ബഹിരാകാശത്ത് ഗ്രീന്‍ഹൗസ് തയാറായി! ജലം ഭൂമിയില്‍ നിന്ന്; ആശ്വാസമാവുന്നത് ഗവേഷണത്തിനായി ദീര്‍ഘനാള്‍ ബഹിരാകാശത്ത് കഴിയുന്നവര്‍ക്ക്

space_greenhouse_nasa_lunar_mars_university_arizona_1അങ്ങനെ ബഹിരാകാശത്ത് ഗ്രീന്‍ഹൗസും തയാറായിക്കഴിഞ്ഞു. അരിസോണ യൂണിവേഴ്‌സിറ്റിയും നാസയും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ് ബഹിരാകാശ ഗ്രീന്‍ ഹൗസ്. ദീര്‍ഘനാള്‍ ഗവേഷണത്തിനും മറ്റുമായി ആകാശത്ത് തങ്ങുന്നവര്‍ക്ക് ഗ്രീന്‍ഹൗസിലെ സസ്യങ്ങളും പഴങ്ങളും ആഹാരമാക്കി മെച്ചപ്പെട്ട ജീവിതം സാധ്യമാകുമെന്നാണ് നാസയുടെ വാദം. അരിസോണ യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റാണ് ഗ്രീന്‍ ഹൗസ് വികസിപ്പിച്ചത്.

ഭൂമിയില്‍ ചെടികള്‍ വളരുന്ന രീതിയെ അനുകരിച്ചാണ് ബഹിരാകാശത്തെ ഗ്രീന്‍ഹൗസില്‍ ചെടികള്‍ വളര്‍ത്തുന്നത്. ബഹിരാകാശ യാത്രികര്‍ പുറം തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ചെടികളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവയ്ക്ക് ആവശ്യമായ ജലം ഭൂമിയില്‍ നിന്ന് എടുക്കേണ്ടി വരും. പാഴായിപോകുന്ന എന്തും പുനചംക്രമണത്തിലൂടെ ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഗ്രീന്‍ ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 18 അടി നീളത്തിലും എട്ടടി വീതിയിലുമാണ് ഗ്രീന്‍ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്.

space_greenhouse_nasa_lunar_mars_university_arizona_2.0

സിലിണ്ടര്‍ ആകൃതിയാണ് ഗ്രീന്‍ ഹൗസിന് നല്‍കിയിരിക്കുന്നത്. നിലവില്‍ പച്ചയ്ക്ക് തിന്നാന്‍ കഴയുന്ന തരത്തിലുള്ള ഇലകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പിന്നീട് വിശദമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം കൂടുതല്‍ കൃഷികള്‍ ബഹിരാകാശത്ത് നടത്താനാണ് ശാസ്ത്രജ്ഞര്‍ പദ്ധതിയിടുന്നത്. എല്‍ഇഡി ലൈറ്റുകളുടെയും നാച്ചുറല്‍ ലൈറ്റുകളുടെയും സാന്നിധ്യം ആവശ്യമായതിനാല്‍ ഇവ രണ്ടും ഗ്രീന്‍ ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്നതുപോലെ ഭാവിയില്‍ ബഹിരാകാശത്ത് നിന്ന് പച്ചക്കറികള്‍ ഭൂമിയിലേയ്ക്ക് കൊണ്ടുവരേണ്ടി വരുമോ എന്നാണിനി കണ്ടറിയേണ്ടത്.

Related posts