ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം കണ്ട് ദുബായ് പോലീസ് ഞെട്ടി; പെണ്‍സുഹൃത്തിന്റെ ബുദ്ധിയില്‍ മോഷ്ടിച്ചെടുത്തത് 10 കോടി രൂപ; ഒടുവില്‍ യുവതി പണവുമായി മുങ്ങിയപ്പോള്‍ കൂട്ടുകാരന്‍ പെട്ടു…

ദുബായ്: ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം കൂട്ടുകാരനിലൂടെ നടത്തിയ യുവതി മുങ്ങിയത് മൂന്നു മില്യാണ്‍ ദിര്‍ഹവുമായി. ആകെ അഞ്ചു മില്യണ്‍ ദിര്‍ഹം(പത്തു കോടി രൂപ) മോഷ്ടിച്ചതിനാണ് ഷോപ്പിങ് മാളുകളില്‍ പണം കൊണ്ടു പോകുന്ന ഗാര്‍ഡിനെ അറസ്റ്റു ചെയ്തത്. എന്നാല്‍, എല്ലാം ആസൂത്രണം ചെയ്തത് തന്റെ പെണ്‍സുഹൃത്താണെന്ന് കെനിയന്‍ സ്വദേശിയായ ഗാര്‍്ഡ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് അന്വേഷണ ഉദ്യോഗസ്ഥരാണ്.

മാര്‍ച്ച് നാലിനാണ് സിനിമയെ വെല്ലുന്ന കൊള്ള നടന്നത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റു ഗാര്‍ഡുകളുടെ ശ്രദ്ധമാറ്റിയ ശേഷം പണം അടങ്ങിയ വാഹനം ദൈയ്‌റ സിറ്റി സെന്ററിന് സമീപം നിര്‍ത്തി. കാര്യങ്ങള്‍ ആസൂത്രണം ചെയ്ത കെനിയന്‍ സ്വദേശിയായ വനിത സുഹൃത്ത് ഇവിടെ നില്‍പ്പുണ്ടായിരുന്നു.

മോഷ്ടിച്ച പണത്തില്‍ നിന്നും ഏതാണ്ട് മൂന്നു മില്യണ്‍ ദിര്‍ഹം യുവതി എടുത്തുവെന്നു പ്രതി പൊലീസിനോട് പറഞ്ഞു. ഹമാറിയ ഭാഗത്ത് ജോലി ചെയ്യുമ്പോഴാണ് കെനിയന്‍ സ്വദേശി യുവതിയുമായി പരിചയത്തിലാകുന്നത്. സംഭാഷണത്തിനിടെ ജോലിയുടെ ഭാഗമായി വിവിധ കമ്പനികളില്‍ നിന്ന് പണം ശേഖരിച്ച് അത് കൃത്യമായി മറ്റിടങ്ങളില്‍ എത്തിക്കുന്ന കാര്യവും ഇയാള്‍ പറഞ്ഞു.

എന്നാല്‍, ഈ പണം എന്തു കൊണ്ട് മോഷ്ടിച്ച് നമ്മുക്ക് തുല്യമായി വീതിച്ചെടുത്തുകൂടെന്ന് യുവതി ചോദിച്ചു. തുടര്‍ന്നുള്ള പദ്ധതികളും യുവതി വിശദീകരിച്ചു. താന്‍ യുവതി നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും പണം മോഷ്ടിക്കാമെന്ന് സമ്മതിക്കുകയും ചെയ്തുവെന്ന് അറസ്റ്റിലായ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

സംഭവ ദിവസം പണമിടപാടു കേന്ദ്രങ്ങളില്‍ നിന്നും പണം ഉള്‍പ്പെട്ട പെട്ടിയുമായി വരുമ്പോള്‍ മറ്റു രണ്ട് ഗാര്‍ഡുമാരെയും ഒഴിവാക്കി കെനിയന്‍ സ്വദേശി പണം മോഷ്ടിക്കുകയായിരുന്നു. നേരത്തെ തീരുമാനിച്ചതനുസരിച്ച് ദെയ്‌റ സിറ്റി സെന്ററിലെ ലിഫ്റ്റില്‍ വച്ച് ഇയാള്‍ പെണ്‍സുഹൃത്തിനെ കാണുകയും പണം അടങ്ങിയ പെട്ടി കൈമാറുകയും ചെയ്തു.

കൂടെയുള്ള മറ്റു ഗാര്‍ഡുമാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഉടന്‍ തന്നെ തിരികെ എത്തുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം തന്നെ തിരികെ ഷോപ്പിങ് മാളില്‍ കൊണ്ടു വിടണമെന്നും ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണമെന്നും ഗാര്‍ഡ് ആവശ്യപ്പെട്ടു.തിരികെ മാളില്‍ കയറിയ ഗാര്‍ഡ് ശുചിമുറിയില്‍ കയറി.

പിന്നീട്, പുറത്തുവന്ന് പെണ്‍സുഹൃത്തുള്ള മുറാഖാബാദ് ഭാഗത്തേക്ക് ഒരു ടാക്‌സിയില്‍ പോവുകയും ചെയ്തു. ഇവിടെ വച്ച് യുവതി രണ്ടു മില്യണ്‍ ദിര്‍ഹം ഗാര്‍ഡിന് നല്‍കുകയും ബാക്കി തുക എടുക്കുകയും ചെയ്തുവെന്നാണ് മൊഴി.

ലഭിച്ച പണത്തില്‍ നിന്നും ഒരു വിഹിതം സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന മൂന്നാമത്തെ വ്യക്തിക്ക് കൈമാറി. ഇയാളും ദുബായ് വിട്ടുവെന്നാണ് വിവരം. തുടര്‍ന്ന് അല്‍ നഹ്ദയില്‍ എത്തിയ പ്രതി നാലാമത്തെ ആളുമായി കൂടിക്കാഴ്ച നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ 24,000 ദിര്‍ഹം നല്‍കുകയും ചെയ്തു.

ഇയാളെ ദുബായ് പൊലീസ് പിടികൂടി. എന്നാല്‍, മോഷ്ടിച്ച പണമാണ് തനിക്ക് നല്‍കിയതെന്ന് അറിയില്ലായിരുന്നുവെന്നും ലഭിച്ച പണത്തിന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങിയെന്നും ഇയാള്‍ മൊഴി നല്‍കി.

മുഖ്യപ്രതിയെ അല്‍ നഹ്ദയിലെ താമസസ്ഥലത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. മോഷണം പോയെന്നു കരുതുന്ന പണത്തിന്റെ ചെറിയൊരു ഭാഗം പൊലീസ് കണ്ടെത്തി. വിലകൂടിയ വാച്ചുകള്‍ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും താമസസ്ഥലത്ത് കണ്ടെത്തി. മോഷ്ടിച്ച പണം കൊണ്ടാണ് ഇവ വാങ്ങിയത് എന്നാണ് കരുതുന്നത്.

Related posts