സഹോദരന്റെ ഭാര്യയുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടു, ഒടുവില്‍ സുമയും ദാമോദരനും തമ്മില്‍ ഉടക്കിയതിനു പിന്നിലെന്ത്? ഇടുക്കി കഞ്ഞിക്കുഴിയില്‍ കൂടെ താമസിച്ചവരുടെ മരണത്തില്‍ ദുരൂഹത

ഒരുമിച്ചു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം അറുപതുകാരന്‍ ജീവനൊടുക്കി. കഞ്ഞിക്കുഴി മൈലപ്പുഴയില്‍ താമസക്കാരനായ കൊല്ലംകുന്നേല്‍ ദാമോദരനാണ് കഴിഞ്ഞ 26 വര്‍ഷമായി കൂടെ താമസിപ്പിച്ചിരുന്ന സുമ(48)യെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ വരാന്തയില്‍ തൂങ്ങി മരിച്ചത്. മൃതദേഹത്തില്‍നിന്നു മൂന്നുപേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.

രാവിലെ പാലുമായി പോയവരാണ് ദാമോദരനെ മരിച്ചനിലയില്‍ കണ്ടത്. ഇവരറിയിച്ചതനുസരിച്ച് പഞ്ചായത്ത് മെമ്പര്‍ സജീവന്‍ തേനിക്കാകുടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഞ്ഞിക്കുഴി പോലീസെത്തി. വാഹനത്തിന്റെ ആക്‌സില്‍ ലിവര്‍കൊണ്ട് തലയ്ക്ക് അടിച്ചാണു സുമയെ കൊലപ്പെടുത്തിയത്. തലയിലും കഴുത്തിലും അടിയേറ്റിട്ടുണ്ട്. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശിയായ ദാമോദരന്റെ ഇളയ സഹോദരന്റെ ഭാര്യയാണ് സുമ.

26 വര്‍ഷംമുമ്പ് ഇരുവരും നാട്ടില്‍നിന്നു പോന്ന ശേഷം അടിമാലി ഇരുമ്പുപാലത്തായിരുന്നു താമസം. ആറു വര്‍ഷം മുമ്പാണ് മൈലപ്പുഴയിലെത്തിയത്. ദാമോദരന്റെ ആദ്യവിവാഹത്തില്‍ മൂന്നു മക്കളും സുമയ്ക്കു രണ്ടു മക്കളുമുണ്ട്. ദാമോദരനു കൂലിപ്പണിയായിരുന്നു. സുമ മെഴുകുതിരി കമ്പനിയിലും ഹോം നഴ്‌സായും ജോലി ചെയ്തിരുന്നു.

ആറുമാസമായി ഇരുവരും സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. 17നു സുമ ദാമോദരനുമായി പിണങ്ങി നാടുവിട്ടിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്നു ദാമോദരന്‍ പോലീസില്‍ പരാതിനല്‍കി. സുമയുടെ ബാങ്ക് പാസ് ബുക്കുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ദാമോദരന്റെ കൈവശമായിരുന്നു. ഹോം നഴ്‌സ് ജോലിക്കു പോകുന്നതിന് ഐഡന്റിറ്റി കാര്‍ഡ് ആവശ്യമായതിനാല്‍ രേഖകള്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടു സുമ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച എത്തിയിരുന്നു. അപ്പോഴാണ് കാണാതായതു സംബന്ധിച്ചു പരാതിയുള്ള വിവരം സുമ അറിയുന്നത്.

പോലീസ് ദാമോദരനെ വിളിച്ചുവരുത്തി ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. സുമയുടെ രേഖകള്‍ നല്‍കാമെന്നും ദാമോദരനും സമ്മതിച്ചു. രേഖകളും വസ്ത്രങ്ങളും എടുക്കാനായി ഇരുവരും രാത്രി എട്ടോടെ മൈലപ്പുഴയിലുള്ള വീട്ടിലെത്തിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നത്.

Related posts