സെക്‌സ്, ബലാല്‍സംഗം,തട്ടിപ്പ് എന്നിവ പൊതുകാര്യങ്ങള്‍; രാധേമാ, ബാബാ റാം റഹിം, ആശാറാം ബാപ്പു പിന്നെ നമ്മുടെ സന്തോഷ് മാധവനും; രാജ്യത്ത് നിറഞ്ഞാടുന്നത് നിരവധി കപടവേഷങ്ങള്‍…

മതേതര രാജ്യമെന്നാണ് വയ്‌പ്പെങ്കിലും രാജ്യത്ത് മതത്തേക്കാള്‍ വലിയ വില്‍പ്പനച്ചരക്കില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ പിറവിയെടുക്കുന്ന ആള്‍ദൈവങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യയുടെ ശാപമാണ്. ബലാല്‍സംഗം, തട്ടിപ്പ്, തുടങ്ങിയവയാണ് ഒട്ടുമിക്ക സ്വാമിമാരുടെയും അത്യന്തിക ലക്ഷ്യം. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവര്‍ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങള്‍. പിന്നെന്തുവേണം? അപ്പക്കഷണങ്ങള്‍ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകള്‍ക്കും വിശ്വാസത്തെ മറയാക്കി.
പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആള്‍ദൈവങ്ങളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ആ ഗണത്തില്‍ ഒരാള്‍ കൂടി അത്രമാത്രം. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിച്ച ചില ആള്‍ ദൈവങ്ങളെ പരിചപ്പെടാം….

 

ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം ചെയ്യുന്ന ആശാറാം ബാപ്പു

അസാറാമിന്റെ യഥാര്‍ഥ പേര് അസുമല്‍ സിരുമലാനി, ജനനം 1941 ഏപ്രില്‍ 17. ആസ്ഥാനം ഗുജറാത്തിലെ അഹമ്മദാബാദ്. ആശ്രമങ്ങളും ഗുരുകുലങ്ങളും ദേശത്തും വിദേശത്തും ധാരാളം. ആദ്യ ആശ്രമം സ്ഥാപിച്ചത് 1970ല്‍. ഏകദേശം നാലു പതിറ്റാണ്ടിനിടെ സമ്പാദിച്ചു കൂട്ടിയത് ആയിരക്കണക്കിനു കോടി രൂപ. ഭാര്യ: ലക്ഷ്മി ദേവി. മക്കള്‍: നാരായണ്‍ പ്രേം സായ്, ഭാരതി ദേവി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലിലായ ആള്‍ദൈവമാണ് ഇയാള്‍.ചീത്ത ആത്മാക്കളെ കുട്ടിയുടെ ശരീരത്തില്‍നിന്നു മോചിപ്പിക്കുകയാണു ചെയ്‌തെന്നാണ് അസാറാം ബാപു പറഞ്ഞത്.സാക്ഷികളെ കൊലപ്പെടുത്തിയ കേസില്‍ അസാറാമിന്റെ സുരക്ഷാജീവനക്കാരനും വെടിവയ്പു വിദഗ്ധനുമായ കാര്‍ത്തിക് ഹല്‍ദറെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക ചിന്തകള്‍ ഒഴിവാക്കി ധാര്‍മിക ജീവിതം നയിക്കണമെന്ന് അനുയായികളെ ഉദ്‌ബോധിപ്പിക്കാറുള്ള സ്വാമിയാണ് പീഡനക്കേസില്‍ അറസ്റ്റിലായത് എന്നതു വിരോധാഭാസമാകാം. പീഡനം മാത്രമല്ല, ഭൂമി ഇടപാട് തട്ടിപ്പ് കേസുകളും ബാപ്പുവിന്റെ പേരിലുണ്ട്. 425 ആശ്രമങ്ങളും 50 ഗുരുകുലങ്ങളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്.

കുട്ടിയുടുപ്പ് ധരിച്ച് നൃത്തം ചെയ്യുന്ന രാധേ മാ

പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലക്കാരിയായ സുഖ്‌വിന്ദര്‍ കൗറാണു ചുവപ്പു വസ്ത്രങ്ങളണിഞ്ഞ മുംൈബയിലെ രാധേ മാ. വിവാഹത്തിനു ശേഷം തയ്യല്‍ക്കാരിയായി. രാധേ മായുടെ തെറ്റായ പ്രചാരണങ്ങളെ ഒരു ഹൈന്ദവ സംഘടന വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആസ്ഥാനം മുംബൈയിലേക്കു മാറ്റി. സ്ത്രീധന പീഡനത്തിന് ഒരു യുവതി നല്‍കിയ പരാതിയിലാണ് രാധേ മാ വാര്‍ത്തകളില്‍ നിറഞ്ഞത്. രാധേ മായുടെ ഗ്ലാമര്‍ ട്വിറ്ററിലൂടെ പുറത്തായതോടെയാണ് പണി പാളിയത് എന്ന് മാത്രം. ലിപ്സ്റ്റിക്കും മേക്കപ്പും നീണ്ട കുറിയും കയ്യില്‍ ഒരു ത്രിശൂലവും കാണും. ട്വിറ്ററിലൂടെ രാധേ മായുടെ കുട്ടിയുടുപ്പിട്ട ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇവരുടെ ആപ്പീസ് പൂട്ടിയത്. പീഡനക്കേസുകള്‍ അടക്കം പോലീസ് കേസുകളും ഇഷ്ടം പോലെ പിന്നാലെയുണ്ട്.

