Set us Home Page

കണ്ടാലും കണ്ടാലും മതിവരാതെ…

തോമസ് വര്‍ഗീസ്
Idukki1
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗ്രഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ  ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങള്‍ നിറഞ്ഞ മറയൂരില്‍ തുടങ്ങി മറ്റൊരറ്റമായ തേക്കടി വരെ യാത്ര ചെയ്താല്‍ ഒരു വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം അത് വ്യത്യസ്ഥമായ അനുഭവങ്ങളാകും സമ്മാനിക്കുക. മലയാളികള്‍ക്കും വടക്കേ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി ഇടുക്കിയിലെ ഓരോ സ്ഥലങ്ങളും മാറുന്നു.

വന്യമായ കാനന സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ ഓടിയെത്തുന്നത് ഈ ജില്ലയിലേക്ക്. സ്‌പൈസ്സ് ടൂറിസത്തിനായി ആഗ്രഹിക്കുന്നവര്‍ കേരളത്തില്‍ ആദ്യം തെരഞ്ഞെടുക്കുന്നത് ഈ  ജില്ലയിലെ തോട്ടങ്ങള്‍. ഗ്രാമീണ ജനതതിയുടെ ജീവിത സാഹചര്യങ്ങള്‍ എന്തെന്നു വ്യക്തമായി മനസിലാക്കി ആ ഗ്രാമങ്ങളിലെ ഭക്ഷണത്തിന്റെ രുചി അനുഭവിക്കാനായി സൗകര്യങ്ങളൊരുക്കി ഹോം സ്‌റ്റേയുടെ നീണ്ട നിര. കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തില്‍ ഇടുക്കിയെന്ന മലയോര ജില്ല മുഖ്യധാരയിലേക്ക് എത്തുന്നു. ഇടുക്കിയില്‍ എവിടെ ചെന്നാലും അവിടെല്ലാം വിനോദ സഞ്ചാരത്തിന്റെ ഒരു സാധ്യതകള്‍ നിലനില്ക്കുന്നു. ഓരോ വര്‍ഷവും പുതിയ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്ന സ്ഥിതിയാണിപ്പോള്‍. ഇവിടെ എത്തിയാല്‍ സഞ്ചാരികള്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവില്ല. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകള്‍ ആസ്വദിക്കാം..

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്‌റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി  ഇവയെല്ലാം ഇടുക്കിയുടെ സവിശേഷതകളില്‍ ചിലതാണ്. ഇടുക്കിയുടെ സാധ്യതകള്‍ മലയാള തമിഴ് സിനിമാ നിര്‍മാതാക്കള്‍ ഇപ്പോള്‍ വന്‍ തോതില്‍ ഉപയോഗിച്ചു തുടങ്ങി. മൂന്നാറില്‍ നിന്നും യാത്ര തുടങ്ങി തേക്കടിയില്‍ അവസാനിപ്പിക്കുന്ന ടൂറിസം പാക്കേജായിരുന്നു മുമ്പുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഗവിയിലും പാഞ്ചാലിമേട്ടിലും വരെ എത്തി നില്ക്കുന്നു.

മൂന്നാറിലെ മരംകോച്ചുന്ന തണുപ്പ്് ഏതൊരു സഞ്ചാരിയുടേയും സ്വപ്‌നമാണ്. കോടമഞ്ഞില്‍ മലകള്‍ക്കു നടുവിലുള്ള ഈ കൊച്ചു പട്ടണത്തില്‍ നിന്നാണ് കൊച്ചിയില്‍ നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ യാത്ര ആരംഭിക്കുന്നത്. ചെറു ചെറു ഡാമുകളും ജലാശയങ്ങളും തേയിലക്കാടുകളും വരയാടുകളും മൂന്നാറിനും സമീപ പ്രദേശങ്ങള്‍ക്കുമുള്ള വിനോദസഞ്ചാര പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ശീതകാല പച്ചക്കറിതോട്ടങ്ങള്‍ നിറഞ്ഞ വട്ടവടയും കാന്തല്ലൂരും ചന്തനക്കാടുകള്‍ നിറഞ്ഞ മറയൂരും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടത്.

ഇവിടെ നിന്നും മാട്ടുപ്പെട്ടിയില്‍ എന്തിയാല്‍ അവിടെ ബോട്ടിംഗ സംവിധാനം. തൊട്ടടുത്ത് രാജമലയില്‍ വരയാടുകളുടെ അപൂര്‍വ കേന്ദ്രം. കുണ്ടള ഡാമും എക്കോ പോയിന്റും ടോപ് സ്റ്റേഷനും ചിന്നാറുമെല്ലാം സഞ്ചാരികള്‍ക്ക് നല്കുന്ന അനുഭവം ഏറെ വലുതാണ്.

