സ്ത്രീകളെ അപമാനിക്കുകയോ വിലകുറച്ചു കാണുകയോ ചെയ്യുന്ന ആളല്ല മമ്മൂട്ടി! ഞാനത് പറയാന്‍ വ്യക്തമായ കാരണങ്ങളുമുണ്ട്; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള സംഭാഷണങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചു എന്നതിന്റെ പേരില്‍ വലിയ വിവാദങ്ങളും ചര്‍ച്ചകളും ഉടലെടുത്തിരുന്നു. നടി പാര്‍വതിയാണ് കസബ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഡയലോഗുകള്‍ സ്ത്രീ വിരുദ്ധമായിരുന്നു എന്ന് ആദ്യം വിമര്‍ശനം ഉന്നയിച്ചത്.

എന്നാല്‍ സ്ത്രീകളെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുന്ന വ്യക്തിയല്ല മമ്മൂട്ടിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍. അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്. ആ സിനിമകളുടെ എഴുത്ത് അങ്ങനെ ആയിരുന്നതിനാലാണത്.

വ്യക്തിപരമായി സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരു വാക്ക് പോലും പറയാത്ത ആളാണ് മമ്മൂട്ടിയെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായും ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

എനിക്ക് വാപ്പച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും. സിനിമ കൊണ്ടോ, അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്.

പൊതുവേദികളില്‍ ഒരിക്കല്‍പ്പോലും സ്ത്രീകള്‍ക്കെതിരായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. ആരെയും മനപ്പൂര്‍വ്വം വേദനിപ്പിക്കുന്ന ആളല്ല. സിനിമകളിലൂടെ രാഷ്ട്രീയമല്ല, മറിച്ച് നിലപാടുകള്‍ പങ്കുവെയ്ക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത്. തന്റെ സിനിമകളില്‍ ഇതുവരെ സ്ത്രീകളെ അപമാനിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.

എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതപ്പെട്ട സിനിമകള്‍ അങ്ങനെയുള്ളതായിരുന്നു. അന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അഭിനേതാക്കളും ഇതേക്കുറിച്ച് ഗ്രാഹ്യമുള്ളവരായിരുന്നില്ല. ഇപ്പോഴുള്ള തലമുറയില്‍ എല്ലാവരും ഇത്തരം കാര്യങ്ങളില്‍ ബോധ്യമുള്ളവരാണ്. ദുല്‍ഖര്‍ പറഞ്ഞു.

Related posts