അടിപൊളി വേഷത്തില്‍ വിശ്വാസികളെ അനുഗ്രഹിക്കുന്ന രാധേ മാ, ആടിപ്പാടുന്നതിലും മിടുക്കിയാണ്. സ്ത്രീധനം വാങ്ങാന്‍ പരാതിക്കാരുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ രാധേ മാ നിര്‍ബന്ധിക്കുന്നതായാണു പരാതി. രാധേ മായുടെ ത്രിശൂലം വിമാനത്തില്‍ കയറ്റാന്‍ അനുമതി നല്‍കാതിരുന്ന വിവാദവുമുണ്ടായി. സിനിമാഗാനങ്ങള്‍ക്കു നൃത്തം ചെയ്യുന്നതും ഭക്തരെ വാരിപ്പുണരുന്നതുമാണു രാധേ മായുടെ രീതി.

തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അശുതോഷ്

മരിച്ചിട്ടും മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ് അനുയായികള്‍. പഞ്ചാബിലെ ഗുരു അശുതോഷ് മഹാരാജിനാണ് ഇങ്ങനെയൊരു ഭാഗ്യം. ഗുരുവിന്റെ തിരിച്ചുവരവു കാത്തിരിക്കുകയാണ് വിശ്വാസികള്‍. ഒരു വിഭാഗം പറയുന്നതു ഹിമാലയത്തിനു തുല്യമായ തണുപ്പില്‍ ഗുരു ധ്യാനിക്കുകയാണെന്ന്. കോടതി ഇടപെട്ടിട്ടും അശുതോഷിന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല. ബിഹാറിലെ ബ്രാഹ്മണ കുടുംബത്തിലാണു മഹേഷ് കുമാര്‍ ഝാ എന്ന അശുതോഷ് ജനിച്ചത്. 1973 ല്‍ വീടുവിട്ടിറങ്ങി.

പഞ്ചാബിലെ നൂര്‍മഹലില്‍ ദിവ്യ ജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ സ്ഥാപിച്ചു. 15 രാജ്യങ്ങളില്‍ സംഘടനയ്ക്ക് ഓഫിസുകളുണ്ട്. ഏകദേശം 1000 കോടിയുടെ സ്വത്തും അശുതോഷിന്റെ പേരിലുണ്ട്. 2014 ജനുവരി 29നാണു ഹൃദയാഘാതത്തെ തുടര്‍ന്ന് അശുതോഷ് മരിച്ചത്. ഡോക്ടര്‍മാര്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീടായിരുന്നു നാടകം. അദ്ദേഹത്തിന്റെ അനുയായികള്‍ മരണം അംഗീകരിച്ചില്ല. അശുതോഷിനെ ഇരുത്തിയ ഫ്രീസറുള്ള മുറിയില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല.

ആനന്ദത്തില്‍ ആറാടി സ്വാമി നിത്യാനന്ദ

തെന്നിന്ത്യന്‍ നടിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ വന്നതോടെയാണ് 2010ല്‍ സ്വാമി നിത്യാനന്ദയുടെ പൂച്ച് പുറത്തുചാടിയത്. ഇതിനുപിന്നാലെ നിരവധി സ്ത്രീകള്‍ പരാതിയുമായെത്തി. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സ്വാമി രണ്ടുമാസത്തോളം അഴിക്കുള്ളിലായി. തന്റെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചാണ് സ്വാമി തടി തപ്പിയത്. വിഡിയോ തന്റേതുതന്നെയെന്നു പറഞ്ഞ നടി പിന്നീട് സന്യാസം സ്വീകരിച്ചു. കാര്‍മികത്വം വഹിച്ചതു മറ്റാരുമല്ല, സ്വാമി നിത്യാനനന്ദ തന്നെ. യുഎസില്‍ ഉള്‍പ്പെടെ ആശ്രമങ്ങളുള്ള സ്വാമി ഇപ്പോഴും ആത്മീയതയില്‍ സജീവമാണ്.

പാലില്‍ കുളിക്കുന്ന റാംപാല്‍ മഹാരാജ്

ഹരിയാന വൈദ്യുതി വകുപ്പിലെ ജോലി നഷ്ടപ്പെടുത്തിയാണ് റോഹ്തക് ജില്ലക്കാരനായ റാംപാല്‍ ആത്മീയതയിലേക്കു കൂടുമാറിയത്. ഹിസാറില്‍ 1000 ഏക്കര്‍ ആശ്രമസമുച്ചയത്തില്‍ സ്വന്തം നിയമങ്ങളുമായി രാജവാഴ്ചയായിരുന്നു. നിത്യവും പാലില്‍ കുളി. എതിര്‍ക്കുന്നവരെ കൊന്ന് ചോരയില്‍ കുളിപ്പിക്കും. 2014 മുതല്‍ കക്ഷി ഹിസാര്‍ സെന്‍ട്രല്‍ ജയിലിലാണ്. കൊലപാതകം ഉള്‍പ്പെടെ 30 കേസുകളിലെ പ്രതി. ആരെയും പേടിയില്ലാത്ത ആള്‍ദൈവമായി റാംപാല്‍ വളര്‍ന്നത് 26 വര്‍ഷത്തിനുള്ളില്‍. ഹരിയാനയിലെ മറ്റൊരു ഭരണസ്ഥാനമായിരുന്നു റാംപാലിന്റെ ആശ്രമം.