മൂന്നാറില്‍ നിന്നും തേക്കടിയിലേക്ക്
Idukki2
മുമ്പ് മൂന്നാറില്‍ നിന്ന്  വിനോദ സഞ്ചാരി യാത്ര തിരിച്ചാല്‍ തേക്കടിയായിരുന്നു ലക്ഷ്യമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കഥമാറി. മൂന്നാറില്‍ നിന്ന് ദേവികുളം, ശാന്തന്‍പാറ വഴി തേക്കടിയിലേക്ക് പോവുന്നവര്‍ ഇതിനിടയില്‍ നിരവധി ചെറുകിട വിനോദസഞ്ചാര മേഖലകളില്‍ കയറി ഇറങ്ങിയാണ് യാത്ര നടത്തുന്നത്. ശാന്തന്‍പാറയിലേയും പൂപ്പാറയിലേയും ഏലക്കാടുകള്‍ കണ്ട് ഇവിടങ്ങളിലെ ഹോം സ്‌റ്റേകളില്‍ ഒരു ദിവസം താമസിച്ച ശേഷം മാത്രമാണ് ഏറെ ടൂറിസ്റ്റുകളും യാത്ര തുടരുന്നത്.

തുടര്‍ന്ന് നെടുങ്കണ്ടത്തെത്തി അവിടെന്നും രാമക്കല്‍മേട്ടില്‍ പോകുന്നു. കേരളാ -തമിഴ്‌നാട് അതിര്‍ത്തിയായ ഈ സുന്ദരഭൂമിയിലെ മനോഹര കാഴ്ച്ചകള്‍ കാണാം. സമുദ്ര നിരപ്പില്‍നിന്നും 3334 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട്ടില്‍ നിന്നാല്‍  താഴെ തമിഴ്‌നാട്ടിലെ കാഴ്ചകള്‍  ആസ്വദിക്കാന്‍ കഴിയും.

ഇവിടെ നിന്നും തേക്കടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അണക്കരയെന്ന സ്ഥലം. ജില്ലയില്‍ തന്നെ ഏറ്റവുമധികം ഹോം സ്‌റ്റേകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ഒ്ന്നാണ് അണക്കര. ഹോം സ്‌റ്റേകളോട് അനുബന്ധിച്ച് സുഗന്ധ വ്യഞ്ജന വില്പന ശാലകളും ഒരുക്കിയിട്ടുണ്ട്. ഫാം വിസിറ്റിംഗ് സൗകര്യങ്ങള്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.

വടക്കേ ഇന്ത്യക്കാര്‍ക്കും വിദേശീയര്‍ക്കും ഏറ്റവുമധികം താത്പര്യമുള്ളതാണ് ഫാം വിസിറ്റിംഗെന്നു  ഹോം സ്‌റ്റേ നടത്തുന്നവര്‍ തന്നെ വ്യക്തമാക്കുന്നു. 1000 രൂപമുതല്‍ ഒരു ദിവസത്തേയക്ക് വാടക ഈടാക്കുന്ന ഇത്തരം താമസ സൗകര്യങ്ങള്‍ ഉണ്ട്. ഇവിടെ നിന്നും തേക്കടിയില്‍ എത്തിയാല്‍ സഞ്ചാരിക്ക് ഇഷ്ടമുള്ള തരത്തിലുള്ള താമസ സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയുന്ന വാടക ഈടാക്കുന്ന ഹോട്ടല്‍ വരെ  തേക്കടിയുടെ കവാടമായ കുമളിയുടെ പ്രത്യേകതയാണ്. തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗും പുലര്‍വേളയില്‍ കോടമഞ്ഞണിഞ്ഞുള്ള ട്രക്കിംഗുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ കടുവകളും കാട്ടാനകളും എല്ലാം എതൊരു സഞ്ചാരിയും കാണാന്‍ ഏറെ ആഗ്രഹിക്കുന്നതാണ്.

തേക്കടില്‍ നിന്നും ഗവിയിലേക്ക്
Idukki3
പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ ഭാഗമായ ഗവി. കൊടും കാടിനു നടുവില്‍ പ്രകൃതി രമണീയമായ ഭൂമി. ദേശീയ പാതയില്‍ വണ്ടിപ്പെരിയാല്‍ നിന്നും തിരിഞ്ഞാണ് ഗവിയിലേക്ക് പോവുന്നത്. വള്ളക്കടവ് കഴിഞ്ഞാല്‍ പൂര്‍ണമായും കാടിനു നടുവിലൂടെ 25 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഗവിയില്‍ എത്താം. യാത്രക്കിടയില്‍ കാട്ടാനകളെ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. മൊട്ടക്കുന്നുകളും ചോലവനങ്ങളും പുല്‍മേടുകള്‍ക്കുമിടയിലുളള ഗാട്ട്  റോഡിലൂടെ ഇപ്പോള്‍ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഏറെ വര്‍ധനവാണുള്ളത്. ഗവിയില്‍ തടാകത്തില്‍ ബോട്ടിംഗും കൊടും വനത്തിലൂടെയുള്ള ട്രെക്കിംഗുമെല്ലാം ഏറെ അനുഭൂതി പകരുന്നതാണ്.

