ശശികലയെ വിശ്വസിച്ചതാണ് അവര്‍ക്ക് പറ്റിയ തെറ്റ്; പലപ്പോഴും പൊട്ടിക്കരഞ്ഞിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനന്തിരവള്‍

jaya and nephewതമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണശേഷവും അതില്‍ അടങ്ങിയിരിക്കുന്ന നിഗൂഢതകളെച്ചൊല്ലിയുള്ള ചര്‍ച്ചകളും വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, ഏറി വരികയും ചെയ്യുന്നു. തന്റെ ജീവിത കാലത്തിലൊരിക്കലും സ്വാകാര്യ ജീവിതത്തെയും ബന്ധുക്കളെയും സംബന്ധിച്ച ഒരു കാര്യങ്ങളും ജയലളിത വെളിപ്പെടുത്തിയിട്ടില്ല. ജയലളിതയ്ക്ക്  സഹോദരനും സഹോദരിയും അനന്തരവരും ഒക്കെ അടുത്ത ബന്ധുക്കളായി ഉണ്ടെന്നുള്ള കാര്യം അവരുടെ അടുത്ത അനുയായികള്‍ക്ക് പോലും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അവരുമായൊന്നും ജയയ്ക്ക് ഹൃദ്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ആശുപത്രിയിലായിരുന്ന സമയത്ത് പോലും കുടുംബാഗംങ്ങള്‍ എന്ന പേരില്‍ അവരെ സന്ദര്‍ശിക്കാന്‍ ആരുമെത്തിയിരുന്നില്ല എന്നതും ഇക്കാര്യം സത്യമാണെന്ന് വിശ്വസിക്കാന്‍ ആളുകളെ പ്രേരിപ്പിച്ച ഘടകമാണ്.

എന്നാല്‍ ജയലളിതയെ കാണാന്‍ എത്തിയ ബന്ധുക്കളെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞെന്നും പറയപ്പെടുന്നു. ജയലളിതയുടെ അനന്തിരവളായ അമൃതയാണ് തങ്ങളുടെ കുടുംബവുമായി ജയയ്ക്കുണ്ടായിരുന്ന അടുപ്പത്തേക്കുറിച്ച് വ്യക്തമാക്കിയത്. കന്നഡ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അമൃത വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് ജയയ്ക്ക് ബന്ധുക്കളുമായി പരസ്യമായി അടുപ്പം കാണിക്കാനും അവരെയൊന്നും നേരിട്ട് കാണാന്‍ സാധിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. അമൃതയുടെ അഭിപ്രായത്തില്‍ വളരെ എളിമയുള്ള സ്വഭാവമായിരുന്നു ജയയ്ക്ക്. കൂടാതെ ബന്ധുക്കളെല്ലാമായി നല്ല അടുപ്പവും അവര്‍ക്കുണ്ടായിരുന്നു. സഹോദരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എല്ലാവര്‍ക്കും നല്ലത് വരണമെന്ന് മാത്രമാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ സമൂഹം അവരേക്കുറിച്ച് കരുതിയിരുന്നത് നേരെ തിരിച്ചാണ്.

ശശികലയെ വിശ്വസിച്ചതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. ഇക്കാരണത്താല്‍ ജീവിതത്തോട് തന്നെ താത്പര്യമില്ലാത്ത തരത്തില്‍ അവര്‍ പലപ്പോഴും സംസാരിച്ചിരുന്നു. ജയലളിതയുടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ശശികല അനാവശ്യമായി ഇടപെടുകയും പലകാര്യങ്ങളിലും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലാണ് ബന്ധുക്കളില്‍ നിന്ന് അവര്‍ ജയയെ അകറ്റിയത്. കുംടുംബാഗംങ്ങളെ കാണുന്നതിനും അവരോട് ഫോണിലുടെ പോലും സംസാരിക്കുന്നതിനും ശശികല ജയയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതിരാവിലെയോ അര്‍ദ്ധരാത്രിയിലോ മാത്രമേ ജയ തങ്ങളെ ഫോണ്‍ ചെയ്തിരുന്നുള്ളു. ഫോണ്‍ ചെയ്യുന്നതിന് പോലും അവര്‍ ആരെയോ ഭയക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ആരെങ്കിലും മുറിയിലേക്ക് കടന്നു വരുന്നതായി തോന്നുമ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് മൂന്നുനാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും വിളിച്ചിരുന്നുള്ളു. ഫോണിലൂടെ വിഷമങ്ങള്‍ പങ്കുവച്ച് പൊട്ടിക്കരഞ്ഞ അവസരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ശശികലയാണ് ജാഗ്രതയോടെ ജയയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടിരുന്നത്.

സ്വര്‍ണ്ണക്കൂട്ടിലടയ്ക്കപ്പെട്ട കിളിയുടെ അവസ്ഥയിലാണ് താന്‍ ജീവിക്കുന്നതെന്ന് ജയലളിത തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും അവര്‍ ഞങ്ങളെ ഉപദേശിക്കുമായിരുന്നു. ശശികലയില്‍ നിന്നും നിരന്തരം താന്‍ ഭീഷണി നേരിടുന്നതായും പറഞ്ഞിട്ടുണ്ട്. ഇക്കാരണത്താലാണ് അവരുടെ എല്ലാക്കഥകളും അറിയാമായിരുന്നിട്ടും വീണ്ടും കൂടെക്കൂട്ടേണ്ടി വന്നത്. ജയയുടെ മറ്റൊരന്തരവളായ ദീപയും അതേ കാര്യങ്ങളാണ് പങ്കു വച്ചത്. മരണക്കിടക്കയില്‍ പോലും ഒന്ന് പരസ്പരം കാണാന്‍ അവര്‍ തങ്ങളെ അനുവദിച്ചില്ല. കൃത്യമായി പ്ലാന്‍ ചെയ്ത കൊലപാതകമായിരുന്നു ഇതെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Related posts