പഠിക്കാന്‍വേണ്ടി പാത്രം കഴുകലും മേശ തുടയ്ക്കലും ബാക്കി സമയത്ത് മീന്‍ വില്പനയും, ജീവിതപരീക്ഷ പിന്നിട്ട് പ്രഫസറായ നെടുങ്കണ്ടംകാരന്‍ ജോബിന്റെ കഥ

jobin.jpg.image.784.410ജോബിന്‍ ജോസഫ് എന്നത് ഇനി മുതല്‍ ഒരു പേര് മാത്രമാകില്ല. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പടപൊരുതി സ്വപ്‌നസാക്ഷാത്ക്കാരത്തിനായി പ്രയത്‌നിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാകുകയാണ് ഈ ഇടുക്കി നെടുംങ്കണ്ടംകാരന്‍. അധ്യാപകനാകുക എന്ന സ്വപ്‌നത്തിനായി എല്ലാ ജോലികളും ചെയ്ത ഈ യുവാവിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. അക്കഥ ഇങ്ങനെ- ജോബിന്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ടിപ്പര്‍ ഇടിച്ച് അമ്മ കിടപ്പിലാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം കൊണ്ടു മാത്രം കുടുംബം മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ ജോബിന്‍ കഷ്ടപ്പെട്ടു ജോലി ചെയ്ത് പഠനം തുടരാന്‍ തീരുമാനിച്ചു. അതിനായി കാഞ്ഞിരപ്പിള്ളിയിലെ ഒരു ഹോട്ടലില്‍ ജോലിക്കായി ചേര്‍ന്നു. പാത്രം കഴുകലും മേശ തുടയ്ക്കലുമായിരുന്നു ആദ്യം ലഭിച്ച ജോലി. സന്തോഷത്തോടെ ഈ ജോലി ചെയ്തു.

ഹോട്ടല്‍ ജോലി കൊണ്ട് മാത്രം ജീവിതം മുന്നോട്ടു പോകില്ലെന്നു മനസിലാക്കിയതോടെ മീന്‍കടയില്‍ മീന്‍ വെട്ടാന്‍ ചേര്‍ന്നു. ഇതിനിടെ പാര്‍ട്ട്‌ടൈമായി ലോട്ടറി വില്പന, വര്‍ക്ക് ഷോപ്പ് പണി, മെയ്ക്കാഡ്, തുടങ്ങി നിരവധി ജോലികള്‍ ചെയ്തു. അധ്യാപകനാകുകയെന്നതായിരുന്നു ജോബിന്റെ ലക്ഷ്യം. ജോബിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ നിരവധി പേര്‍ ഈ യാത്രയില്‍ തണലായി എത്തി.

ജോലിക്കിടയില്‍ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമൊക്കെ സ്വന്തമാക്കി. ഒടുവില്‍ മുല്ലക്കാനം സാന്‍ജോ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റെ് പ്രഫസറായി ജോലിയാരംഭിച്ചു. യുവാക്കളുടെ മുഴുവന്‍ പ്രചോദനമായി മാറിയിക്കുകയാണ് ഈ യുവാവ്. ജോബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഈ ജീവിതകഥ പുറംലോകം അറിഞ്ഞത്. കഷ്ടപ്പെട്ടു പഠിക്കുന്നവരെ ഒത്തിരി ഇഷ്ടമാണ് എന്നു പറഞ്ഞാണു ജോബിന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. ജോബിന്‍ തന്റെ ജീവിതകഥ പങ്കുവച്ചപ്പോള്‍ സാമൂഹികമാധ്യമമായ ഫേസ്ബുക്ക് അത് ഏറ്റെടുത്ത് വൈറലാക്കി. പോസ്റ്റിട്ട് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിനു ഷെയറും പന്തീരായിരത്തില്‍പരം ലൈക്കുകളുമാണ് ജോബിന്റെ പ്രചോദനാത്മകമായ ജീവിതകഥയ്ക്ക് ലഭിച്ചത്.

Related posts