ആറാം വയസില്‍ ചുവന്ന തെരുവില്‍ എത്തപ്പെട്ടു; വേശ്യാലയത്തില്‍ വിറ്റത് മാതാപിതാക്കള്‍; ഇന്ന് നിയമ പഠനം നടത്തുന്ന പെണ്‍കുട്ടിയുടെ കഥ അറിയാം…

123ചിലരുടെ വിധി ഇങ്ങനെയാണ്. കാത്തുരക്ഷിക്കേണ്ട മാതാപിതാക്കള്‍ തന്നെ അവരെ കുരുതി കൊടുക്കുമ്പോള്‍ അവര്‍ ഈ ലോകത്തിനു മുമ്പില്‍ നിസ്സഹായയാവും. ഇഷിക എന്ന ബംഗാളി പെണ്‍കുട്ടിയ്്ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ലോകത്തിന്റെ കണ്ണു നനയിക്കുന്നതാണ്.  ഇഷികയ്ക്ക് ഇന്ന് പ്രായം 24 വയസ്സ്, ആറാം വയസ്സില്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയതാണ് ഇഷിക. എന്നാല്‍ ഇഷികയുടെ ആ യാത്ര അവസാനിച്ചത് ചുവന്നതെരുവിലായിരുന്നു. സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് അവളെ അവിടെ ഉപേക്ഷിച്ചത്. ദാരിദ്ര്യം എന്ന പതിവു കാരണമായിരിക്കാം അവരെ ഇതിനു പ്രേരിപ്പിച്ചത് എന്നു പൊതുവത്ക്കരിക്കാം. എന്നിരുന്നാലും വിധി ഇഷികയെ ബാല വേശ്യാവൃത്തിയുടെ ഇരയാക്കി.

ചുറ്റും അവളെ പോലെ നൂറുകണക്കിന് ആളുകള്‍. വിഷമങ്ങളും പരാധീനതകളും പരിഭവങ്ങളും എല്ലാവര്‍ക്കും തുല്യം, അതിനാല്‍ തന്നെ അവ പങ്കുവയ്ക്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഏകദേശം 20 മില്യണ്‍ ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ 16 മില്യണ്‍ ആളുകള്‍ നിര്‍ബന്ധിത ലൈംഗികവൃത്തിയുടെ ഇരകളാണ് എന്നത് മറ്റൊരു യാഥാര്‍ഥ്യം.
ഏകദേശം അഞ്ച് വര്‍ഷക്കാലം ഇഷിക ബാല ലൈംഗികവൃത്തിയുടെ ഇരയായി. അതിനു ശേഷം പതിനൊന്നാം വയസ്സിലാണ് ചുവന്നതെരുവുകളില്‍ നിന്നും ലൈംഗിക തൊഴിലാളികളെ രക്ഷിച്ച് നല്ലൊരു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള സംഘടനയായ സാന്‍ലാപ് ഇഷികയെ രക്ഷിക്കുന്നത്. അപ്പോള്‍ തനിക്ക് സംഭവിച്ച കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു അവള്‍.

പിന്നീട് കൗണ്‍സിലിംഗിന്റെ ദിനങ്ങളായിരുന്നു. ഒടുവില്‍ അവള്‍ ജീവിതം തിരികെപ്പിടിച്ചു. അതിനുശേഷം പഠനം ആരംഭിച്ചു. തനിക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ചുള്ള തിരിച്ചറിവുംനിയമബോധവുമാണ് ഇഷികയെ പിന്നീട് ജീവിക്കാന്‍ പ്രേരിപ്പിച്ചത്. താന്‍ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുമ്പോള്‍, തന്നെ ഈ അവസ്ഥയില്‍ എത്തിച്ചവര്‍ പുറത്ത് സുഖിക്കുന്നു എന്ന ചിന്തയില്‍ നിന്നും ഇഷിക നിയമയുദ്ധം ആരംഭിച്ചു. 2003 ല്‍ അവള്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തവര്‍ക്കെതിരെ കേസ് നല്‍കി. 13 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കേസിനു വിധിയുണ്ടായില്ല. തുടര്‍ന്നാണ് നിയമം പഠിക്കാം എന്ന തീരുമാനത്തില്‍ ഇഷിക എത്തിച്ചേര്‍ന്നത്.

ഇഷികയുടെ തീരുമാനത്തിന് സാന്‍ലാപ് അധികൃതര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അപരാധികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. താന്‍ അനുഭവിച്ച വേദനകളും യാതനകളും ഇനി ആര്‍ക്കും ഉണ്ടാകരുത്, പ്രതികരിക്കാന്‍ എങ്കിലും ഇനിയുള്ള തലമുറ പഠിക്കണം. താന്‍ നടത്താന്‍ പോകുന്ന നിയമയുദ്ധങ്ങള്‍ ഇനി അതിനുള്ളതായിരിക്കും. ഇഷികയ്ക്ക ഉറച്ച ബോധ്യമുണ്ട്.

Related posts