ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കണ്ണൂര്‍ അശാന്തം, കലോത്സവനഗരിയിലേക്ക് ബിജെപിയുടെ മാര്‍ച്ച്, പലയിടത്തും സംഘര്‍ഷം

harthal-l 
 കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണൂര്‍ അണ്ടല്ലൂര്‍ സ്വദേശിയും ബിജെപി അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റുമായ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം സന്തോഷിനെ വെട്ടുകയായിരുന്നു.
 സംഭവസമയത്ത് സന്തോഷിന്റെ ഭാര്യ ബേബിയും മക്കളായ സാരംഗും വിസ്മയയും വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ ബേബിയുടെ മീത്തലെപീടികയിലെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെ സുഹൃത്തിനെ വിളിച്ച് അറിയിച്ചു. ഇതിനെ തുടര്‍ന്ന് പോലീസും സുഹൃത്തുക്കളും ചേര്‍ന്നാണ് സന്തോഷിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. വഴിമധ്യേ മരണം സംഭവിച്ചു.

ബ്രണ്ണന്‍ കോളജ് കാമ്പസില്‍ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എസ്എഫ്‌ഐഎബിവിപി സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുകയാണ്. കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്ന് സിപിഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തിപ്പ് തടയില്ല. എന്നാല്‍ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കില്ലെന്ന് ബിജെപി അറിയിച്ചു.

Related posts