കളി കഴിഞ്ഞപ്പോള്‍ ഗുഹയിലേക്ക് കയറിയത് ചുമ്മാ ഒരു രസത്തിന് ! കനത്ത മഴയില്‍ വെള്ളം തള്ളിക്കയറിയപ്പോള്‍ അകത്തേക്ക് ഒഴുകിപ്പോയി; താം ലുവാങ് ഗുഹയില്‍ പെട്ടതെങ്ങനെയെന്ന് വിശദീകരിച്ച് കുട്ടികള്‍

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട കുട്ടികള്‍ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ലോകം. പരിശീലകനും 12 അംഗ ഫുട്‌ബോള്‍ ടീമും രണ്ടാഴ്ച ഗുഹയ്ക്കകത്തു കഴിഞ്ഞതിനു ശേഷമാണ് പുറംലോകം കണ്ടത്. യഥാര്‍ഥത്തില്‍ ഒരു മണിക്കൂര്‍ ചിലവഴിക്കാനായാണ് കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ കടന്നത് എന്നാല്‍ അപകടകരമായ നിലയില്‍ ഗുഹയിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയത് ഇവരെ അപകടത്തിലാക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് 12 കളിക്കാരേയും അവരുടെ 25 കാരനായ പരിശീലകനെയും രക്ഷാപ്രവര്‍ത്തകര്‍ വെളിയില്‍ കൊണ്ടുവന്നത്. തായ് നേവി സീലുകളും അന്താരാഷ്ട്ര ഡൈവിംഗ് സംഘവും ഗുഹാ വിദഗ്ദ്ധരുമെല്ലാം ചേര്‍ന്നപ്പോള്‍ ചൊവ്വാഴ്ച എല്ലാവരേയും രക്ഷപ്പെടുത്തി.

ജൂണ്‍ 23 നായിരുന്നു വടക്കന്‍ പ്രവിശ്യയായ ചിയാംഗ് റായിയിലെ താം ലുവാംഗ് ഗുഹയില്‍ കുട്ടികള്‍ പോയത്. കളിയ്ക്കു ശേഷം ഒരു വിനോദത്തിനായാണ് ഗുഹയില്‍ കയറിയത്. എന്നാല്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞപ്പോള്‍ ഇവര്‍ ഗുഹയില്‍ അകപ്പെടുകയായിരുന്നു.കളികഴിഞ്ഞ് ഗുഹകാണാന്‍ പോകുമെന്ന് മകന്‍ പറഞ്ഞിരുന്നുവെന്നും എല്ലാം കൂടി ഒരു മണിക്കൂര്‍ എന്നായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് വൈല്‍ഡ് ബോര്‍സ് ഫുട്ബോള്‍ ടീം നായകന്റെ പിതാവ് ബാന്‍പോര്‍ട്ട് കോണ്‍കാം പറയുന്നു. അവര്‍ ഉള്ളിലേക്ക് കടന്നതും ഗുഹാമുഖത്ത് കനത്ത മഴ പെയ്ത് എല്ലാവരേയും ഉള്ളിലേക്ക് ഒഴുക്കിക്കൊണ്ടു പോയി. ജൂലൈ രണ്ടിനായിരുന്നു രണ്ടു ബ്രിട്ടീഷ് ഡൈവര്‍മാര്‍ കുട്ടികളെ കണ്ടെത്തിയത്. വെള്ളം നിറഞ്ഞ ഗുഹയില്‍ നാലു കിലോമീറ്റര്‍ അപ്പുറത്ത് മണ്‍കൂനയ്ക്ക് മുകളില്‍ ഇരിക്കുന്ന നിലയില്‍ 13 പേരെ കണ്ടെത്തുകയായിരുന്നു. അപ്പോഴേയ്ക്കും ഇവര്‍ എത്തിയിട്ട് ഒമ്പതു ദിവസം പിന്നിട്ടിരുന്നു.

