കോപ്പിയടിച്ചെന്ന കോളജിന്റെ വാദം പൊളിഞ്ഞു; ജിഷ്ണു മരണത്തില്‍ പ്രതിഷേധം വ്യാപകം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പ്രധാന ആവശ്യം

jishnu_0901തൃശൂര്‍: ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്‌റു കോളജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഷാബു മാധ്യമങ്ങളോട് പറഞ്ഞു. കോപ്പിയടി പിടിച്ച വിഷമത്തിലാണ് നാദാപുരം വളയം സ്വദേശിയായ ജിഷ്ണു ജീവനൊടുക്കിയതെന്ന കോളജ് അധികൃതരുടെ വാദം ഇതോടെ തെറ്റാണെന്ന് തെളിഞ്ഞു. കോളജ് മാനേജ്‌മെന്റ് കെട്ടുകഥയുണ്ടാക്കുകയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു.

കോപ്പിയടിച്ചാല്‍ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ കോളജ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറിച്ച് കോളജ് റിപ്പോര്‍ട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജില്‍ എത്തിയ ഡോ.ഷാബു പറഞ്ഞു. അതേസമയം, കോളജിനെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ അക്കാഡമിക്ക് അഫിലിയേഷന്‍ പരിശോധിക്കുന്ന സമയം അന്വേഷിക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജിഷ്ണുവിനെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോളജിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിവുമായി രംഗത്തുണ്ട്.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധം വ്യാപകം; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് പ്രധാന ആവശ്യം

നാദാപുരം: പാമ്പാടി നെഹ്‌റു കോളജ് ഓഫ് എന്‍ജിനിയറിംഗിലെ വിദ്യാര്‍ഥി വളയം പൂവ്വംവയലിലെ ജിഷ്ണു പ്രണോയ്(17)യുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന്് ഷാഫി പറമ്പില്‍ എംഎല്‍എയും, ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖും ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതികള്‍ നല്‍കും.

ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്രം നിഷേധിച്ച് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുളള ആരോപണങ്ങള്‍ക്ക് മറയിടാനാണ് ഇത്തരം കോളജുകള്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ഥിയുടെ മരണത്തെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഇ.കെ. വിജയന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം, പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് നാദാപുരത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇന്ന്  ഉച്ചയ്ക്ക് 3.30 ന് വളയത്ത് നടക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്‍ സംബന്ധിക്കും. ഇ.കെ. വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. എസ്എഫ്‌ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കല്ലാച്ചിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോളജിലെ അധികൃതരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

Related posts