ഉണരൂ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി വരുന്നൂ! സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ട് ഇസ്രയേല്‍ പത്രം; നരേന്ദ്ര മോദിയെ ട്രംപിനേക്കാള്‍ പ്രാധാന്യത്തോടെ സ്വീകരിക്കണമെന്ന് ലേഖനം

ShowImage.ashxപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമായി പര്യവസാനിച്ചതിന് പിന്നാലെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് മോദി. മോദിയെ എതിരേല്‍ക്കാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും ഇസ്രായേലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിലെ പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ എത്തുന്നതിനെ വളരെ പ്രാധാന്യത്തോടെയാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ കാണുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി എന്നാണ് ഇസ്രയേല്‍ മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്രായേല്‍ പത്രമാണ് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി, പ്രമുഖ ബിസിനസ് പത്രമായ ദി മേക്കറിന്റെ ഹീബ്രൂ എഡിഷനിലെ എഡിറ്റ് പേജിലാണ് പ്രശംസ. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ‘ഉണരൂ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി വരുന്നൂ’ എന്നാണു ലേഖനത്തില്‍ മോദിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ലേഖനത്തില്‍ വിശദീകരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെത്തിയത് വന്‍ പ്രതീക്ഷകളോടെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം നിരാശപ്പെടുത്തി. രാജ്യം രൂപീകരിക്കപ്പെട്ട് ഏഴു പതിറ്റാണ്ടിനുശേഷം ആദ്യമെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ട്രംപിനേക്കാള്‍ പ്രാധാന്യത്തോടെ സ്വീകരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. മറ്റ് ഇസ്രയേല്‍ മാധ്യമങ്ങളും മോദിയുടെ സന്ദര്‍ശനത്തെ പ്രാധാന്യത്തോടെയാണു കാണുന്നത്. ഇന്ത്യയുമായും മോദിയുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു പ്രത്യേക പരിഗണനയും മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പാലസ്തീന്‍ സന്ദര്‍ശിക്കുകയോ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നില്ലെന്നതു അഭിനന്ദനാര്‍ഹമാണെന്നും മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. ജറുസലേമിലെ പ്രധാന മാധ്യമമായ ജറുസലേം പോസ്റ്റാകട്ടെ മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് പ്രത്യേക പേജ് തന്നെ ആരംഭിച്ചു. നേരത്തെ അന്താരാഷ്ട്ര യോഗാദിനത്തിന് വന്‍ പ്രാധാന്യമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ നല്‍കിയത്.

രാഷ്ട്രം ഉണ്ടായി എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തയാഴ്ച തന്റെ അടുത്ത സുഹൃത്ത് നരേന്ദ്ര മോദി എത്തുന്നുണ്ടെന്നും അത് ഇസ്രയേലിന് ചരിത്ര നിമിഷമാണെന്നും നെതന്യാഹു ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ജൂലൈ നാലിനാണ് മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ജൂലൈ 5 ന് ടെല്‍ അവീവില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ വംശജരായ ഇസ്രയേല്‍ പൗരന്മാരെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഇരുരാജ്യങ്ങളും തമ്മില്‍ കാല്‍ നൂറ്റാണ്ടായുള്ള ബന്ധം മോദി അനുസ്മരിക്കും. ഇസ്രയേലുമായി 40 മില്യണ്‍ ഡോളറിന്റേതടക്കം വിവിധ കരാറുകളിലും മോദി ഒപ്പിടും. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഒരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. ഇന്ത്യാ ഇസ്രയേല്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. നെതന്യാഹുവും മോദിയും തമ്മില്‍ വിദേശത്ത് യുഎന്‍ വേദികളില്‍ ഇതിനകം രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മാത്രമല്ല, ഫോണില്‍ നിരന്തരം ചര്‍ച്ചകളും നടത്താറുള്ള കാര്യം നെതന്യാഹു അനുസ്മരിച്ചു. പ്രതിരോധ രംഗത്തെ ഇന്ത്യ- ഇസ്രയേല്‍ സഹകരണം അന്താരാഷ്ട്രരംഗത്ത് തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതാണ്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകളില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Related posts