ആദ്യം എന്റെ ജീവനെടുക്കൂ അതിനുശേഷം മരങ്ങള്‍ മുറിക്കൂ! അത്യാഗ്രഹം മൂത്ത് പ്രകൃതിക്കേല്‍പ്പിച്ച ആഘാതം തിരിച്ചടിയാകുമ്പോള്‍ അറിയാം ഇങ്ങനെയും പ്രകൃതിയെ സ്‌നേഹിക്കുന്ന മനുഷ്യരുണ്ടെന്ന്

പ്രകൃതി സ്‌നേഹം എന്നത് ഒരു സുപ്രഭാതത്തില്‍ ആര്‍ക്കും ഉണ്ടാക്കിയെടുക്കാവുന്നതല്ല. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായേ തീരൂ. കാരണം ദുരന്തങ്ങളെ ഭയപ്പെടാതെ ജീവിക്കണമെന്നുണ്ടെങ്കില്‍ അങ്ങനെയൊന്ന് ഉണ്ടാവണം. അല്ലെങ്കില്‍ ഇന്നിപ്പോള്‍ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നതിന് സമാനമായ അവസ്ഥകളിലൂടെ കടന്നു പോവേണ്ടി വരും.

ഒരു മരം പോലും ഒരു വരമായിരിക്കേ അവ ഇല്ലാതാക്കാനുള്ള ഉത്സാഹത്തിന്റെ പത്തിലൊന്നുപോലും അത്തരത്തിലൊന്ന് നട്ട് പിടിപ്പിക്കാന്‍ മനസാകാത്തവര്‍ കാണേണ്ട, കണ്ടു പടിക്കേണ്ട ഒരു വ്യക്തിത്വമാണ് നോര്‍ത്തേണ്‍ ഇന്ത്യയിലെ മജുളി ഐലന്‍ഡിലെ ജാദവ് പയേംങ് എന്ന വ്യക്തി. മജുളി ഐലന്‍ഡിലാണ് ജാദവ് പയേംങാണ് ഒരു കാട് സ്വന്തമായി നിര്‍മ്മിച്ചത്.

1979-ലാണ് ഇദ്ദേഹം മണ്ണൊലിപ്പ് തടയുന്നതിനായി മരം വച്ചു പിടിപ്പിച്ചു തുടങ്ങിയത്. 40-വര്‍ഷത്തിന് ശേഷം ഓരോ ദിവസവും വച്ചു പിടിപ്പിച്ച മരങ്ങള്‍ വളര്‍ന്ന് വന്‍ കാടായിരിക്കുകയാണ്. ഇപ്പോഴിത് ന്യൂയോര്‍ക്കിലെ സെന്‍ട്രെല്‍ പാര്‍ക്കിനേക്കാള്‍ വലുതാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ജാദവ് എന്ന ഫോറസ്റ്റ്മാനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി 2.8 മില്യണ്‍ ആളുകളാണ് ഇതിനോടകം കണ്ടത്.

ആസാമിലെ മാജുളിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇത് നദിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്. 1979-ല്‍ ഉണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പും കണ്ടാണ് ജാദവ് മരങ്ങള്‍ വെച്ച് പിടിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നത്. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ഒരു പ്രതിജ്ഞയായി ഏറ്റെടുത്ത് ദിവസവും ഓരോ മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞ 39വര്‍ഷമായി ഇത് തുടരുകയും ചെയ്യുന്നു.

ഇപ്പോള്‍ 55 ഹെക്ടറിലായി നിരവധി മരങ്ങളാണ് ഉള്ളത്. ന്യൂയോര്‍ക്ക് സെന്‍ട്രെല്‍ പാര്‍ക്ക് 341ഹെക്ടര്‍ മാത്രമാണുള്ളത്. അപൂര്‍വ്വമായുള്ള മൃഗങ്ങള്‍, ആനകള്‍, ബംഗാള്‍ കടുവകള്‍ എന്നിവ ജാവേദിന്റെ ഈ കാട്ടിലേക്ക് താമസത്തിന് എത്തിത്തുടങ്ങി. എന്നാല്‍ വേട്ടക്കാരും മറ്റും ശല്യക്കാരായും ഇവിടേക്ക് എത്തുന്നത് ജാദവിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇപ്പോള്‍ ജാദവ് തന്റെ 50കളിലാണ്. ജാദവിന്റെ ഭാര്യ സമീപപ്രദേശങ്ങളില്‍ പാല്‍ വിറ്റാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങള്‍ ശല്യമാണെന്നും മരങ്ങള്‍ വെട്ടണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് ആദ്യം തന്റെ ജീവനെടുക്കൂ, അതിന് ശേഷം മരങ്ങള്‍ മൂറിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ജീവന്‍ പോകുന്നത് വരെ ഈ ഉദ്യമം തുടരുക തന്നെ ചെയ്യുമെന്നാണ് ജാവേദ് പറയുന്നത്.

Related posts