മരിച്ച രാജതങ്കം തനിത്തങ്കമെന്ന് പത്തുകാണിയിലെ ജനങ്ങള്‍;കൊലപാതകങ്ങള്‍ക്കു പിന്നില്‍ രാജതങ്കത്തിന്റെ മകന്‍ കേദലെന്നു സംശയം; ഇയാള്‍ മയക്കുമരുന്നിന് അടിമ

GENE6006 തിരുവനന്തപുരം : നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തകേട്ട് ഞെട്ടിയിരിക്കുകയാണ് പത്തുകാണി ഗ്രാമനിവാസികള്‍. കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലാണ് പത്തുകാണി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊല്ലപ്പെട്ട പ്രൊഫസര്‍ രാജതങ്കവും കുടുംബവും ഇവിടുത്തുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. കാളിമലയ്ക്ക് താഴെ കോടികളുടെ ആസ്തിയുള്ള രാജതങ്കത്തിന്റെ മരണം ഈ പ്രദേശവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുഃഖത്തിലാക്കി. മാസത്തിലൊരിക്കാല്‍ ഇവിടെ വന്നുപോകുന്ന രാജതങ്കത്തെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതു മാത്രമേ പറയാനുള്ളു. രാജതങ്കത്തിന്റെ മകന്‍ കേദലിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസും ഇവിടെയും എത്തിയിരുന്നു. ഈ പ്രദേശത്ത് കേദല്‍ ഒളിച്ചു താമസിക്കാനുള്ള സാധ്യത തേടിയാണ് പോലീസ് എത്തിയത്.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള എട്ട് മന്ത്രിമാര്‍ താമസിക്കുന്ന ക്ലിഫ് ഹൗസിനു സമീപം നടന്ന കൊലപാതകം കേരളാപോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. നന്തന്‍കോട്ട് രാജ തങ്കം, ഭാര്യ റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, ദമ്പദികളുടെ മകള്‍ കാരളിന്‍, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്. ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന മകള്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങള്‍. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. ഇവരുടെ ഒപ്പമുണ്ടായിരുന്ന മകന്‍ കേദലിനെ കാണാതായതോടെയാണ് പോലീസിന്റെ സംശയം ഇയാളിലേക്ക് നീണ്ടത്. കൊലനടത്തിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയ്ക്കാണ് വെള്ളറടയ്ക്കടുത്തുള്ള കൊച്ചു ഗ്രാമത്തിലെ രാജതങ്കത്തിന്റെ സ്വത്തിനെ കുറിച്ച് പൊലീസ് മനസ്സിലാക്കുന്നത്. ഇതോടെ പരിശോധന അവിടേയും തുടങ്ങി. കാളിമലയ്ക്ക് താഴെ പത്ത് ഏക്കറില്‍ അധികം റബ്ബര്‍ തോട്ടം രാജതങ്കത്തിനുണ്ട്. ഇവിടേയും വീടുണ്ട്. മൂന്നര ഏക്കറിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കാര്യങ്ങള്‍ അന്വേഷിക്കാനും മറ്റും കാര്യസ്ഥനുമുണ്ട്. വല്ലപ്പോഴും മാത്രമാണ് രാജതങ്കം വന്നു പോകാറുള്ളത്. നാട്ടുകാരോടെല്ലാം നല്ല രീതിയിലാണ് പെരുമാറ്റം. അതുകൊണ്ട് തന്നെ ഈ മുതലാളിയെ ഇവിടുത്തുകാര്‍ക്ക് ഏറെ ഇഷ്ടവുമാണ്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് രാജതങ്കം കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. ആളുകളോടു തിരക്കിയതില്‍ നിന്ന് മകന്‍ ഇവിടെ വന്നിട്ടില്ലെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.

കോടിക്കണക്കിന് രൂപയുടെ റബ്ബര്‍ ഷീറ്റുകളും മറ്റും രാജതങ്കം ശേഖരിച്ചു വച്ചിട്ടുള്ളതായും പൊലീസ് മനസ്സിലാക്കി. റബ്ബര്‍ പാല്‍ ശേഖരിക്കുന്നതിനും അത് ഷീറ്റാക്കുന്നതിനുള്ള യന്ത്ര സംവിധാനവും ഇവിടെയുണ്ട്. ഇതെല്ലാം നോക്കി നടത്തുന്നത് കാര്യസ്ഥന്‍ മാത്രമാണ്. രണ്ട് കൊല്ലം മുമ്പാണ് ഇവിടെ ഇദ്ദേഹം വസ്തു വാങ്ങിയതെന്നാണ് ലഭിക്കുന്ന സൂചന. മാര്‍ത്താണ്ഡം നേശമണി കോളേജില്‍ ഹിസ്റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം അതിന് ശേഷമാണ് ഇവിടെ കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തില്‍ വസ്തു വാങ്ങിയത്. കുടുംബാഗങ്ങള്‍ക്കും ഈ സ്ഥലത്തെ കുറിച്ച് അറിയാം. ഇവിടെ എത്തുമ്പോള്‍ ഓടിക്കാന്‍ അംബാസിഡര്‍ കാറുമുണ്ടായിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും ഇവിടെ രാജതങ്കം എത്തുമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും രാജതങ്കത്തിനില്ലായിരുന്നു. മകന്റെ മയക്കുമരുന്നുപയോഗമാണ് ഇയാളെ സംശയിക്കാനുള്ള കാരണം. ഇയാളെ പിടികൂടിയാല്‍ മാത്രമേ എന്തെങ്കിലും സൂചന ലഭിക്കൂ.

ഓസ്‌ട്രേലിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സിഇഒ ആയ കേദല്‍ അവധിക്ക് നാട്ടില്‍ വന്നതാണ്. ഇയാള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണ് ലഭിക്കുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നും കേദല്‍ പറഞ്ഞതായി ജീന്‍ പത്മയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. മൂന്ന് ദിവസമായി അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും സഹോദരന്‍ പറഞ്ഞു.

തമിഴ്‌നാട് അതിര്‍ത്തിയില്‍ തോട്ടവും വീടുമുള്ളതിനാല്‍ അവിടേക്ക പോയതാകാമെന്നും ഇവര്‍ കരുതി. റേഞ്ച് പ്രശ്‌നം കാരണം ഫോണില്‍ കിട്ടാത്തതാണെന്നും ആശ്വസിച്ചു. ഇതിനിടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. സൗമ്യനും മൃദുഭാഷിയുമാണ് രാജതങ്കമെന്ന് ക്ലിഫ് ഹൗസിലെ അയല്‍വാസികളും പറയുന്നു. ഏവരെയും സഹായിക്കുമായിരുന്ന പ്രൊഫസറുടെ കുടുംബത്തിലുണ്ടായ ദുരന്തം പ്രദേശവാസികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

Related posts