പഞ്ചകർമ്മ ചികിത്സ സ്ത്രീകൾക്ക്…

ആയുർവേദത്തിലെ പ്രധാന ചികിത്സാപദ്ധതികളിലൊന്നാണ് പഞ്ചകർമ്മം. ശരിയായ രീതിയിൽ, കൃത്യമായ പഥ്യത്തോടെ ചെയ്താൽ രോഗശമനത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ ഗുണകരമാണിത്. സ്ത്രീകളിലെ ജീവിതശൈലീരോഗങ്ങളുൾപ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ പ്രതിവിധിയാണ് പഞ്ചകർമ ചികിത്സ. ആയുർവേദത്തിൽ രണ്ടുവിധമാണ് ചികിത്സ. ശമനം, ശോധനം എന്നിവയാണവ. കോപിച്ച ദോഷങ്ങളെ ശരീരത്തിൽ നിന്നു പുറത്തു കളഞ്ഞ് രോഗങ്ങളെ നശിപ്പിക്കുന്നത് ശോധന ചികിത്സയും സ്ഥാന സ്ഥിതിതമായ രോഗത്തെ അവിടെവച്ചു തന്നെ കൈകാര്യം ചെയ്യുന്നത് ശമനചികിത്സയുമാണ്. ഇതിൽ ശോധനചികിത്സയിൽ ഉൾപ്പെടുന്നതാണ് പഞ്ചകർമം. പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചു കർമങ്ങളാണിത്. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം എന്നിവയാണവ.

പഞ്ചകർമ്മ

ആയുർവേദ സിദ്ധാന്തപ്രകാരം വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥയാണ് രോഗം. ശരീരത്തിലെ ദോഷകോപങ്ങളെ ഛർദ്ദിപ്പിച്ച് പുറത്തുകളയുകയാണ് വമനത്തിലൂടെ ചെയ്യുന്നത്. പ്രത്യേക മരുന്നുകളുപയോഗിച്ചാണ് ഛർദിപ്പിക്കൽ. സാമാന്യേന സ്ത്രീകൾക്ക് ഈ ചികിത്സ നൽകാറില്ല. വിരേചനമെന്നാൽ വയറിളക്കലാണ്. രോഗകാരികളായ ദോഷങ്ങളെ വിസർജ്യത്തിലൂടെ പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്. നസ്യം മൂക്കിലൂടെയുള്ള ഒൗഷധപ്രയോഗമാണ്. മലദ്വാരത്തിലൂടെ (സ്ത്രീകളിൽ മൂത്രനാളം/യോനി) വഴി മരുന്നുകൾ പ്രയോഗിക്കുന്ന രീതിയാണ് വസ്തി. ദുഷിച്ച രക്തം മുറിവിലൂടെയും മറ്റും ഒഴുക്കിക്കളയുന്ന രീതിയാണ് രക്തമോക്ഷം.

വാതരോഗങ്ങൾ ശമിപ്പിക്കാൻ വസ്തിയും പിത്തത്തിനു വിരേചനവും കഫത്തിനു വമനവുമാണ് ആയുർവേദം പറയുന്നത്. വാതത്തിന് എണ്ണകളും പിത്തത്തിന് നെയ്യും കഫദോഷങ്ങൾക്ക് തേനുമാണ് ശമന ഒൗഷധങ്ങളായി പ്രധാനമായും നൽകുന്നത്.

