ഗ്രോബാഗ് പച്ചക്കറിക്കൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

vegവീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി ഉത്പന്നങ്ങള്‍ സ്വന്തമായി കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ച് അറിവില്ലാത്തത് പലര്‍ക്കും തിരിച്ചടിയാകുന്നുണ്ട്. ഗ്രോ ബാഗ് പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

രണ്ട് സീസണ്‍ തുടര്‍ച്ചയായി കൃഷിചെയ്താല്‍ ഗ്രോബാഗിലെ മണ്ണ് മാറ്റണം. സൂര്യതാപീകരണംചെയ്ത മണ്ണും മണലും െ്രെടക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും ഒരേ അനുപാതത്തില്‍ കലര്‍ത്തി ബാഗിന്റെ മുക്കാല്‍ഭാഗം നിറയ്ക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചകിരിച്ചോര്‍ കമ്പോസ്‌റ്റോ മലര്‍ത്തി ആടുക്കിയ ചകിരിയോ പാകണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരി സഹായിക്കും. നനച്ച മണ്ണുമിശ്രിതത്തിലേക്ക് ഒരുപിടി കുമ്മായമോ ഡോളമൈറ്റോ കലര്‍ത്തണം. രണ്ടാഴ്ച കഴിഞ്ഞാല്‍ മണ്ണൊരുങ്ങിയതായിക്കണ്ട് കൃഷി തുടങ്ങാം. മണ്ണറിയാതെ അല്ലെങ്കില്‍ മണ്ണൊരുങ്ങാതെ വിത്തിട്ടാല്‍ കീടരോഗബാധ ഉറപ്പ്.

വിത്തുഗുണമാണ് പത്തുഗുണം. നല്ല വിത്ത് നടുന്നതോടൊപ്പം മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനായി സ്യൂഡോമോണസ് പുരട്ടാനും ശ്രദ്ധിച്ചേ മതിയാകൂ. മണ്ണിലാണ് കീടങ്ങളുടെയും കുമിളുകളുടെയും സുഷുപ്താവസ്ഥ. തക്കംപാര്‍ത്തിരിക്കുന്ന അവയെ പ്രതിരോധിക്കുന്നതിനായി തിരഞ്ഞെടുക്കേണ്ട മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്. ഒരു ഗഌസ് വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് കലര്‍ത്തി ആറുമണിക്കൂര്‍ വിത്ത് കുതിര്‍ക്കാം.

ചീരപോലെ മുക്കിവെക്കാതെ നടുന്ന വിത്ത് ഇരട്ടി സ്യൂഡോമോണസും പുളിച്ച കഞ്ഞിവെള്ളവുംകൊണ്ട് നനച്ച് അരമണിക്കൂറിനുശേഷം പാകണം. ഒരിക്കലും വിത്ത് ആഴത്തില്‍ നടരുത്. വിത്തിന്റെ വലിപ്പംതന്നെയാണ്  വിത്താഴം. ഓരോ ഇനത്തിനും ഉത്പാദന ക്ഷമതയില്‍ വ്യത്യാസമുണ്ടാകും അതുകൊണ്ടുതന്നെ സന്തുലിത വളപ്രയോഗത്തിലൂടെ വിളവ് കൂട്ടാം. രാസകീടനാശിനികള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഓരോ വിളയുടെയും ആവശ്യമായ സമയത്തും ആവശ്യമായ രീതിയിലും വളപ്രയോഗം നടത്തിയാല്‍ ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ വിജയം സുനിശ്ചിതം.

Related posts