1951 സെപ്റ്റംബര്‍ എട്ടിന്, ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ധനാന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നന്ദ് ലാല്‍, ഇന്ദിരാ ദേവി എന്നിവരുടെ മകനായി ജനനം. ഭാര്യ നാരോ ദേവി. നാലു മക്കള്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റുള്ള റാംപാല്‍ ആദ്യം ഹരിയാന സര്‍ക്കാരില്‍ ജൂനിയര്‍ എന്‍ജിനീയറായി. പിന്നീടു കബീര്‍ പാന്ഥി അനുയായി. അവസാനം റോഹ്തക്കിന് അടുത്തുള്ള ഗ്രാമം കേന്ദ്രീകരിച്ച് ആത്മീയ പ്രവര്‍ത്തനം.
കബീര്‍ പാന്ഥി തലവന്‍ സ്വാമി റാംദേവാനന്ദയില്‍നിന്ന് ഉപദേശകസ്ഥാനം സ്വീകരിച്ചു. 1999ല്‍ ഹരിയാനയിലെ റോഹ്തക്കിന് അടുത്തുള്ള കരോന്ത ഗ്രാമത്തില്‍ ആദ്യ ആശ്രമം. ഏകദേശം 4000 പേരുടെ കമാന്‍ഡോ സംഘം ആശ്രമസമുച്ചയത്തിനു കാവലൊരുക്കി. രാഷ്ട്രീയ സമാജ് സേവാ സമിതി (ആര്‍എസ്എസ്എസ്) എന്നാണു റാംപാല്‍ സേനയുടെ പേര്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വന്‍ കവര്‍ച്ചകള്‍ തുടങ്ങിയ കേസുകളിലെ പ്രതികളുടെ ഒളിത്താവളമാണ് ആശ്രമം.

2014 നവംബറിലെ വിവാദങ്ങളാണു റാംപാലിനെ വാര്‍ത്തകളില്‍ നിറച്ചത്. അറസ്റ്റു ചെയ്യാനുള്ള കോടതിവിധി നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തെ റാംപാലിന്റെ കമാന്‍ഡോകള്‍ ആട്ടിപ്പായിച്ചു. അര്‍ധസൈനിക വിഭാഗങ്ങള്‍ക്കൊപ്പമാണു പിന്നീടു പൊലീസ് എത്തിയത്. അനുയായികളെ മതിലാക്കിയാണ് റാംപാല്‍ പ്രതികരിച്ചത്. ഒടുവില്‍ സ്വാമിയുമായേ പൊലീസ് പുറത്തുവന്നുള്ളൂ. അക്രമത്തിന്റെ പേരില്‍ അനുയായികളോടു മാപ്പിരന്നാണു റാംപാല്‍ ഹിസാര്‍ ജയിലിലേക്കു പോയത്.

നീലച്ചിത്രത്തിന്റെ ഉസ്താദ് സന്തോഷ് മാധവന്‍

സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ആള്‍ദൈവങ്ങളില്‍ ഒരാളാണ്. പീഡനവും നീലച്ചിത്ര നിര്‍മാണവുമൊക്കെ അമൃത ചൈതന്യയുടെ ഹോബികളാണ്. 2008 ലാണ് ഇയാള്‍ അറസ്റ്റിലായത്.

പിന്നെയുമുണ്ട് താരങ്ങള്‍ അടുത്തിടെ അന്തരിച്ച കോര്‍പ്പറേറ്റ് ഗുരു ചന്ദ്രസ്വാമി, ഭക്തകവി കബീറിന്റെ അവതാരമെന്ന് അവകാശപ്പെടുന്ന രാംപാല്‍, വേശ്യാലയം നടത്തി പിടിയിലായ സ്വാമി സദാചാരി. 13 പേരെ ബലാല്‍സംഗം ചെയ്ത സ്വാമി പ്രേമാനന്ദ, രാഷ്ട്രീയക്കാരുടെ ഇഷ്ടമിത്രം ചിത്രകൂടം സ്വാമി,നേതാജിയുടെ പുനരവതാരമെന്ന് പ്രഖ്യാപിച്ച ജയ്ഗുരുദേവ്. പട്ടിക അവസാനിക്കുന്നില്ല. അന്ധമായ മതവിശ്വാസവും ശാസ്ത്രബോധമില്ലായ്മയും ആളുകളുടെ ചൂഴ്ന്നു നില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ ഇനിയും അവതാരമെടുക്കും എന്നു തീര്‍ച്ച…

 

 

 

 

 

 

 

 

Related posts