പൂർവ്വ കർമ്മങ്ങൾ

അഴുക്കുകളയാത്ത വസ്ത്രത്തിൽ ചായം പിടിക്കാത്തതുപോലെ ദോഷശുദ്ധി വരുത്താത്ത ശരീരത്തിൽ ശമനചികിത്സകൾ പ്രയോജനപ്പെടില്ല. മറ്റു ശോധനചികിത്സകളെപ്പോലെ പഞ്ചകർത്തിനു മുന്പായും ചില പ്രത്യേക കർങ്ങൾ ചെയ്യണം. ചികിത്സയ്ക്കു ശരീരത്തെ സജ്ജമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പൂർണ കർങ്ങൾ എന്നറിയപ്പെടുന്ന ഇവ ബാഹ്യമായും ആന്തരികമായും ഉണ്ട്. എണ്ണപ്രയോഗം, സ്നേഹപാനം, കിഴി, പിഴിച്ചിൽ തുടങ്ങിയ നിരവധി കർങ്ങൾ ഇതിൽപ്പെടുന്നു. എന്നാൽ ഇവയാണ് പഞ്ചകർമം എന്ന തെറ്റായ ധാരണ ജനങ്ങൾക്കിടയിലുണ്ട്. വിധിപ്രകാരമുള്ള ശോധനാ കർമ്മങ്ങൾ ബുദ്ധിക്ക് തെളിവ്, ഇന്ദ്രിയങ്ങൾക്ക് ബലം, ധാതുക്കൾക്ക് സ്ഥിരത, ജഠരാഗ്നിക്ക് ദ്വീപനം (വിശപ്പു വർധന), ആയുസിന് പക്വത എന്നിവ നൽകുമെന്നാണ് ആയുർവേദഗ്രന്ഥങ്ങൾ പറയുന്നത്.

ആർത്തവാരംഭം മുതൽ സ്ത്രീകൾക്ക് പഞ്ചകർ ചികിത്സയാകാം. എന്നാൽ വസ്തി പോലുള്ള ചികിത്സകൾ നിഷിദ്ധമാണ്. പ്രത്യേകിച്ച് ഗർഭിണികൾക്ക് ഇത്തരം ചികിത്സ നൽകാൻ പാടില്ല. സ്ത്രീരോഗ ചികിത്സയിൽ അപാനവായുദുഷ്ടികൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രധാനപ്പെട്ടതാണ്. അപാനവായുവിെൻറ കോപം പരിഹരിച്ചാൽ മറ്റു വായുകൾ ശരിയാകുമെന്നും ശരീരസുഖം കൈവരിക്കാനാകുമെന്നുമാണ് ആയുർവേദത്തിലെ കാഴ്ച്ചപ്പാട്.

രോഗപരിഹാരം

നടുവേദന, സെർവിക്കൽ സ്പോണ്ടിലോസിസ് തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കാനും പ്രതിരോധിക്കാനും പഞ്ചർമ വിധികൾ ചെയ്യാവുന്നതാണ്. ഇരുചക്രവാഹനങ്ങൾ പതിവായി ഓടിക്കുന്നവരിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന കാർപൽ ടണൽ സിൻഡ്രോമിനും (കൈപ്പടത്തെയും കുഴകളെയും ബാധിക്കുന്നത്) പഞ്ചകർമ്മ ചികിത്സ ഉത്തമമാണ്. അടുക്കളയിലും മറ്റും ദീർഘനേരം നിന്നു ജോലി ചെയ്യുന്നതിനാൽ മിക്ക സ്ത്രീകളിലും കാൽതരിപ്പ്, വെരിക്കോസ് വെയിൻ എന്നിവ കണ്ടുവരുന്നു. രക്തചംക്രമണത്തിലെ വ്യത്യാസങ്ങൾ കാരണമുണ്ടാകുന്ന ഇത്തരം രോഗങ്ങൾക്കും പഞ്ചകർമ്മ പ്രയോജനപ്പെടുത്താം. ഇതിൽ വെരിക്കോസ് വെയിനിന് രക്തമോക്ഷ ചികിത്സ ഫലപ്രദമാണ്. സ്ഥിരമായുണ്ടാകുന്ന തലവേദന, മൈഗ്രേൻ, സൈനസൈറ്റിസ്, കാഴ്ചപ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരമായി നസ്യം പ്രയോഗിച്ചുവരുന്നു. പൊടിപോലുള്ള വസ്തുക്കൾ മൂലമുള്ള അലർജി ബുദ്ധിമുട്ടുകൾക്കും ഇതൊരു ചികിത്സയാണ്.

ഗർഭകാലത്തെ രക്താതിസമ്മർദം, പ്രമേഹം, തൈറോയ്ഡ് വ്യതിയാനങ്ങൾ, ദഹനപ്രശ്നങ്ങൾ എന്നിവ പ്രതിരോധിക്കുന്നതിന് പഞ്ചകർമ്മചികിത്സ മുൻകൂട്ടി ചെയ്യുന്നത് ഗുണകരമായി കണ്ടുവരുന്നു. ഗർഭിണിയല്ലാത്തപ്പോഴാണ് ഇതു ചെയ്യേണ്ടതെന്ന് പ്രത്യേകം ഓർക്കണം. ആർത്തവസംബന്ധിയായ പല പ്രയാസങ്ങളെയും ലഘൂകരിക്കാൻ പഞ്ചകർ ചികിത്സ മികച്ചതാണ്. ആർത്തവമുണ്ടാകാത്ത അവസ്ഥ, കൃത്യതയില്ലാത്ത ആർത്തവം, മറ്റു പ്രയാസങ്ങൾ എന്നിവയ്ക്കു പഞ്ചകർമ്മ പരിഹാരമാണ്.

