നീ രാജ്യത്തിനുവേണ്ടി മരിച്ചാല്‍ ഞാന്‍ കരയില്ല മകനെ, സൈനികനായ മകന് നല്കിയ വാക്ക് പാലിച്ചു ഈ അമ്മ

jawan_2310 ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ മകന്റെ ജീവനറ്റ ശരീരത്തിനു മുമ്പില്‍ പിടയുന്ന ഹൃദയവുമായി നില്‍ക്കുമ്പോഴും ആ അമ്മയുടെ കണ്ണുകളില്‍നിന്ന് ഒരിറ്റ് കണ്ണീര്‍ പോലും പൊടിഞ്ഞില്ല; അത് ഒരു വാക്ക് പാലിക്കലായിരുന്നു ആ അമ്മയെ സംബന്ധിച്ച്. വെള്ളിയാഴ്ച കഠുവ സെക്ടറിലെ പാക് അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ ഗുര്‍ണാം സിംഗിന്റെ (26) മൃതദേഹം ബാലേസ്വര്‍ മഗോവാലിയിലെ സ്വഭവനത്തില്‍ എത്തിച്ചപ്പോഴാണ് ‘നീ രാജ്യത്തിനുവേണ്ടി മരിച്ചാല്‍ ഞാന്‍ കരയില്ല ’എന്നു മകനു നല്‍കിയ വാക്ക് പാലിക്കാന്‍ അമ്മ ജസ്വന്ത് കൗര്‍ കരച്ചില്‍ ഉള്ളിലൊതുക്കിയത്. ‘ഒരിക്കല്‍ ഗുര്‍ണാം സിംഗ് പറഞ്ഞു. ഞാന്‍ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്താല്‍ അമ്മ കരയരുത്. ഞാന്‍ വാക്കു കൊടുത്തു; ഇല്ല’ ജസ്വന്ത് കൗര്‍ അതു പറയുമ്പോള്‍ കരഞ്ഞത് അവിടെ കൂടിനിന്നവരായിരുന്നു.

മകന്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയതില്‍ അഭിമാനിക്കുന്നുവെന്നു പ്രതികരിച്ച ഗുര്‍ണാം സിംഗിന്റെ മാതാപിതാക്കള്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന ബിഎസ്എഫ് ജവാന്‍മാരുടെ ചികിത്സയ്ക്കായി മകന്റെ പേരില്‍ ഒരു ആശുപത്രി നിര്‍മിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ആക്രമണത്തില്‍ പരിക്കേറ്റ ഗുര്‍ണാം സിംഗ് ജമ്മുവിലെ ആശുപത്രിയിലാണു മരണമടഞ്ഞത്.

Related posts