കൗതുകക്കാഴ്ച..! കേരളം കാണാനെത്തിയ ഫ്രഞ്ചുകാരന്‍ മേസ്തിരിയായി; അവസരം കിട്ടിയാല്‍ ഇനിയും വരുമെന്ന് ജെറമിയ

frenchസി.കെ. പോള്‍
ചാലക്കുടി: ടൂറിസ്റ്റുകളായി ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ കാഴ്ചകള്‍ കണ്ട് ചുറ്റിക്കറങ്ങി നടക്കുമ്പോള്‍ ഒരു വിദേശി കെട്ടിടനിര്‍മാണത്തിനു സിമന്റ് കൂട്ടിയും ചുമന്നുകൊടുത്തും കഠിനാധ്വാനം ചെയ്യുന്നതു വേറിട്ട കാഴ്ചയായി. ഫ്രാന്‍സില്‍നിന്നും കേരളത്തിലെത്തിയ ജെറമിയ(24) എന്ന യുവാവാണ് നാട്ടുകാര്‍ക്കു കൗതുകമായത്. മേലൂര്‍ കോണ്‍വെന്റിനു സമീപം ആര്‍ട്ടിസ്റ്റ് ജോഷ്വയുടെ വീടിനോടനുബന്ധിച്ച് ആര്‍ട്ട് ഗാലറിയുടെ നിര്‍മാണത്തിലാണ് ജെറമിയയുടെ അധ്വാനം.

കൊച്ചിയില്‍വച്ചാണ് ആര്‍ട്ടിസ്റ്റ് ജോഷ്വയെ ജെറമിയ പരിചയപ്പെടുന്നത്. കൊച്ചിയില്‍ ജോഷ്വ നടത്തിയിരുന്ന ടുവേഡ്‌സ് ടെലിപ്പതിസം എക്‌സിബിഷന്റെ പോസ്റ്ററുകള്‍ കണ്ടാണ് ജോഷ്വയെ തേടിയെത്തിയത്. ന്യൂ ഇയര്‍ ആഘോഷത്തിനുശേഷം മേലൂരിലേക്ക് ഒരു കൂട്ടുകാരനോടൊപ്പമെത്തിയ ജെറമിയ ഇവിടെ തങ്ങുകയായിരുന്നു. കൂട്ടുകാരന്‍ പാലക്കാട്ടേക്കു പോയി. ഓര്‍ഗാനിക് ഫാമിംഗ് വിദ്യാര്‍ഥിയായ ജെറമിയ മേലൂരിലെ വിവിധ കൃഷികള്‍ കണ്ട് താത്പര്യം തോന്നിയാണ് മേലൂരില്‍ തങ്ങിയത്.

ജോഷ്വയുടെ വീട്ടില്‍ അതിഥിയായെത്തിയ ജെറമിയ വീട്ടുകാരനായി. ജോഷ്വയുടെ ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം കണ്ടപ്പോള്‍ വെറുതെ ഇരുന്നില്ല. മറ്റു തൊഴിലാളികളോടൊപ്പം ജെറമിയയും കൂടി. സിമന്റ് കൂട്ടാനും സിമന്റ് കട്ടകള്‍ ചുമക്കാനും വിദേശി ഒപ്പംകൂടിയപ്പോള്‍ മറ്റു തൊഴിലാളികള്‍ക്കും ആവേശം.  തൊഴിലാളികള്‍ മുറി ഇംഗ്ലീഷില്‍ ജെറമിയയുമായി തമാശകള്‍ പങ്കുവച്ചു. ഇതിനിടയില്‍ അടുക്കളയില്‍ പോയി ജെറമിയ ചായ തിളപ്പിച്ച് തൊഴിലാളികള്‍ക്കു നല്‍കി. ജോഷ്വയുടെ വീട്ടിലെ പാചകത്തിലും ജെറമിയ കൂടിയിരുന്നു. സാധാരണ ചോറും കറികളും തന്നെയാണ് ജെറമിയയുടെ ഭക്ഷണം. പച്ചക്കറികളോടാണ്  താത്പര്യം. ഡ്രം വായിക്കുന്ന ജെറമിയ ജംഗഌ കളിക്കാനും വ്ിദഗ്ധനാണ്. ഒരാഴ്ച ഇവിടെ തങ്ങിയശേഷം തമിഴ്‌നാട്ടിലേക്കു പോകും. ഫെബ്രുവരിയില്‍ നാട്ടിലേക്കു മടങ്ങും.

മുമ്പ് ഇറ്റലി, സ്‌പെയിന്‍, ഹംഗറി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ജെറമിയയയ്ക്ക് കേരളം ഏറെ ഇഷ്ടപ്പെട്ടു. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടശേഷമാണ് മേലൂരില്‍ എത്തിയത്. കേരളം വളരെ ഭംഗിയുള്ള സ്ഥലമാണ്. ചിരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. മറ്റു രാജ്യങ്ങളില്‍ ജനങ്ങള്‍ എപ്പോഴും മുഖത്തു ഗൗരവമുള്ളവരാണ്. ചിരിക്കുന്നത് അപൂര്‍വമാണ്: ജെറമിയ പറയുന്നു.
ഓരോ വര്‍ഷവും ഓരോ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന താന്‍ അവസരം കിട്ടിയാല്‍ ഇനിയും കേരളത്തില്‍ വരുമെന്നും ജെറമിയ പറഞ്ഞു.

Related posts