ചരിത്ര നേട്ടത്തോടെ ഇന്ത്യയ്ക്ക് ടെസ്റ്റ് പരന്പര

ന്യൂഡൽഹി: തുടർച്ചയായ ഒൻപത് ടെസ്റ്റ് പരന്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെയാണിത്. മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ 1-0ന് നേടി. 2005-2009 കാലഘട്ടത്തിൽ തുടർച്ചയായി ഒൻപത് പരന്പരകൾ നേടിയ ഓസ്ട്രേലിയയുടെ റിക്കോർഡിന് ഒപ്പമെത്താൻ ഇന്ത്യയ്ക്കായി. വരുന്ന ദക്ഷിണാഫ്രിക്കൻ പരന്പര നേടിയാൽ വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതുചരിത്രം സൃഷ്ടിക്കാൻ കഴിയും.

ധനഞ്ജയ ഡിസിൽവ അഞ്ചാം ദിനം പൊരുതി നേടിയ സെഞ്ചുറിയാണ് ലങ്കയ്ക്ക് സമനില സമ്മാനിച്ചത്. 119 റണ്‍സ് നേടിയ ഡിസിൽവ പേശിവലിവ് മൂലം റിട്ടയേർഡ് ചെയ്യുകയായിരുന്നു. റോഷൻ സിൽവ (74), നിരോഷൻ ഡിക് വെല്ല (44) എന്നിവർ പുറത്താകാതെ നിന്നു.

ആഞ്ചലോ മാത്യൂസ്, ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ലങ്കയ്ക്ക് നഷ്ടമായത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ മാത്യൂസിനെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ലങ്കൻ മധ്യനിര മികച്ച പോരാട്ടവീര്യം കാഴ്ചവയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസും വിരാട് കോഹ്ലി നേടി.

സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 536/7 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 246/5 ഡിക്ലയേർഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 373, രണ്ടാം ഇന്നിംഗ്സ് 299/5.

Related posts