കട്ടില്‍ പൊക്കാന്‍ പറ്റില്ല! ശോഭന പേടിച്ച് അഭിനയിച്ച മണിച്ചിത്രത്താഴിലെ ആ രംഗത്തെപ്പറ്റി സംവിധായകന്‍ ഫാസിലിന് പറയാനുള്ളത്!

6u6ru

ഓരോ മലയാളിയും അത് ഏത് ജനറേഷനിലുള്ള ആളുമായിക്കോട്ടെ, മനസില്‍ ആജീവനാന്തം  കാത്തുസൂക്ഷിക്കുന്ന മലയാള ചിത്രങ്ങളില്‍ ഒന്നാണ് മണിത്തിത്രത്താഴ്. ഈ ചിത്രം എത്ര കണ്ടാലും ഏതൊരു മലയാളിക്കും മടുക്കില്ല എന്നതാണ് ഇതിന് പിന്നിലെ രഹസ്യം. ചിത്രത്തിന്റെ പേര് പറയുമ്പോള്‍ തന്നെ മലയാളി മനസ്സില്‍ ഓടി വരുന്ന ഒരു ഡയലോഗുണ്ട്. ‘വിടമാട്ടേ…’ എന്നാരംഭിക്കുന്നതും ഗംഗ നകുലനോട് നാഗവല്ലിയായി ചോദിക്കുന്നതുമായ ഡയലോഗാണ് അത്. ഈ രംഗങ്ങള്‍ എപ്പോള്‍ കണ്‍മുന്നില്‍ വന്ന് പെട്ടാലും നാം ആ രംഗം ആദ്യം കാണുന്ന ആകാക്ഷയില്‍ നോക്കി നില്‍ക്കും. അത്രത്തോളമുണ്ട് ഈ രംഗത്തിന്റെ പ്രേക്ഷക സ്വീകാര്യത.

ചിത്രത്തില്‍ അതിതീവ്രമായ വികാരവിക്ഷോപത്തോടെ ശോഭന ഈ ഡയലോഗ് പറയുന്നതിലും ഗംഗ എന്ന ശോഭനയുടെ കഥാപാത്രം ഒറ്റക്കൈ കൊണ്ട് കട്ടില്‍ എടുത്തുയര്‍ത്തുന്നതിലുമൊക്കെയാണ് ഈ രംഗത്തിന്റെ ജീവസത്ത അടങ്ങിയിട്ടുള്ളത്. ‘മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും’ എന്ന പുസ്തകത്തില്‍ ഫാസില്‍ ഈ രംഗത്തെ പറ്റി വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അതിവൈകാരികമായ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ശോഭന വളരെ നേര്‍വസായിരുന്നു എന്നാണ് ഫാസില്‍ അതില്‍ പറയുന്നത്. കട്ടില്‍ ഒറ്റക്കൈയ്യില്‍ ഉയര്‍ത്താനാകുമോ എന്ന ആശങ്കയും ശോഭനയെ അലട്ടിയിരുന്നു. ശോഭന പലവട്ടം ആ രംഗം തന്നെക്കൊണ്ട് വായിപ്പിച്ചെന്നും ഇന്നേക്ക് ദുര്‍ഗാഷ്ടമി എന്ന ഭാഗം തന്നെക്കൊണ്ട് പലപ്രാവശ്യം അഭിനയിപ്പിച്ചെന്നും തന്റെ അഭിനയത്തിലെ ഓരോ നിമിഷങ്ങളും ശോഭന ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച് മനസിലേയ്ക്ക് ആവാഹിക്കുകയായിരുന്നെന്നും ഫാസില്‍ പുസ്തകത്തിലൂടെ വ്യക്തമാക്കി.

കട്ടില്‍ തനിയെ പൊക്കാനാവില്ലെന്ന് അഭിനയത്തിന് മുന്നോടിയായി ശോഭന പറഞ്ഞു. നാഗവല്ലിയായി മാറിക്കഴിയുമ്പോള്‍ അതൊക്കെ താനേ പൊക്കിക്കോളുമെന്ന് തമാശയായി താന്‍ ശോഭനയോട് പറഞ്ഞെന്നും അപ്പോള്‍ ആകാംക്ഷയോടെ ശോഭന തന്നെ നോക്കുകയാണ് ചെയ്തതെന്നും ഫാസില്‍ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. പിന്നീട് ഡയലോഗ് പറഞ്ഞ് താന്‍ കട്ടില്‍ ഒറ്റക്കൈയ്യില്‍ പൊക്കി കാട്ടിക്കൊടുത്തു. ശോഭന അപ്പോള്‍ അമ്പരന്ന് മറ്റുള്ളവരെ നോക്കുകയായിരുന്നു. അതിനു ശേഷം ശോഭന വന്ന് കട്ടിലിനടിയില്‍ നോക്കിയപ്പോഴാണ് സൈറ്റ് അസിസ്റ്റന്റായ അലിയെ കണ്ടത്. അലിയുടെ സഹായത്തോടെയാണ് താനും ശോഭനയും കട്ടില്‍ പൊക്കിയതെന്നും ഫാസില്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് താന്‍ ഉദ്ദേശിച്ചതിലും ഭംഗിയായി ശോഭന ആ രംഗം മനോഹരമാക്കിയതായി ഫാസില്‍ പറയുന്നു.

Related posts