നു. ഇനി സൗദിയിലെ ഇന്ത്യന്‍ ഏംബസിയെ സമീപിക്കുക മാത്രമാണ് അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗം.  ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ് തങ്ങളുടെ പ്രിയപ്പെട്ട ബാബു എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ.

Related posts