പാഞ്ചാലിമേടും വാഗമണ്ണും
Idukki4
ഇടുക്കിയുടെ സ്വപ്‌നഭൂമിയാണ് വാഗമണ്‍. മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുന്ന മൊട്ടക്കുന്നുകള്‍. ഇടയ്ക്കിടയ്ക്ക് മനം കുളിര്‍ക്കാനായി ചെറിയ ചാറ്റല്‍ മഴകള്‍.മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും,  പൈന്‍ മരക്കാടുകളും,  സൂയിസൈഡ് പോയിന്റും, ഇവയെല്ലാം വാഗമണ്ണിന്റെ മാത്രം പ്രത്യേകത. ഇയോബിന്റെ പുസ്തകം എന്ന സിനിമ ചീത്രീകരിച്ച ഉളുപ്പൂണിയുടെ പ്രകൃതി രമണീയതയും ഏറെ വിസ്മയകരമാണ്.  പരന്ന് കിടക്കുന്ന പുല്‍മേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമും ഇവിടെ നിന്നും കാണാന്‍ സാധിക്കും.പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ പരുന്തുംപാറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രം.  പീരുമേടിനും തേക്കടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഏറെ ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലം. ഇപ്പോള്‍ സിനിമാ ഷൂട്ടിംഗിനായും ചില നിര്‍മാതാക്കള്‍ ഇവിടം തെരഞ്ഞെടുക്കുന്നുണ്ട്.

മീശപ്പുലിമല
Idukki5
മൂന്നാറില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയുള്ള മീശപ്പുലിമലയും ഇപ്പോള്‍ ഹിറ്റായിരിക്കയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നാണിത്. ലോക പൈതൃത മേഖലകളില്‍ പെട്ട സ്ഥലം. ട്രക്കിംഗിന് ഏറെ അനുകൂലമായ പ്രദേശമാണിത്

ഇടുക്കി ആര്‍ച്ച് ഡാം
Idukki6
ഇടുക്കി ഡാമിലേയ്ക്ക് ഓരോ വര്‍ഷവും എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഈ ആര്‍ച്ച് ഡാമിനെ സഞ്ചാരികള്‍ക്ക്  പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. ഇടുക്കി ഡാമില്‍ നിന്നും 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാല്‍വരി മൗണ്ട് എന്ന സ്ഥലത്തെത്താം. മൊട്ടക്കുന്നുകള്‍ നിറഞ്ഞ ഈ ഭൂപ്രദേശത്തു നിന്നും നോക്കിയാല്‍ വിദൂര ദൃശ്യങ്ങള്‍ അതി മനോഹരമാണ്.നാടുകാണിയും മീനുള്ളിയും, തൂവാനവുമെല്ലാം ഇടുക്കിയുടെ മറ്റു ചില സവിശേഷതകളാണ്.മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് നാടുകാണി.

സമുദ്രനിരപ്പില്‍ നിന്നും മൂവായി രത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. മറയൂരി ല്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് തൂവാനം വെള്ളച്ചാട്ടം. ഇവിടേയ്ക്കും ഇപ്പോള്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്.

ഇടുക്കിയുടെ സൗന്ദര്യത്തെക്കുറിച്ച് വിശദീകരിച്ചാല്‍ അവസാനിക്കില്ല. പറഞ്ഞതിലും വിവരിച്ചതിലും ഏറെ സുന്ദരമായ സ്ഥലങ്ങള്‍ ഇടുക്കി എന്ന സുന്ദര ഭൂപ്രദേശത്തുണ്ട്. ഇതാണ് ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണാകാന്‍ ഇടയാക്കുന്നത്. അടിമാലിയും ചീയപ്പാറയുമെല്ലാം സഞ്ചാരികളുടെ ഇഷ്ടഭൂമിയാണ.്

തീര്‍ഥാടകര്‍ക്കുംഇത് പുണ്യഭൂമി

മുതലകോടം വിശുദ്ധ ഗീവര്‍ഗ്‌സ പള്ളി, വാഗമണ്‍ കുരിശുമല,  തങ്ങള്‍ പാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീര്‍മുഹമ്മദിന്റെ ശവകുടീരം, മംഗളാദേവീക്ഷേത്രംഇവയെല്ലാം ഇടുക്കിയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS