സഞ്ജുവിന്‍റെ വിഷു കൈനീട്ടം: രാജസ്ഥാന് രണ്ടാം ജയം

ബംഗളൂരു: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് 19 റണ്‍സ് ജയം. 218 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സീസണിലെ രാജസ്ഥാന്‍റെ രണ്ടാമത്തെ ജയമാണിത്.

നേരത്തേ, സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 45 പന്തിൽ 10 സിക്സും രണ്ട് ഫോറും ഉൾപ്പെടെ 92 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.ഐപിഎല്ലിൽ ഈ സീസണിലെ ഒരു ടീമിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് രാജസ്ഥാൻ നേടിയത്.

ക്രിസ് വോക്സും ഉമേഷ് യാദവും അടങ്ങുന്ന ബാംഗ്ലൂർ ബൗളിംഗ് നിര കണക്കിന് അടിവാങ്ങി. സഞ്ജു സീസണിലെ റൺവേട്ടയിൽ ഒന്നാമതെത്തുകയും ചെയ്തു. മൂന്ന് കളികളില്‍ നിന്നായി 178 റണ്‍സ് നേടിയാണ് സഞ്ജു ശിഖര്‍ ധവാനെ മറികടന്ന്‌ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.

രണ്ടു വിക്കറ്റ് നേടിയ യുവതാരം ശ്രേയസ് ഗോപാലിന്‍റെ ബൗളിംഗ് രാജസ്ഥാന് ജയം സമ്മാനിക്കുന്നതിൽ നിർണായകമായി. ബാംഗ്ലൂരിനുവേണ്ടി വിരാട് കോഹ്ലി (57), മന്ദീപ് സിംഗ് (47), വാഷിംഗ്ടൺ സുന്ദർ (35) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

Related posts