ഉരുക്കുവനിത! മഹാനായ പിതാവിന്റെ മഹതിയായ മകള്‍; ഇന്ത്യയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ അവിസ്മരണീയ ജീവിതത്തിലൂടെ

INDIRA1മഹാനായ പിതാവിന്റെ മഹതിയായ മകള്‍ അതായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനി എന്ന ഇന്ദിരാഗാന്ധി. 1917 നവംബര്‍ 19ന് അലഹബാദിലായിരുന്നു ഈ ഉരുക്കു വനിതയുടെ ജനനം. പിതാവ് ഇന്ത്യയുടെ ആരാധ്യനായ നേതാവും ആദ്യപ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റു. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബം ഇന്ദിരാ ഗാന്ധിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി.   ചെറുപ്പത്തിലെ തന്നെ ഊര്‍ജസ്വലയായ പെണ്‍കുട്ടിയായിരുന്ന ഇന്ദിര തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ സ്കൂളുകളിലായിരുന്നു. ഓക്‌സ്ഫഡിലെ സോമര്‍വില്ലെ കോളജിലായിരുന്നു ബിരുദ പഠനം. 1936ല്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് ഇന്ദിര പിതാവുമായി കൂടുതല്‍ അടുത്തു. ഇക്കാലയളവില്‍ പല ലോകനേതാക്കളുമായി പരിചയപ്പെടാനും ഇന്ദിരയ്ക്ക് അവസരം ലഭിച്ചു. 1942ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചു.

പിതാവിന്റെ ചുവടുപിടിച്ച് ഇന്ദിര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ട ഇന്ദിര 1959ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ നെഹ്‌റു മരിച്ചതിനെത്തുടര്‍ന്ന് ഇന്ദിര രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയിലെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന സ്ഥാനവും ഇന്ദിരയെ തേടിയെത്തി. 1966ല്‍ ശാസ്ത്രി മരിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി ഇന്ദിരയെ നേതാവായി തെരഞ്ഞെടുത്തു. അതേത്തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിര അവരോധിതയായി. മൊറാര്‍ജി ദേശായിയെ മറികടന്ന് പ്രധാനമന്ത്രിയാകാന്‍ ഇന്ദിരെയെ തുണച്ചത് മുതിര്‍ന്ന കോണ്‍ഗ്രസുകാരനായ കെ. കാമരാജ് ആയിരുന്നു. തന്റെ പിതാവിന്റെ സമകാലീനരായ വ്യക്തികള്‍ക്കൊപ്പമുള്ള രാഷ്ട്രീയജീവിതം ഇന്ദിര ശരിക്കും ആസ്വദിച്ചു.
INDIRA2
ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യം അവസാനിപ്പിക്കാനായി ഇന്ദിര അവതരിപ്പിച്ച പദ്ധതികള്‍ ഇവരെ ദേശീയ ഹീറോ പരിവേഷത്തിലെത്തിച്ചു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു രാജ്യത്തിന്റെ സ്വയം പര്യാപ്തി ലക്ഷ്യമിട്ട് നടപ്പാക്കിയ ഹരിതവിപ്ലവം. ഗരീബി ഹഠാവോ(ദാരിദ്ര്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക) എന്നതായിരുന്നു ഇന്ദിരയുടെ മുദ്രാവാക്യം. ഇതു പ്രകാരം ഇന്ത്യയുടെ കാര്‍ഷീക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. നയതന്ത്രകാര്യങ്ങളില്‍ ഇന്ദിര അസാമാന്യ മികവുപുലര്‍ത്തി. 1971ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം അഴിച്ചുവിട്ട ആക്രമണം സമര്‍ഥമായി അടിച്ചമര്‍ത്തിയതിനു പിന്നില്‍ ഇന്ദിരയുടെ മിടുക്കായിരുന്നു. ഒരുകോടിയിലധികം ആളുകള്‍ ആ സമയത്ത് ഇന്ത്യയിലേക്ക് പാലായനം ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്റിനെ ചര്‍ച്ചയ്ക്കായി ഷിംലയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ചരിത്രപ്രസിദ്ധമായ ഷിംലാ കരാര്‍ നിലവില്‍ വന്നത്. ഇത് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യത്തിലേക്കും നയിച്ചു. 1971ല്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നവും ഇന്ദിരയെത്തേടിയെത്തി. ഭാരതരത്‌നം ലഭിക്കുന്ന ചരിത്രത്തിലെ ആദ്യവനിത എന്ന ബഹുമതിയും ഇന്ദിരയ്ക്കു സ്വന്തമായി.

