വരന്‍ കല്യാണമണ്ഡപത്തിലെത്തിയിട്ടും വധു വരാന്‍ കൂട്ടാക്കിയില്ല; ഒടുവില്‍ വധു എത്തിയപ്പോഴേക്കും വരനും കൂട്ടരും സ്ഥലം കാലിയാക്കി; ചുള്ളിമാനൂരില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന സംഭവം…

mm600നെടുമങ്ങാട്: വരന്‍ കതിര്‍ മണ്ഡപത്തിലെത്തിയിട്ട് മണിക്കൂര്‍ ഒന്നു കഴിഞ്ഞിട്ടും വധു വരാന്‍ കൂട്ടാക്കാഞ്ഞതിനാല്‍ വിവാഹം മുടങ്ങി. ചുള്ളിമാനൂര്‍ സാഫ് ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചയ്ക്കു നടത്താനിരുന്ന വിവാഹമാണു മുടങ്ങിയത്. രാവിലെതന്നെ വധുവുമായി വീട്ടുകാര്‍ മണ്ഡപത്തിലെത്തിയിരുന്നു. നിശ്ചിത സമയത്തുതന്നെ വരനും കൂട്ടരും എത്തി. വരനെ വധുവിന്റെ സഹോദരന്‍ മാല ചാര്‍ത്തി സ്വീകരിക്കുകയും ചെയ്തു.തുടര്‍ന്നുള്ള സല്‍ക്കാരങ്ങളിലും ഇരു കൂട്ടരുടെയും ആളുകള്‍ പങ്കെടുത്തു.

എന്നാല്‍ മുഹൂര്‍ത്തം അടുക്കാറായിട്ടും വധു വിവാഹവസ്ത്രങ്ങള്‍ അണിയാന്‍ തയാറായില്ല. കതിര്‍മണ്ഡപത്തിലേക്കു കയറാനായി വരനും കൂട്ടരും വേദിയിലെത്തി. സമയം നീണ്ടുപോയിട്ടും വധു എത്താതായതോടെ വരന്റെ കൂട്ടാളികള്‍ അക്രമാസക്തരായി. ബന്ധുക്കള്‍ പലരും ഇടപെട്ടിട്ടും യുവതി നിലപാടു മയപ്പെടുത്തിയില്ല. ഒടുവില്‍ ആരോ വിളിച്ചതനുസരിച്ച് വലിയമല പോലീസ് എത്തി വീട്ടുകാരുമായും പെണ്‍കുട്ടിയുമായും സംസാരിച്ചതോടെ പെണ്‍കുട്ടി വിവാഹത്തിനു സമ്മതം മൂളി. പക്ഷെ കതിര്‍മണ്ഡപത്തിലിരുന്ന് നാണംകെട്ട വരനും ബന്ധുക്കളും വിവാഹത്തിനു സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു വലിയമല എസ്‌ഐ അജേഷ് സംസാരിച്ചു. ഇതു സംബന്ധിച്ചു മേലില്‍ പരാതി ഉണ്ടാകില്ലെന്ന് ഇരുകൂട്ടരും പൊലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നത്തിനു പരിഹാരമായത്.

Related posts