മായുന്ന കാഴ്ചകള്‍ക്ക് വസന്തവും വെളിച്ചവുമായി ഗോപിമാഷിന്റെ വര്‍ണക്കാഴ്ചകള്‍

tcr-gopi-lതൃശൂര്‍: സങ്കല്പത്തിനും ഭാവിക്കുമിടയിലുള്ള പ്രകൃതിക്കും പ്രപഞ്ചത്തിനും ഗോപിമാഷ് നല്കിയ വര്‍ണങ്ങളിലെല്ലാം പ്രതീക്ഷകളുടെ പച്ചപ്പുണ്ട്. ആശകളാല്‍ പച്ചപ്പട്ടണിഞ്ഞ നാമ്പുകളുണ്ട്. ആശങ്കയുടെയും ആകുലതയുടെയും ഇളംചുവപ്പുണ്ട്. മഴയും മരങ്ങളും, പച്ചപ്പും ജലാശയങ്ങളുമെല്ലാം ഗോപിമാഷിനു യാത്രകളില്‍ പിന്നോട്ടോടിയ വെറും കെട്ടുകാഴ്ചകളല്ല. കണ്ടിരിക്കെ, കണ്‍വെട്ടത്തുനിന്നും മായുന്ന കാഴ്ചകളും വര്‍ണങ്ങളും ചിത്രകാരനില്‍ കൊളുത്തുന്ന ആവലാതികളുടെ ഉള്‍വെളിച്ചമാണ് തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ പി.എസ്. ഗോപി ഒരുക്കിയ “ഇന്‍സൈറ്റ്’ ചിത്രപരമ്പര.

പ്രകൃതിയെന്ന ഭൗതികാനുഭവത്തില്‍ ആത്മീയതയുടെ തിരിനീട്ടുകയാണ് ഓരോ ചിത്രങ്ങളും. പ്രകൃതിയെ നോക്കി ധ്യാനിക്കുമ്പോള്‍ മനസില്‍ തെളിയുന്ന മഞ്ഞും മഴയും സമ്മാനിക്കുന്ന നിറങ്ങളും അവയില്‍ കാണാം. ഒരേ ഭൂഭാഗങ്ങള്‍ തന്നെ ഓരോ പ്രകൃതി പ്രതിഭാസത്തിലും അനുഭവിക്കുന്ന കാഴ്ചകളുടെ വ്യത്യസ്തകളാണു ഗോപി മാഷ് വരച്ചുകാട്ടുന്നത്. മണ്ണും, മരങ്ങളും, ജലാശയങ്ങളും വേനലിലും വസന്തത്തിലും പ്രഭാതത്തിലും സന്ധ്യയിലും ഒരുക്കുന്ന പ്രകൃതിജാലത്തെ വരയും വര്‍ണങ്ങളുംകൊണ്ടു പകര്‍ത്തിയിരിക്കുകയാണു ചിത്രകാരന്‍.

പാലക്കാട് കുമരനെല്ലൂര്‍ ഗവ. എച്ച്എസ്എസിലെ ചിത്രകല അധ്യാപകനായ ഗോപി യാത്രയിലുടനീളം കണ്ട കാഴ്ചകള്‍ക്കാണു സങ്കല്പത്തിന്റെയും ഭാവിയുടെയും നിറംപകരുന്നത്. 38 ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്. പ്രകൃതിക്കു പുറമെ, സ്ത്രീകള്‍ക്കുനേരേയുണ്ടാകുന്ന അതിക്രമങ്ങളുടെ ആശങ്കകളും ചിത്രകാരന്‍ പങ്കുവയ്ക്കുന്നു. വാട്ടര്‍കളര്‍, അക്രിലിക്, ഓയില്‍ പേസ്റ്റ്, ബ്ലാക് ഇങ്ക് എന്നീ ചിത്രസങ്കേതങ്ങള്‍ വെവ്വേറെയും ഒന്നിച്ചും ഉപയോഗിച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സില്‍നിന്നു ചിത്രകല അഭ്യസിച്ചശേഷം, 32 വര്‍ഷമായി കലാധ്യാപനരംഗത്തു സജീവമാണ് മാഷ്. തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം, ബാംഗളുരു എന്നിവിടങ്ങളിലായി 16 ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.

30 വര്‍ഷത്തോളമായി സംസ്ഥാന സ്കൂള്‍ കലോത്സവവേദികളിലെയും നിറസാന്നിധ്യമാണു മാഷ്. വേദിയും സദസുമെല്ലാം നിരീക്ഷിച്ച് ആയിരത്തോളം പോള്‍ട്രെയിറ്റുകള്‍ വരച്ചു സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാലക്കാട് ഈ പോര്‍ട്രെയിറ്റുകളുടെ പ്രദര്‍ശനവും നടത്തി. തൃശൂര്‍ പോട്ടോര്‍ സ്വദേശിയായ ഇദ്ദേഹം ഹരിശ്രീ കലാപീഠം എന്ന ചിത്രകലാ പരിശീലന സ്ഥാപനവും നടത്തുന്നുണ്ട്. മുള്ളൂര്‍ക്കര ഗവ.യുപി സ്കൂള്‍ അധ്യാപിക പത്മജയാണ് ഭാര്യ. മിഥുനും സിജിനുമാണ് മക്കള്‍. പത്തു മുതല്‍ ആറുവരെ യാണു പ്രദര്‍ശനം. നാളെ സമാപിക്കും.

Related posts