ഇത്രയൊക്കെയായിരുന്നാലും അഴിമതി ആരോപണങ്ങള്‍ ഇന്ദിരയെ വേട്ടയാടിക്കൊണ്ടിരുന്നു. 1975ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതികള്‍ വിധിച്ചു. ഇതേത്തുടര്‍ന്ന് എതിരാളികള്‍ പ്രധാനമന്ത്രി പദം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുറവിളിയുയര്‍ത്തി. എന്നാല്‍ ഇന്ദിര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ചു. ഇത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായമായി. അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റതോടെ 11 വര്‍ഷം നീണ്ട പ്രധാനമന്ത്രി ഭരണത്തിന് അവസാനമായി. പിന്നീട് അഴിമതിക്കേസില്‍ ജയിലിലും പോകേണ്ടിവന്നു. എന്നാല്‍ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്ദിര വീണ്ടും പ്രധാനമന്ത്രി പദത്തിലേറി.
INDIRA4
പ്രധാനമന്ത്രി പദത്തിന്റെ രണ്ടാം ഘട്ടം ഇന്ദിരയ്ക്കു കടുപ്പമേറിയതായിരുന്നു. പ്രധാനമന്ത്രിയായി അധികം പിന്നിടും മുമ്പേ ഇളയ മകന്‍ സഞ്ജയ് ഗാന്ധി ഒരു വിമാനാപകടത്തില്‍ മരിച്ചത് ഇന്ദിരയ്ക്ക് കനത്ത ആഘാതമായി. മകന്റെ മരണത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും ഇന്ദിരയെ തളര്‍ത്തി. ഇതേത്തുടര്‍ന്ന് മൂത്തമകന്‍ രാജീവിനെ ഇന്ദിര മുഖ്യധാരയിലേക്കു കൊണ്ടുവന്നു. 1980കളില്‍ വളര്‍ന്നു വന്ന സിഖ് പ്രാദേശികവാദം ഇന്ദിരയ്ക്ക് തലവേദന സൃഷ്ടിച്ചു. ഏതുവിധേനയും ഇത് അടിച്ചമര്‍ത്താന്‍ ഇന്ദിര തീരുമാനിച്ചു. അമൃതസറിലെ സുവര്‍ണക്ഷേത്രത്തിനുള്ളില്‍ ഭികരര്‍ യോഗം ചേരുന്നതിനെപ്പറ്റി വിവരം ലഭിച്ച ഇന്ദിര 70000 സൈനികരെ അങ്ങോട്ടയച്ചു. ക്ഷേത്രംവളഞ്ഞ സൈനീകരുമായി ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ ഈ ദൗത്യം ശ്രദ്ധനേടി. എന്നാല്‍ വിധി ഇന്ദിരയെ കാത്തിരിക്കുന്നുണ്ടായിരുന്നു.

1984 ഒക്ടോബര്‍ 31നായിരുന്നു ആ ദുരന്തം സംഭവിച്ചത്. വിശ്വസ്തരെന്നു വിശ്വസിച്ചിരുന്ന അംഗരക്ഷകരായ സത് വന്ത് സിംഗും ബിയാന്ത്‌സിംഗും ഇന്ദിരയ്ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യയ്ക്കു നഷ്ടമായത് ഇന്ത്യകണ്ട ഏറ്റവും ശക്തയായ വനിതയെയാണ്. 30തവണയാണ് ഇന്ദിരയുടെ ശരീരത്ത് ബുള്ളറ്റ് പതിച്ചത്. ഇന്ദിരയുടെ മരണത്തിനു ശേഷം കത്തിപ്പടര്‍ന്ന സിഖ് വിരുദ്ധ കലാപം ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമാക്കിയത്. തനിക്കുമുമ്പും തനിക്കു ശേഷവും എന്ന രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ മാറ്റിയെഴുതിയ ആ മഹതിയുടെ ശവകുടീരത്തിന് ശക്തിസ്ഥല്‍ എന്നതിലും നല്ലൊരു പേര് നല്‍കാനാവില്ല…

(രാഷ്ട്രദീപിക വെബ് ഡെസ്ക് തയ്യാറാകുന്ന ലേഖനങ്ങള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്)

Related posts