വിരേചനം പോലുള്ള ക്രിയകൾ കൃത്യമായ ഇടവേളകളിൽ ചെയ്യുന്നത് ആർത്തവകാലത്തെ വേദന പോലുള്ള പ്രയാസങ്ങൾ കുറയ്ക്കാനുപകരിക്കും. അമ്മമാരിലെ സ്തന്യദുഷ്ടി (മുലപ്പാൽ ദുഷിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ) പ്രതിരോധിക്കാനും മുൻകൂട്ടിയുള്ള പഞ്ചകർമ്മ ചികിത്സ ഗുണകരമാണ്.

മിക്കവരിലും ആർത്തവം നിലയ്ക്കുന്ന സമയത്ത് ഹോർമോണ്‍ വ്യതിയാനം മൂലം രോഗാവസ്ഥകൾ ഉണ്ടാകാറുണ്ട്. ശരീരത്തിന് ബലക്കുറവ്, എല്ലുകൾക്ക് ബലക്ഷയം, ഓജസ് കുറയൽ, വിളർച്ച തുടങ്ങിയവയൊക്കെ ഭൂരിഭാഗം പേർക്കും കണ്ടുവരാറുണ്ട്. ഈ അവസ്ഥയിൽ ധാതുസ്ഥിരതയ്ക്കും, പ്രായപ്രാപ്യം (ഏജിംഗ് ) കുറയ്ക്കാനും, ഇന്ദ്രിയങ്ങളുടെ സ്ഥിതിസ്ഥാപനത്തിനുമായി പഞ്ചകർമ്മ ചികിത്സകൾ വൈദ്യവിധി പ്രകാരം അനുഷ്ടിക്കാവുന്നതാണ്. മൂത്രാശയ സംബന്ധിയായ രോഗങ്ങൾ, ഗർഭാശയ സ്ഥാനഭ്രംശം, വന്ധ്യത തുടങ്ങിയവയ്ക്കും പഞ്ചകർമ്മ രീതികൾ പ്രയോഗിച്ചുവരുന്നുണ്ട്. ഉത്തരവസ്തി പോലുള്ള പ്രയോഗങ്ങളാണ് വന്ധ്യതാപരിഹാരത്തിനായി ചെയ്യാറുള്ളത്.

ഇതു ശ്രദ്ധിക്കാം

വിദഗ്ധവും ശാസ്ത്രീയവുമായ പരിശീലനം ലഭിച്ചവരിൽ നിന്നു മാത്രമേ ചികിത്സ സ്വീകരിക്കാവൂ. പഞ്ചകർമ്മ ചികിത്സയെന്ന പേരിൽ ധാരാളം തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെന്നത് ഓർക്കുക. വൈദ്യനിർദേശ പ്രകാരമുള്ള പഥ്യം കൃത്യമായി പാലിക്കണം. ആഹാരക്രമമടക്കമുള്ള കാര്യങ്ങൾ വൈദ്യനിർദേശപ്രകാരമായിരിക്കണം. കഠിനമായ ആഹാരം ഒഴിവാക്കുക, എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കുക, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, തിളപ്പിച്ച വെള്ളം കുടിക്കുക, പകലുറക്കം ഒഴിവാക്കുക തുടങ്ങിയവ ചികിത്സാക്കാലത്ത് പൊതുവേ പാലിക്കാവുന്ന ശീലങ്ങളാണ്.

ഡോ. കെ.വി. സുരേഷ് വാരിയർ
സീനിയർ ഫിസിഷ്യൻ ആൻഡ് മാനേജർ കോട്ടയ്ക്കൽ ആര്യവൈദ്യശാല, മാനാഞ്ചിറ ബ്രാഞ്ച് കോഴിക്കോട്

തയാറാക്കിയത് ടി.വി.ജോഷി

Related posts