Set us Home Page

തല പോലെ വരുമാ! സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞുള്ള തട്ടിപ്പ് കൊച്ചിയില്‍ പെരുകുന്നു; റിഷിന്‍ തോമസിന്റെ ഇരകളെല്ലാം വലിയ വീട്ടിലെ സ്ത്രീകള്‍…

കൊച്ചി: സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കൊച്ചിയില്‍ വ്യാപകമാവുന്നു. ഇത്തരത്തിലുള്ള വാഗ്ദാനം നല്‍കി ലക്ഷക്കണക്കിനു രൂപയും കാറുകളും കൈക്കലാക്കിയ യുവാവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തരം തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍ വെളിവായത്. മോഹനവാഗ്ദാനങ്ങളില്‍ പെടുത്തി പണം തട്ടിയെടുക്കുന്നവരുടെ പ്രധാന ഇരകള്‍ വലിയ വീട്ടിലെ സ്ത്രീകളാണ്. കാലടി ഈസ്റ്റ് വില്ലേജ് കാഞ്ഞൂര്‍ തണ്ണിക്കോട്ട് വീട്ടില്‍ റിഷിന്‍ തോമസ്(36) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായത്.

എറണാകുളം ഹൈക്കോടതി പരിസരത്തുനിന്ന് പൊലീസ് തന്ത്രപൂര്‍വം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുരീക്കാട് സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപയും ഇന്നോവ കാറുമാണ് തട്ടിപ്പിലൂടെ ഇയാള്‍ കൈക്കലാക്കിയത്. തമിഴ് സിനിമയായ ‘തല പോലെ വരുമോ’ എന്ന സിനിമ കന്നഡ നടന്‍ തേജസിനെ വച്ച് നിര്‍മ്മിക്കുന്നുണ്ടെന്നും അതില്‍ പങ്കാളിയാക്കാം എന്നും വിശ്വസിപ്പിച്ച് ഒരു വര്‍ഷം മുന്‍പാണ് കാറും പണവും തട്ടിയത്. പണത്തിനൊപ്പം വാഹനങ്ങളും തട്ടുകയാണ് ഇയാളുടെ രീതി. ചോറ്റാനിക്കര കടുംഗമംഗലം സ്വദേശിനിയായ സ്ത്രീയില്‍ നിന്ന് എട്ടു ലക്ഷം രൂപയും ഒരു വാഗണര്‍ കാറും തട്ടിയെടുത്തതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ റിഷിന്‍ വെളിപ്പെടുത്തി.

അഞ്ചു സെന്റ് സ്ഥലവും വീടും സിനിമയില്‍ പങ്കാളിത്തവും നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പലതവണ ഇയാളുമായി ബന്ധപ്പെട്ടിട്ടും വാഗ്ദാനം നല്‍കിയ അഞ്ചു സെന്റ് സ്ഥലമോ വീടോ നല്‍കിയില്ല. സിനിമയില്‍ പങ്കാളിയുമാക്കിയില്ല. ഇക്കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ലൊക്കേഷനിലാണെന്നും മറ്റുമാണ് പറഞ്ഞിരുന്നത്. ആറു മാസം മുമ്പായിരുന്നു ഈ സംഭവം. തട്ടിപ്പിനിരയായവരുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഇന്നോവ കാര്‍ കോയമ്പത്തൂരില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് പണയത്തിലാണെന്നു മനസ്സിലാക്കി. എന്നാല്‍ ആദ്യം തട്ടിയ വാഗണര്‍ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി ആളുകളെ ഇപ്രകാരം ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് പോലീസ് കരുതുന്നത്. സ്വന്തമായി വീടോ ജോലിയോ ഇല്ലാത്ത ഇയാള്‍ തട്ടിപ്പ് മുഖ്യ തൊഴിലാക്കുകയായിരുന്നു എന്നാണ് വിവരം.

ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 87 ലക്ഷം രൂപ തട്ടിയെന്ന് പറഞ്ഞ് സമാനമായ പരാതിയും ലഭിച്ചതായി എസ്‌ഐ പറയുന്നു. പ്രണയം നടിച്ച് ഒരു സ്ത്രീയില്‍ നിന്ന് തട്ടിയെടുത്തതാണിതെന്നാണ് വിവരം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ത്രീയില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ മാധ്യമങ്ങള്‍ക്ക് നല്‍കാനാകൂവെന്നും എസ്ഐ അറിയിച്ചു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് എറണാകുളം സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരു പ്രോഡക്ഷന്‍ കണ്‍ട്രോളറും അറസ്റ്റിലായിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്നും സിനിമ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞും ലക്ഷക്കണക്കിന് രൂപകള്‍ തട്ടിയ നിരവധി പരാതികളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു.സിനിമ മേഖലയില്‍ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നും കേസ് എടുത്ത് എഫ്.ഐ.ആര്‍ ഇടുന്നതിന് മുമ്പേ തന്നെ പല കേസുകളിലും പരാതിക്കാരനുമായി പ്രതികള്‍ ധാരണയിലെത്താറുണ്ടെന്നും പോലീസ് പറയുന്നു. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും പോലീസ് നോക്കുകുത്തിയാവുകയാണെന്നും ചില പോലീസുകാര്‍ പറയുന്നു.

 

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS