ജിയോ: അറിയേണ്ടതെല്ലാം

jioകണക് ഷൻ കിട്ടിയതുമുതൽ ഒന്നും ചിന്തിക്കാൻ ഒഴിവുണ്ടായിട്ടില്ല. ഡൗണ്‍ലോഡ് ചെയ്യുന്ന തിരക്കായിരുന്നല്ലോ. എത്ര ജിബി സിനിമയും പാട്ടും സ്വന്തം മെമ്മറി കാർഡിലാക്കി എന്ന് ഒരു പിടിയുമില്ല. ജിയോയെക്കുറിച്ചാണു പറയുന്നത്. സൗജന്യം മാറി സർവീസിനു കാശുവാങ്ങിത്തുടങ്ങിയതോടെ ചിന്തകൾക്കു സ്പേസ് കിട്ടിയിരിക്കുന്നു. റീചാർജ് ചെയ്യണോ, ചെയ്തില്ലെങ്കിലും നെറ്റ് കിട്ടുമോ, പ്രൈം മെന്പർഷിപ്പ് എടുക്കണോ, ഇതൊന്നും വേണ്ട പഴയ കണക് ഷനിലേക്കുതന്നെ മടങ്ങണോ… പ്രൈം മെന്പർഷിപ്പോ, റീചാർജോ ചെയ്യാത്ത കണക് ഷനുകൾ റദ്ദാക്കാൻ ജിയോ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നു. ഇടയ്ക്കു പ്രഖ്യാപിച്ച സർപ്രൈസ് ഓഫറുകൾക്ക് ട്രായി തടയിട്ടെങ്കിലും ജിയോ ഇപ്പോഴും ആകർഷകമായ നിലയിൽ തുടരുകയാണ്. നിലവിലെ പ്ലാനുകൾ ഒന്നു പരിശോധിക്കാം.

99 രൂപ നൽകി പ്രൈം മെന്പർഷിപ്പ് എടുക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആയിരുന്നു. 149 രൂപ മുതലുള്ള റീചാർജ് ആണ് ഇപ്പോൾ ജിയോ നൽകുന്നത്. 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ, 300 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്സ് കോളുകൾ എന്നിവയാണ് ഇതിൽ ലഭിക്കുക. പ്രൈം മെന്പർമാർക്കാണ് ഈ സൗകര്യം. ഇതിന്‍റെ നോണ്‍പ്രൈം വേർഷനിൽ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയേ ലഭിക്കൂ.
84 ദിവസത്തെ വാലിഡിറ്റിയുള്ള 309 രൂപയുടെ റീചാർജിൽ പ്രതിദിനം 1 ജിബി പ്രകാരം 84 ജിബി ഡാറ്റ ലഭിക്കും. ദിവസേന 100 എസ്എംഎസ്, ജിയോ ആപ്പിലേക്ക് കോംപ്ലിമെന്‍ററി ആക്സസ് എന്നിവയും നൽകും. 84 ദിവസത്തിനുശേഷം 309 രൂപയുടെ റീചാർജിൽ 28 ദിവസമായിരിക്കും കാലാവധി.

അടുത്തതായി 509 രൂപയുടെ റീചാർജ് നോക്കാം. 84 ദിവസംതന്നെയാണ് ഇതിന്‍റെയും വാലിഡിറ്റി. എന്നാൽ ദിവസേനയുള്ള ഡാറ്റാ ഉപയോഗ പരിധി 2 ജിബി ആയിരിക്കും. ബാക്കി സേവനങ്ങൾ 309 രൂപയുടെ റീചാർജിനു തുല്യം.

പ്രധാന സംശയം ഇടയ്ക്കു പ്രഖ്യാപിച്ച സമ്മർ സർപ്രൈസ് ഓഫർ പ്രകാരം 303 രൂപയ്ക്കും മുകളിലും റീചാർജ് ചെയ്തവരുടെ കാര്യം എന്താകുമെന്നാണ്. അത്തരക്കാർക്കു സമാധാനിക്കാം, പുതിയ പ്ലാനുകൾ ഒന്നുംതന്നെ ഇപ്പോൾ നോക്കേണ്ട. ഓഫർ പ്രകാരം മൂന്നുമാസത്തേക്ക് നിങ്ങൾക്കു സേവനം തുടർന്നും ലഭിക്കും.

ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് ബൂസ്റ്റർ പായ്ക്കുകളും ജിയോ നൽകുന്നു. 11 രൂപ മുതൽ 301 രൂപ വരെയാണ് ഈ റീചാർജുകളുടെ നിരക്ക്. 11 രൂപയ്ക്ക് 0.1 ജിബി, 51ന് 1 ജിബി, 91ന് 2 ജിബി, 201ന് 5 ജിബി, 301ന് 10 ജിബി എന്നിങ്ങനെയാണ് ബൂസ്റ്റർ പായ്ക്കുകളിലൂടെ ലഭിക്കുക. ഇതിന് കാലാവധിയില്ല.

വലിയ തുക ഒറ്റയടിക്ക് മുടക്കാൻ ഉദ്ദേശിക്കുന്നവർക്കായി സാഷേ പ്ലാനുകളും ജിയോ നൽകുന്നു. 19, 49, 96 എന്നിങ്ങനെയാണ് ഇതിന്‍റെ നിരക്കുകൾ. 19 രൂപയ്ക്ക് 200 എംബി ഡാറ്റ, 100 എസ്എംഎസ്, സൗജന്യ വോയ്സ് കോളുകൾ എന്നിവ ലഭിക്കും. ശ്രദ്ധിക്കുക ഇത് ഒരു ദിവസത്തേക്കു മാത്രമാണ്. നോണ്‍പ്രൈം മെന്പർമാർക്ക് 100 എംബി ഡാറ്റയേ ലഭിക്കൂ.
49 രൂപയുടെ റീചാർജിന് 600 എംബി ഡാറ്റയും മുകളിൽ പറഞ്ഞ സേവനങ്ങളും ലഭിക്കും. ഇത് മൂന്നു ദിവസത്തേക്കാണ്. നോണ്‍പ്രൈം അംഗങ്ങൾക്ക് 300 എംബി ഡാറ്റ മാത്രമാണു ലഭിക്കുക.

96 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും തുടർന്ന് 128 കെബിപിഎസ് വേഗത്തിലുള്ള നെറ്റും ലഭിക്കും. ഏഴു ദിവസത്തേക്ക് 100 എംസ്എംഎസ്, വോയ്സ് കോളുകൾ എന്നിവയും ലഭിക്കും. നോണ്‍പ്രൈം അംഗങ്ങൾക്ക് ഡാറ്റയുടെ പരിധി 600 എംബി ആയിരിക്കും.
ധൻ ധനാ ധൻ ഓഫർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും അവസരമുണ്ട്. ഇത് ഒറ്റതവണ റീചാർജിനു മാത്രമാണ് ബാധകം.

ഐഎസ്ഡി പായ്ക്ക്, എസ്എംഎസ് പായ്ക്ക്, ടോക്ക് ടൈം റീചാർജ് എന്നിവയും കന്പനി അവതരിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ജിയോ വെബ്സൈറ്റ് കാണുക.

വി.ആർ.

Related posts