രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും

ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു.

ചക്കപ്പഴത്തിലും മറ്റുമുളള ആൻറി ഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയിൽനിന്നു ശരീരത്തിനു സംരക്ഷണം നല്കുന്നു. വെളുത്ത രക്‌താണുക്കളുടെ പ്രവർത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെൻഷൻ കുറയ്ക്കുന്നതിനും രക്‌തസമ്മർദം നിയന്ത്രിക്കുന്നതിനും ഫലപ്രദം.

കാൻസർ തടയുന്ന നിരവധി ആൻറി ഓക്സിഡൻറുകൾ ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയും ചക്കപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിൻറെ അളവു കുറഞ്ഞ ഊർജദായകമായ ഫലമാണു ചക്കപ്പഴം. ഉയർന്ന അളവിൽ ഊർജവും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഫ്രക്റ്റോക്, സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാൽ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും.

തയാറാക്കിയത്: ടി.ജി.ബി

Related posts