ബിപി വരുതിയില്‍ നിര്‍ത്താന്‍ മുരിങ്ങയില

murigayilaഏത്തപ്പഴത്തില്‍ ഉളളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം അവശ്യം. മാര്‍ക്കറ്റില്‍ നിന്നു തീവില കൊടുത്തു വാങ്ങുന്ന രാസമാലിന്യങ്ങള്‍ കലര്‍ന്ന കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിന്‍ എ മുരിങ്ങയിലയിലുണ്ട്. കണ്ണ്, ചര്‍മം, ഹൃദയം എന്നിവയെ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ വിറ്റാമിന്‍ എ കരുത്തനാണ്. മള്‍ട്ടിവിറ്റാമിന്‍ ഗുളികകള്‍ക്കു പിന്നാലെ പായുന്നവര്‍ സ്വന്തം പറമ്പില്‍ നില്ക്കുന്ന മുരിങ്ങയെ മറക്കുകയാണ്. വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയും മുരിങ്ങയിലയില്‍ ധാരാളം മുരിങ്ങയില ശീലമാക്കിയാല്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താം. ഉത്കണ്ഠ കുറയ്ക്കാം. പ്രമേഹമുള്ളവര്‍ക്കു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിതമാക്കാം. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം എന്നിവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.

മുറിവുകളോ അസുഖങ്ങളോ മൂലം ശരീരഭാഗങ്ങളില്‍ നീരുള്ളവര്‍ മുരിങ്ങയില കഴിച്ചാല്‍ അതു കുറയും. മുരിങ്ങയുടെ പൂവിന് ആന്റി ബയോട്ടിക് ഗുണവുമുണ്ട്. മുരിങ്ങയുടെ പൂവ് തോരന്‍ വയ്ക്കാം. സാലഡില്‍ ചേര്‍ക്കാം. മറ്റു തോരനുകള്‍ക്കൊപ്പവും ചേര്‍ക്കാം. മുരിങ്ങയിലയില്‍ നാരുകള്‍ കൂട്ടത്തോടെയാണു വാസം. മലബന്ധം കുറയ്ക്കുന്നതിനു നാരുകള്‍ സഹായകം. അതായതു മുരിങ്ങയിലവിഭവങ്ങള്‍ ആമാശയത്തിന്റെ ആരോഗ്യത്തിനു മൊത്തത്തില്‍ ഗുണപ്രദം.

പാലൂട്ടുന്ന അമ്മമാര്‍ മുരിങ്ങയില തീര്‍ച്ചയായും കഴിക്കണം. മുലപ്പാലിന്റെ അളവു കൂട്ടാന്‍ മുരിങ്ങയിലയ്ക്കു കഴിവുണ്ടത്രേ. മുരിങ്ങയില ഉപ്പുവെളളത്തില്‍ തിളപ്പിച്ചശേഷം വെളളം നീക്കിക്കളയുക. ഇതില്‍ നെയ് ചേര്‍ത്തു കഴിച്ചാല്‍ മുലപ്പാലിന്റെ അളവു കൂടുമത്രേ. സുഖപ്രസവത്തിനും പ്രസവത്തിനു ശേഷമുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും മുരിങ്ങയില ഗുണം ചെയ്യും. അതുപോലെ തന്നെ വിളര്‍ച്ചയുള്ള അമ്മമാരും മുരിങ്ങയില കഴിക്കണം. ഇരുമ്പിന്റെ കലവറയാണു മുരിങ്ങയില. പല്ലിന്റെയും എല്ലിന്റെയും കരുത്തിന് അതിലുളള കാല്‍സ്യവും മറ്റുപോഷകങ്ങളും ഗുണപ്രദം. രക്തശുദ്ധിക്ക് ഇത്രത്തോളം മറ്റൊന്നുമില്ല.

ഓറഞ്ചില്‍ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിന്‍ സി മുരിങ്ങയിലയിലുണ്ട്. രോഗങ്ങളെ തുരത്താനുള്ള ആയുധമാണ് വിറ്റാമിന്‍ സി. പകര്‍ച്ചവ്യാധികളുടെ അണുക്കളെ അടുപ്പിക്കില്ല. കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാല്‍ പ്രതിരോധം ഭദ്രം.

മുരിങ്ങയില കാല്‍സ്യത്തിന്റെ കമനീയ ഷോറൂമാണ്. പാലിലുളളതിന്റെ നാലിരട്ടി കാല്‍സ്യം മുരിങ്ങയിലയിലുണ്ട്്. നമ്മുടെ ശരീരം നിര്‍മിച്ചിരിക്കുന്നതു പ്രോട്ടീനുകള്‍ കൊണ്ടാണ്. പ്രോട്ടീനുകള്‍ രൂപപ്പെടുന്നത് അമിനോ ആസിഡില്‍ നിന്നും. സാധാരണഗതിയില്‍ മുട്ട, പാല്‍, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങള്‍. എന്നാല്‍ നമ്മള്‍ മനുഷ്യര്‍ പല തരക്കാര്‍. അപ്പോള്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്കു മുരിങ്ങയിലയിലൂടെ എല്ലാം നേടാം. ഇതില്‍ കടലോളം പ്രോട്ടീന്‍ ഒളിച്ചിരിക്കുന്നു. തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീന്‍ ഇതിലുണ്ട്.

Related posts