മാണിക്യവീണയേന്തി ജഗതി ജീവിതത്തിലേയ്ക്ക് മടങ്ങുമോ! തിരുവനന്തപുരത്ത് തന്നെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം ജഗതി ശ്രീകുമാര്‍ ചെലവഴിച്ചതിങ്ങനെ

jagathyജഗതിശ്രീകുമാര്‍ എന്ന നടന്‍ അഭ്രപാളിയില്‍ നിന്ന് അകന്നിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. മലയാളികളെ കുടുകുടെ ചിരിപ്പിക്കാന്‍ ജഗതിശ്രീകുമാര്‍ ഇനി എന്ന് തിരിച്ചെത്തും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. തിരികെയെത്തും എന്നതിന് പ്രതീക്ഷയേകുന്ന രീതിയില്‍ ജഗതിശ്രീകുമാര്‍ നല്‍കുന്ന ഓരോ സൂചനയും മലയാളികള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നാണ് ഇക്കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയവര്‍ക്ക് മുമ്പില്‍ ജഗതി പാടിയ പാട്ട്. ‘മാണിക്യവീണയുമായെന്‍’ എന്ന ഗാനം ഗായകര്‍ക്കൊപ്പം ലോകസംഗീതദിനത്തില്‍ അദ്ദേഹം അക്ഷരസ്ഫുടതയോടെ ആലപിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

ജഗതിയെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു പാട്ടുപാടാന്‍ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ജഗതിയെ നിര്‍ബന്ധിക്കുകയായിരുന്നു. വിസമ്മതിക്കാതെ അദ്ദേഹം പാടുകയും ചെയ്തു. ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജഗതിക്ക് മ്യൂസിക് തെറാപ്പി നല്‍കുന്നതിനിടയിലാണ് വയലാര്‍ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കാനായി എത്തിയത്. സാമസ്‌കാരികവേദി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൊന്നാടയണിയിക്കുകയും പുരസ്‌കാരം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെരിയാറേ പെരിയാറേ, അകലെ അകലെ നീലാകാശം, ഇലഞ്ഞിപ്പൂമണമൊഴുകിവരും എന്നീ ഗാനങ്ങളും മറ്റ് ഗായകര്‍ക്കൊപ്പം ആലപിച്ചശേഷമാണ് ജഗതി മടങ്ങിയത്.

Related posts