പോലീസ് ലുക്കൗട്ട് നോട്ടീസിട്ടു, ഫോട്ടോയ്ക്ക് ലുക്ക് പോരെന്ന പരാതിയുമായി 18കാരി, ലുക്കുള്ള ഫോട്ടോ അയച്ചുകൊടുത്ത് ഒടുവില്‍ പിടിയിലുമായി

rdഇവള്‍ ആളു കൊള്ളാമല്ലോ. എമി ഷാര്‍പ് എന്ന പതിനെട്ടുകാരിയെക്കുറിച്ച് അറിഞ്ഞാല്‍ നിങ്ങള്‍ ഇങ്ങനെ പറയാതിരിക്കില്ല. അങ്ങ് ഓസ്‌ട്രേലിയയിലാണ് ഇത് സംഭവിച്ചത്. കുടുംബവസ്തുക്കളുമായി ബന്ധപ്പെട്ട കേസില്‍ എമി പോലീസിന്റെ പിടിയിലായി. എന്നാല്‍, പോലീസിനെ വെട്ടിച്ച് ജയില്‍ചാടി. പിടികിട്ടാപ്പുള്ളിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. ചാനലുകളിലും പത്രങ്ങളിലും നല്കുകയും ചെയ്തു.

മാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് അതിന് ഭംഗി പോരെന്ന് എമിക്ക് തോന്നിയത്. ടിവി ചാനല്‍, സിഡ്‌നീസ് 7 ന്യൂസ് പൊലീസ് പ്രസ്താവനയും എമിയുടെ ചിത്രവും ചേര്‍ത്ത് ഫേസ്ബുക്കില്‍ വാര്‍ത്ത പങ്കുവെച്ചിരുന്നു. ഇത് കണ്ട് പ്രതികരണവുമായി ആദ്യം രംഗത്തെത്തിയത് എമി തന്നെ. തന്റെ മനോഹരമായ ഒരു ചിത്രം കമന്റായി പോസ്റ്റ് ചെയ്ത് എമി ഒരു അഭ്യര്‍ത്ഥനയും മുന്നോട്ട് വെച്ചു. നിങ്ങള്‍ ദയവായി ഈ ഫോട്ടോ ഉപയോഗിക്കാമോ, ഉപകാരമാകും. നിങ്ങളുടെ സ്വന്തം യഥാര്‍ത്ഥ എമി ഷാര്‍പ്.

ഇത്രയ്ക്കും ചങ്കൂറ്റത്തോടെ ചിത്രം അത്ര പോരെന്ന അഭിപ്രായം തുറന്നു പറഞ്ഞ് പുതിയ ഫോട്ടോ നല്‍കിയ എമിയെ സോഷ്യല്‍മീഡിയക്ക് നന്നായി പിടിച്ചു. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ വൈറല്‍ ഗേളാണ് ഈ പെണ്‍കുട്ടി. പോസ്റ്റൊക്കെ ഇട്ട് കുറച്ചുമണിക്കൂറുകള്‍ക്കകം എമിയെ പോലീസ് പൊക്കുകയും ചെയ്തു. ഇനി ജയിലില്‍ കിടക്കുന്ന ചിത്രം എമി പോസ്റ്റ് ചെയ്യുമോ എന്ന ആകാംക്ഷയിലാണ് സോഷ്യല്‍മീഡിയ.

Related posts