എന്നെ ചൊല്ലിയാണ് അവന്‍ കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്ന് അവള്‍ പറഞ്ഞിരുന്നെങ്കില്‍! അവനെ കൊല്ലിക്കാന്‍ കൂട്ടുനിന്നവരെ അവള്‍ക്കറിയില്ലേ; ശ്രീജീവിന്റെ കാമുകി സത്യം വെളിപ്പെടുത്തണമെന്ന് മാധ്യമപ്രവര്‍ത്തകന്‍

അടുത്തകാലത്ത് കേരളം ചര്‍ച്ച ചെയ്ത വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് അനിയന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജേഷ്ഠന്‍ ശ്രീജിത്ത് സെക്രട്ടേറിറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം. എഴുന്നൂറിലധികം ദിവസങ്ങളായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാനോ പറയാനുള്ളത് കേള്‍ക്കാനോ ബന്ധപ്പെട്ടവരാരും തയാറായില്ലെന്നതാണ് പ്രശ്‌നമായത്. ഒരു ചാനലില്‍ വന്ന റിപ്പോര്‍ട്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെയാണ് വിഷയത്തെ ആളുകള്‍ ഗൗരവമായെടുത്തതും ശ്രീജിത്തിന് നീതി കിട്ടണം എന്ന ആവശ്യവുമായ കാമ്പയിന്‍ പോലും തുടങ്ങിയതും. അതോടെ വിഷയത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ അന്വേഷണങ്ങള്‍ നടന്നാലും എല്ലാത്തിനും കാരണക്കാരിയായ ആ പെണ്‍കുട്ടി വാ തുറന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹമിങ്ങനൊരു അഭിപ്രായം പങ്കുവച്ചത്. അതിങ്ങനെയായിരുന്നു.

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

ശ്രീജിവ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത് അവന്‍ ഇഷ്ടപ്പെട്ട ഒരു പെണ്ണിന് വേണ്ടിയാണ്. കസ്റ്റഡിയിലെ ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയതും അവള്‍ക്ക് വേണ്ടിയാണ്.
എന്നെ ചൊല്ലിയാണ് അവന്‍ കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്ന് അവള്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞ പക്ഷം അവനെ കൊല്ലിക്കാന്‍ കൂട്ടുനിന്നവര്‍ ആരൊക്കെയെന്ന് അവള്‍ക്ക് അറിയില്ലേ? ഇത്തരമൊരു ചെറുത്ത് നില്‍പ് അവളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നോ എന്നാര്‍ക്കും അറിയില്ല. ഉദാത്തമായ പ്രണയത്തിനു വേണ്ടിയായിരുന്നില്ലേ അവന്റെ ജീവന്‍ നഷ്ടമായത്. സ്ത്രീപക്ഷ വാദികളൊന്നും ഇതേക്കുറിച്ച് മിണ്ടുന്നില്ല.. അവള്‍ക്ക് അത്തരമൊരു പിന്തുണ നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല. ഫെമിനിസ്റ്റുകളും അവരുടെ സ്ഥിരം നാടകവേദിക്കാരേയും ശ്രീജിത്തിന്റെ സമര പരിസരത്ത് എങ്ങും കാണുന്നില്ല. കസബയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമൊക്കെ വാതോരാതെ ന്യായങ്ങള്‍ തട്ടിവിടുന്നവരൊക്കെ എങ്കയോ മറഞ്ഞു.

അനുജനു നീതി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തിനേപ്പോലെ തന്നെ തന്റെ പ്രേമ ഭാജനത്തെ കൊല്ലിച്ചിവരെ കണ്ടു പിടിക്കാനുള്ള ഒരുത്തരവാദിത്തം ഈ പ്രണയനിക്കുമില്ലേ? അതോ പോയവന്‍ പോകട്ടെ. സ്വന്തം കാര്യം സിന്ദാബാദ് എന്നാണോ. പ്രണയം വണ്‍വേ ട്രാഫിക് അല്ലല്ലോ? തന്റെ ഭര്‍ത്താവ് ശങ്കറിനെ ജാതി വെറിയുടെ പേരില്‍ വെട്ടിക്കൊന്ന പിതാവിനെയും കുട്ടാളികളേയും നിയമത്തിന്റെ പിടിയിലെത്തിച്ച് തൂക്കുമരം വാങ്ങിക്കൊടുത്ത പൊള്ളാച്ചിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൗസല്യയുടെ പോരാട്ടം ഏതൊരു പ്രണയിനിക്കും ആവേശം പകരുന്നതാണ്. അനുജന്റെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ഈ കൂടപ്പിറപ്പിന്റെ സമരം ലോകാവസാനം വരെ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി നില നില്‍ക്കുമെന്നുറപ്പാണ്.

 

Related posts