പെട്ടെന്ന് വെള്ളം കയറുന്ന ഗുഹയിലൂടെ അവരെ എങ്ങിനെ പുറത്തു കൊണ്ടുവരാം എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ ഭീതി. എല്ലാവരേയും പുറത്തെത്തിച്ചപ്പോള്‍ കുട്ടികളെ ജീവനോടെ തിരികെ കൊണ്ടുവരാന്‍ സാധിച്ചതിന്റെ എല്ലാ നേട്ടവും കുട്ടികള്‍ക്കൊപ്പം ഗുഹയില്‍ ഉണ്ടായിരുന്ന പരിശീലകന്‍ ഏകാപ്പോള്‍ ചന്ദാവോംഗിനാണ് മാതാപിതാക്കള്‍ നല്‍കിയത്. ഒമ്പതാം ദിവസം രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ കനത്ത ഇരുളില്‍ കൊടും പട്ടിണിയില്‍ കടുത്ത ഈര്‍പ്പത്തില്‍ കുട്ടികളെ മനസ്സാന്നിദ്ധ്യത്തോടെ കാത്തത് ഏക് എന്ന വിളിക്കുന്ന ഏകാപ്പോളായിരുന്നു.

ഇരുട്ടത്ത് ഒന്നും ചെയ്യാന്‍ കഴിയാതെ കുട്ടികള്‍ നിശബ്ദമായി ഇരുന്നു. കുട്ടികള്‍ക്ക് വിശന്നപ്പോള്‍ ഏക് മുകളിലെ ചുണ്ണാമ്പു കല്ലിലേക്ക് ഫ്ളാഷ് ലൈറ്റ് തെളിച്ചു കാട്ടി. ഗുഹാഭിത്തിയിലൂടെയും ചുണ്ണാമ്പുകല്ലിലൂടെയും ഒലിച്ചിറങ്ങിയ വെള്ളമായിരുന്നു അവരുടെ ഭക്ഷണം. ചിലന്തികളും പഴുതാരകളും കടവാവലുകളും ഉള്‍പ്പെടെയുള്ള ജീവികളുടെ ആവാസകേന്ദ്രമായ ഗുഹയില്‍ നിന്നും കുട്ടികള്‍ക്ക് പ്ലേഗ് ഉള്‍പ്പെടെയുള്ള അണുബാധ ഭീതി ഉണ്ടായിരുന്നതിനാല്‍ ഗുഹയില്‍ നിന്നും മോചിപ്പിച്ച ഉടന്‍ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. മാതാപിതാക്കള്‍ പോലും കുട്ടികളെ കണ്ടത് ആശുപത്രിയിലെ ചില്ലുമറയ്ക്ക് പിന്നില്‍ നിന്നായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് അണുബാധയില്ലെന്ന് ഉറപ്പായതോടെയാണ് മാതാപിതാക്കളെ ആശ്ലേഷിക്കാന്‍ പോലും അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനം ഏമകാപിപ്പിച്ച നേവി സീലുകള്‍ക്കും ഡൈവര്‍മാരുടെ അന്താരാഷ്ട്ര ടീമിനും അഭിനന്ദനങ്ങള്‍ ഏറുകയാണ്. അപകടകരമായ സാഹചര്യത്തില്‍ പോലും കുട്ടികളെ എല്ലാവരേയും പുറത്തെടുത്തെങ്കിലും നേവി സീലിലെ ഒരു ഡൈവര്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഒമ്പതു ദിവസമായി കുടുങ്ങിയ കുട്ടികളെ ആദ്യം കണ്ടെത്തിയത് ബ്രിട്ടീഷ് ഡൈവര്‍ ജോണ്‍ വൊളാന്തനായിരുന്നു. നിങ്ങള്‍ എത്രപേരുണ്ട് എന്ന ചോദ്യത്തിന് കൂട്ടത്തില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ ബഹുഭാഷാ പരിജ്ഞാനം ഉണ്ടായിരുന്ന ഏക വിദ്യാര്‍ത്ഥിയാണ് 13 എന്ന് മറുപടി നല്‍കിയത്. ആ സമയത്ത് തന്നെ വീഡിയോ തായ് സീലുകള്‍ പോസ്റ്റ് ചെയ്യുകയും ഉണ്ടായി. തായ് സീലുകളും അന്താരാഷ്ട്ര ഡൈവര്‍മാരും ഉള്‍പ്പെടെ രക്ഷപ്രവര്‍ത്തന ടീമിന് അഞ്ചുവര്‍ഷത്തെ വിസ ഉള്‍പ്പെടെ അഞ്ചു ലക്ഷം ബാത്ത് മൂല്യം വരുന്ന തായ്ലന്റ് എലൈറ്റ് കാര്‍ഡും നല്‍കിയാണ് പ്രധാനമന്ത്രി പ്രയുത്ത് ചാന്‍ ഒക്കാ ആദരിച്ചത്.

Related posts