ചൈനീസ് സൈന്യം സിക്കിമിന്റെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍; രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തു; കൈലാസ തീര്‍ഥാടകരെ തടഞ്ഞു;വീണ്ടുമൊരു ഇന്തോ-ചൈനാ യുദ്ധത്തിനു കളമൊരുങ്ങുന്നുവോ ?

KAILAS600വീണ്ടുമൊരു ഇന്തോ-ചൈനാ യുദ്ധത്തിന്റെ സാഹചര്യമൊരുക്കുന്ന തരത്തില്‍ ചൈനയുടെ പ്രകോപനം. സിക്കിമില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി വിവരം. മാത്രമല്ല,ഇന്ത്യന്‍ ഭാഗത്തെ രണ്ടു ബങ്കറുകള്‍ ചൈനയുടെ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സിക്കിമിലെ ഡോക്‌ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ 10 ദിവസമായി സംഘര്‍ഷം തുടരുകയാണെന്നാണ് വിവരം. കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തെ ചൈന തടഞ്ഞത് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലും സംഘര്‍ഷത്തിനു കാരണമായിരുന്നു.

നിയന്ത്രണ രേഖ മറികടന്ന ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ഏറെ പണിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഒരുഘട്ടത്തില്‍ ചൈനയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മനുഷ്യമതില്‍ തീര്‍ക്കേണ്ടിവന്നു. ലാല്‍ട്ടനിലും ഡോക്‌ലായിലുമാണ് ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്തത്. അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം പുകയുകയാണെന്നാണു സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ, പുതുതായി തുറന്ന നാഥുല പാസ് വഴി കൈലാസ സന്ദര്‍ശനത്തിനു തിരിച്ച ഈ വര്‍ഷത്തെ ആദ്യബാച്ചിലെ 47 പേര്‍ക്കാണു ചൈന പ്രവേശനാനുമതി നിഷേധിച്ചത്. വിഷയത്തില്‍ ഇന്ത്യ ചൈനയുമായി ചര്‍ച്ച തുടരുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് സുഹാങ് പറഞ്ഞു. മണ്ണിടിച്ചിലോ മഴയോ പോലുള്ള കാലാവസ്ഥാ പ്രശ്‌നങ്ങളാകും യാത്രാതടസ്സത്തിനു കാരണമെന്നും വക്താവ് വിശദീകരിച്ചു.

ജൂണ്‍ 19ന് അതിര്‍ത്തി കടക്കാനായിരുന്നു തീര്‍ഥാടകരുടെ പദ്ധതി. എന്നാല്‍ കാലാവസ്ഥ തടസമായതിനാല്‍ ബേസ് ക്യാംപില്‍ ഇവര്‍ കാത്തിരുന്നു. ജൂണ്‍ 23ന് വീണ്ടും യാത്രാനുമതി തേടി ചൈനീസ് അധികൃതരെ സമീപിച്ചു. കാരണമൊന്നും പറയാതെ അവര്‍ അനുമതി നിഷേധിക്കുകയായിരുന്നു. മാനസസരോവര്‍ തീര്‍ഥാടകര്‍ക്കു ചൈനയുടെ ഭാഗത്തുനിന്നു ചില പ്രയാസങ്ങള്‍ ഉണ്ടായതായി വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‌ല ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. ചൈനയുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചൈനീസ് അധികൃതരുടെ നിലപാട് തീര്‍ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

ഈ വര്‍ഷത്തെ കൈലാസ– മാനസരോവര്‍ തീര്‍ഥയാത്ര കേന്ദ്രമന്ത്രി സുഷമ സ്വരാജ് ആണ് ഫഌഗ് ഓഫ് ചെയ്തത്. 25 ബാച്ചുകളിലായി 1430 തീര്‍ത്ഥാടകരാണ് ഈ വര്‍ഷം പോകുന്നത്. 60 പേര്‍ വീതമുള്ള 18 ബാച്ചുകള്‍ ചെങ്കുത്തായ മലനിരകളുള്ള ലിപുലേഖ് വഴിയും 50 പേര്‍ വീതമുള്ള ഏഴു ബാച്ചുകള്‍ നാഥുലാ പാസ് വഴിയും പോകാനാണ് പദ്ധതി. തുടര്‍ച്ചയായി ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിനും ഇത് വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.

Related posts