കളി ഞങ്ങളോടു വേണ്ട! ഭര്‍ത്താവിന്റെ സുഹൃത്തായി ചമഞ്ഞ് വീട്ടിലെത്തി പണം തട്ടിയ ആളെ വീട്ടമ്മമാര്‍ ഓടിച്ചിട്ട് പിടികൂടി

froad600കോട്ടയം: ഭര്‍ത്താവിന്റെ സുഹൃത്തായി ചമഞ്ഞ് വീട്ടിലെത്തി തട്ടിപ്പ് നടത്തിയയാളെ വീട്ടമ്മമാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കിടങ്ങൂര്‍ തെക്കേമഠം വേണുഗോപാല്‍(43) ആണ് എസ്എച്ച് മൗണ്ട് പടിഞ്ഞാറേതില്‍ രമ്യ പ്രകാശ് , രാഖി രതീഷ് എന്നീ വീട്ടമ്മമാരുടെ മിടുക്കിനു മുമ്പില്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. മാന്യമായ വേഷത്തില്‍ ഇംഗ്ലീഷ് സംസാരിച്ചു വീട്ടിലെത്തിയ വേണുഗോപാല്‍ രമ്യയുടെ ഭര്‍ത്താവ് പ്രകാശ് സൗദിയില്‍ നിന്നു കൊടുത്തുവിട്ട സര്‍പ്രൈസ് സമ്മാനം നല്‍കാനെത്തിയതാണെന്ന് അറിയിക്കുകയായിരുന്നു.

പ്രകാശിന്റെയൊപ്പം ജോലി ചെയ്യുന്ന ബന്ധു ഭാര്യയുടെ പ്രസവത്തിനായി തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്ന് ഇയാള്‍ ഇവരോടു പറഞ്ഞു. പ്രകാശ് അയാളുടെ പക്കല്‍ കൊടുത്തുവിട്ട സമ്മാനം കൊറിയറായി കോട്ടയത്തെത്തിയിട്ടുണ്ടെന്നും ഇതിന്റെ ചാര്‍ജായി 800 രൂപ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് ഭര്‍ത്താവ് സമ്മാനം അയച്ചതാണെന്നു കരുതി രമ്യ കൈയ്യിലിരുന്ന 300 രൂപയും തൊട്ടടുത്ത വീട്ടില്‍ നിന്ന് കടംവാങ്ങിയ 500 രൂപയും ചേര്‍ത്ത് 800 രൂപ വേണുഗോപാലിന് നല്‍കി.

ഇയാള്‍ പറഞ്ഞത് ശരിയാണോയെന്നറിയാന്‍ പ്രകാശിനെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. പണം കൈയ്യിലെത്തിയതോടെ വേണുഗോപാല്‍ സ്ഥലംവിടുകയും ചെയ്തു. പ്രകാശിനെ വീണ്ടും വിളിച്ചപ്പോള്‍ ഇങ്ങനെയൊരു സമ്മാനം കൊടുത്തുവിട്ടിട്ടില്ലെന്നു വ്യക്തമായി. തുടര്‍ന്ന് രമ്യയും സഹോദരഭാര്യ രാഖിയും ചേര്‍ന്ന് വേണുഗോപാലിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വൈകിട്ട് തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിനു പോകാനായി ബസില്‍ വരുമ്പോള്‍ വേണുഗോപാല്‍ നാഗമ്പടത്തെ ബിവറേജസ് ഷോപ്പിനു മുമ്പില്‍ നില്‍ക്കുന്നത് രമ്യയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് രമ്യയും രാഖിയും ബസ് നിര്‍ത്തിച്ച് ഇറങ്ങി ഇയാളെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. വേണുഗോപാല്‍ ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ചേര്‍ന്ന് ഇയാളെ പിടികൂടി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Related posts