ചുളിവുകള്‍ കുറയ്ക്കാന്‍ മീന്‍, പച്ചക്കറികള്‍, പഴങ്ങള്‍

helth_2017jan04va2

പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ ചുളിവുണ്ടാവുക (ജര) സ്വാഭാവികം. എന്നാല്‍ പ്രായമാകുന്നതിനു മുമ്പുതന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ത്വക്കിനുണ്ടാകുന്ന ചുളിവുകള്‍ (പ്രത്യേകിച്ചു മുഖത്തെ ചുളിവുകള്‍) ആരെയും അസ്വസ്ഥരാക്കും. ത്വക്കിലെ അകാല ജര ഒഴിവാക്കാന്‍ ചില വഴികള്‍

* അമിതമായി സൂര്യപ്രകാശമേല്ക്കുന്നത് ഒഴിവാക്കുക. സണ്‍ഗ്ലാസുകള്‍ ധരിക്കുക. കണ്ണിനു ചുറ്റുമുളള ചര്‍മം ചുളിയാതെ സംരക്ഷിക്കുന്നതിന് ഇതു സഹായകം. ശരീരം മൂടിക്കിടക്കത്ത ക്ക വിധമുളള വസ്ത്രം ധരിക്കുക. വെയിലത്തു സഞ്ചരിക്കുമ്പോള്‍ കഴിവതും കുട ചൂടുക.

* പുകവലി ഉപേക്ഷിക്കുക. സിഗരറ്റ് പുകയുടെ സാന്നിധ്യത്തിലുണ്ടാകുന്ന ഒരു എന്‍സൈം ത്വക്കിന്റെ പ്രധാന ഘടകങ്ങളായ കൊളാജനും ഇലാസ്റ്റിനും വിഘടിപ്പിക്കുന്നതായി ഗവേഷകര്‍.

* മതിയാവോളം ഉറങ്ങുക. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോഴാണു ശരീരം അധികതോതില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. മതിയാവോളം വിശ്രമം കിട്ടുകയാണെങ്കില്‍ ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണ്‍ ഏറെ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുന്നു. ചുളിവുകള്‍ കുറയ്ക്കുന്നു.

* നേരേ നീണ്ടു നിവര്‍ന്നു കിടക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. വശം ചരിഞ്ഞും കമഴ്ന്നും കിടക്കുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍(പ്രത്യേകിച്ചും കവിള്‍, താടി, നെറ്റി എന്നിവിടങ്ങളില്‍) ചുളിവുകളുണ്ടാകാനുളള സാധ്യത കൂടുന്നു.

* കണ്ണാടി ഉപയോഗിക്കാതെ വായിക്കുന്നവര്‍ക്കു തുടര്‍ച്ചയായി ചരിഞ്ഞു നോക്കേണ്ടി വരും. ഇത് ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ മുഖത്തെ പേശികള്‍ക്ക് അമിതമായി ചലിക്കേണ്ടിവരുന്നു. ക്രമേണ മുഖത്തു ചാലുകള്‍ രൂപപ്പെടുന്നു. ഇതു ചുളിവുകളായി മാറുന്നു.

* മീന്‍ കഴിക്കുക. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ചര്‍മസംരക്ഷണത്തിന് അവശ്യം.

* സോയാബീന്‍ ഉത്പന്നങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. സൂര്യപ്രകാശം അമിതമായി ഏല്ക്കുന്നതുമൂലം ത്വക്കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇതു സഹായകം.

* പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. അവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. ത്വക്കിന്റെ മൃദുത്വം നിലനിര്‍ത്തുന്നതിനും സൂര്യപ്രകാശത്തില്‍ നിന്നു സംരക്ഷിക്കുന്നതിനും ഇതു സഹായകം.

* ത്വക്കിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനു സഹായകമായ ജെല്ലുകള്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം പുരട്ടുക. പ്രകൃതിക്കിണങ്ങുന്ന ചര്‍മസംരക്ഷണ പദാര്‍ഥങ്ങളും ക്രീമാക്കി ഉപയോഗിക്കാം.

* പൈപ്പ് വെളളം ഉപയോഗിച്ചു മുഖം കഴുകുന്നത് ഒഴിവാക്കുക. പൈപ്പുവെളളത്തിലെ രാസപദാര്‍ഥങ്ങള്‍ മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായകമായ ഘടകങ്ങള്‍ അടങ്ങിയിട്ടുളള സോപ്പോ ക്ലെന്‍സറോ(ഫേസ് വാഷ്) മുഖത്തു തേച്ചു കഴുകിക്കളയുക.

* വിറ്റാമിന്‍ സി അടങ്ങിയ ആഹാരം ശീലമാക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

* ചര്‍മരോഗ വിദഗ്ധനെ കണ്ട് ചുളിവുകള്‍ കുറയ്ക്കാനുളള ചികിത്സാവിധികള്‍ സ്വീകരിക്കുക.

അമിതമായി സൂര്യപ്രകാശമേല്ക്കുന്നത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ടെന്‍ഷന്‍ ഒഴിവാക്കുക. അമിതഭാരംകുറയ്ക്കുക.

Related posts