പിന്നില്‍ ആര്? ജെഎന്‍യു വിദ്യാര്‍ഥി നജീബിനെ മോചിപ്പിക്കണമെങ്കില്‍ 20 ലക്ഷം നല്‍കണമെന്ന് ഫോണ്‍കോള്‍; കണ്ടെത്തു ന്നവര്‍ക്ക് 10 ലക്ഷം നല്‍കുമെന്ന് പോലീസ്

najeenbന്യൂഡല്‍ഹി:  മൂന്നു മാസങ്ങള്‍ക്ക് മുമ്പ് കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് അജ്ഞാതരുടെ ഫോണ്‍ കോള്‍. നജീബിന്റെ വീട്ടിലേക്ക് വിളിച്ച അജ്ഞാതര്‍ മോചനത്തിനായി 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്. ഫോണ്‍കോള്‍ പിന്തുടര്‍ന്ന പോലീസ് ഉത്തര്‍പ്രദേശിലെ മഹാഗഞ്ച് സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നു. ഷമിം ഏലിയാസ് ശിവ് കുമാര്‍ എന്നാണ് ഇയാളുടെ പേര്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളാണ് നജീബിനെ തട്ടിക്കൊണ്ടു പോയതെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രാഥമീക ചോദ്യം ചെയ്യലില്‍ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇയാള്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്്. ഇയാള്‍ ഒരു തമാശയ്ക്ക് ഫോണ്‍ ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്.

മുമ്പ് നജീബിനെ കണ്ടെന്നു പറഞ്ഞ് അലിഗഡിലുള്ള ഒരു വനിത നജീബിന്റെ വീട്ടിലേക്ക് എഴുത്തയച്ചിരുന്നു. ഇതു കൂടാതെ ബീഹാറിലുള്ള ഒരു ഒരാളും നജീബിനെ കണ്ടെന്നവകാശപ്പെട്ട് രംഗത്തുവന്നിരുന്നു. എബിവിപി വിദ്യാര്‍ഥികളുടെ പീഡനത്തില്‍ വിഷാദത്തിനടിപ്പെട്ട നജീബിനെ ഒക്ടോബര്‍ 14നാണ് കാണാതായത്. സര്‍വകലാശാലയിലേക്കു  ഓട്ടോറിക്ഷയില്‍ പോയതാണ് അവസാനകാഴ്ച.  ഓട്ടോ ഡ്രൈവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. നജീബ് ക്യാമ്പസിനകത്തേക്കു കയറിപ്പോകുന്നതാണ് താന്‍ കണ്ടതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ക്രൈം ബ്രാഞ്ച് സര്‍വകലാശാല അരിച്ചു പെറുക്കിയെങ്കിലും നജീബിനെ കണ്ടെത്താനായില്ല. ഇപ്പോള്‍ നജീബിനെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് 10 ലക്ഷം രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related posts