സ്ത്രീകളെ മര്യാദ പഠിപ്പിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സൈബര്‍ ആങ്ങളമാരുടെ ശ്രദ്ധയ്ക്ക്! സോഷ്യല്‍മീഡിയയിലെ ദുരനുഭവത്തോടുള്ള കോട്ടയംകാരിയുടെ പ്രതികരണം ശ്രദ്ധേയമാവുന്നു

താന്‍ നന്നായില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ നാട്ടുകാരെ നന്നാക്കാനുള്ള ഉത്തരവാദിത്വം മുഴുവന്‍ തനിക്കാണെന്നുള്ള ഭാവത്തിലാണ് ഇന്ന് പലരുടെയും ജീവിതം. അക്കൂട്ടത്തില്‍ പെടുന്നവരാണ് സൈബര്‍ ആങ്ങളമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരുകൂട്ടം ആളുകള്‍. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ മര്യാദയും അടക്കവും ഒതുക്കവും പഠിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവര്‍.

സെലിബ്രിറ്റികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെങ്കിലും സോഷ്യല്‍മീഡിയയില്‍ സ്വന്തം ചിത്രങ്ങളോ സ്വന്തം അഭിപ്രായങ്ങളോ രേഖപ്പെടുത്തുന്നവരെയും ഇക്കൂട്ടര്‍ വെറുതേവിടാറില്ല. പിന്നെ, സംസ്‌കാരം പഠിപ്പിക്കലും സദാചാര പ്രസംഗവും, അശ്ലീല, അസഭ്യ കമന്റുകളുമായി ഇക്കൂട്ടര്‍ രംഗത്തെത്തുകയായി. കമന്റ് ബോക്‌സുകളില്‍ പരസ്യമായി പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന ഇക്കൂട്ടര്‍, ഇന്‍ബോക്‌സുകളിലെത്തിയാണ് ആക്രമണം നടത്തുന്നത്.

ഇത്തരത്തില്‍, ഇന്‍ബോക്‌സില്‍ തന്നോട് അസഭ്യം പറഞ്ഞ ഒരു വ്യക്തിയ്ക്കും അതുവഴിയായി സോഷ്യല്‍മീഡിയയിലെ സമാന സ്വഭാവത്തിനുടമകളായവര്‍ക്കും ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിമി സുധാകര്‍ എന്ന കോട്ടയംകാരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ അസഭ്യം പറഞ്ഞ വ്യക്തിയെ തുറന്നുകാട്ടി, അയാള്‍ക്ക് അര്‍ഹതപ്പെട്ട മറുപടി സിമി നല്‍കിയിരിക്കുന്നത്.

ഉചിതമായ മറുപടിയെന്നാണ് പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും. എല്ലാ സ്ത്രീകളും ഇത്തരത്തില്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും നല്ലൊരു ശതമാനം ആളുകളും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. സിമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

ഓരോ പെണ്ണിനേയും നോക്കി വെള്ളമിറക്കുന്ന എല്ലാ പുന്നാര ആങ്ങളമാര്‍ക്കും ഞാനുള്‍പ്പെടുന്ന സ്ത്രീകളുടെ വക ഒരു നമസ്‌ക്കാരം.# ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന,അതില്‍ ഫോട്ടോസ് ഇടുന്ന എല്ലാ സ്ത്രീകളും മോശമാണെന്ന് തോന്നുമ്പോള്‍ വീട്ടിലിരിക്കുന്ന പ്രിയപ്പെട്ട സ്ത്രീജനങ്ങളെ ഒരു നിമിഷം സ്മരിക്കുന്നതു നന്നായിരിക്കും കാരണം നിങ്ങള്‍ അന്യസ്ത്രീകളെ കമന്റുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങള്‍ അറിയാതെ മറ്റുള്ളവരും കമന്റാം.

ഇനി എന്റെ കാര്യം,നല്ല ആരോഗ്യമുള്ള ഒരു പുരുഷന്‍ വീട്ടില്‍ ഉള്ളതിനാല്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. ഞാന്‍ ളയ ഉപയോഗിക്കുന്നത് എന്റെ ആശയങ്ങള്‍ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ ഒരു ഇടം എന്ന നിലയ്ക്കാണ്. ഞാന്‍ ഇടുന്ന ഫോട്ടോസിനൊക്കെ കിടുക്കി, മിടുക്കി എന്നീ ലെവലില്‍ ഉള്ള കമെന്റുകള്‍ വായിക്കുമ്പോഴും എന്റെ പരിമിതികള്‍ മറ്റാരേക്കാളും നന്നായി എനിക്ക് അറിയാവുന്നതിനാല്‍ അതൊക്കെ കണ്ട് ധൃതപുളകിതയാവാറുമില്ല. നിര്‍ദോഷമായവയെ ആ രീതിയില്‍ കാണാറും ഉണ്ട്.

fb യില്‍ ഫോട്ടോ ഇട്ടു വെറുപ്പിക്കരുതെന്നു പറഞ്ഞവരോട് നേരത്തെ പറഞ്ഞ മറുപടി മാത്രമേ ഉള്ളു പറയാന്‍. unfrnd or block me. മിക്കവാറും എല്ലാ സ്ത്രീകളും സമൂഹത്തിലേക്കിറങ്ങാന്‍ മടിക്കുന്നത് തന്നെ ഇങ്ങനെയുള്ള കമന്റകള്‍ പേടിച്ചാണ്. പക്ഷെ ഇത് പെണ്ണ് വേറെയാണ്. ഇനി കാണുന്ന പെണ്ണുങ്ങളൊക്കെ മോശമാണെന്ന് തോന്നുമ്പോള്‍ ഓര്‍ക്കുക അതിന് അവരെ സഹായിക്കുന്ന യന്ത്രം നിങ്ങളുടെ കൈകളില്‍ മാത്രമാണെന്ന്.

NB:-എല്ലാവരെയും ഉദ്ദേശിച്ചല്ല ചിലരെ മാത്രം. ഇതുവരെ മാന്യമായ ഭാഷ.,നിഘണ്ടുവില്‍ ഇല്ലാത്ത$#@&^*ഇതൊക്കെ നമുക്കും അറിയാം സഹോദരാ. ഇനി ഈ പോസ്റ്റ് കണ്ട് അയ്യോ സിമി എന്തൊക്കെയാ എഴുതിയത് മോശമായി എന്നുള്ള കമന്റുമായി ഒരാളും ഈ വഴി വരണ്ട. തെറിക്കുത്തരം മുറിപ്പത്തല്‍ അതാണ് എന്റെ ലൈന്‍. ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണമായ സാഹചര്യം താഴെ കൊടുക്കുന്നു. വേണ്ടി വന്നാല്‍ cyber സെല്ലിലും. അപ്പോള്‍ എല്ലാം പറഞ്ഞപോലെ. ഓര്‍മകള്‍ ഉണ്ടായിരിക്കണം.

Related posts