പലര്‍ക്കും രസിക്കാത്ത ചില കാര്യങ്ങള്‍ വിളിച്ചു പറയുന്നതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുന്നു! എനിക്കാണെങ്കില്‍ പറയാതിരിക്കാനും കഴിയില്ല; നിസഹായാവസ്ഥ വെളിപ്പെടുത്തി നടന്‍ ജോയ് മാത്യു

പലര്‍ക്കും രസിക്കാത്ത ചില സത്യങ്ങള്‍ വിളിച്ച് പറയുന്നതുകൊണ്ട് സിനിമയില്‍ പല അവസരങ്ങളും തനിക്ക് നഷ്ടമാകുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ജോയ് മാത്യു രംഗത്ത്. അപ്രിയ സത്യങ്ങള്‍ പറയുന്നതിലും ചില കാര്യങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നതിനാലുമാണിതെന്നും ജോയ് മാത്യു പറയുന്നു.

പലര്‍ക്കും ഇഷ്ടമല്ലാത്തകാര്യങ്ങള്‍ വിളിച്ചു പറയുന്നു. എനിക്കാണെങ്കില്‍ പറയാതിരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് എന്റെ പ്രതികരണം ഇഷ്ടമാവില്ല. അതിന്റെ ഇഷ്ടക്കേട് അവര്‍ കാണിക്കുന്നു. അതുകൊണ്ടൊന്നും ഞാന്‍ പ്രതികരിക്കാതിരിക്കില്ല. ജോയ് മാത്യു പറഞ്ഞു.

അഭിനേതാക്കളുടെ സംഘടനയുടെ നിയമാവലി പൊളിച്ചെഴുതണം. സംഘടനയില്‍ നിന്നു കൊണ്ട് സംഘടനയെ നേരെയാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഘടനയെ എളുപ്പത്തില്‍ പൊളിക്കാം. പക്ഷെ അതല്ല വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജിവച്ച് പുറത്ത് വന്ന് അതിനെ വിമര്‍ശിക്കുന്നതൊക്കെ പഴയ രീതിയാണ്. ജനാധിത്യപരമായ രീതിയില്‍ ചര്‍ച്ച നടത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. കാലത്തിനനുസരിച്ച് മാറ്റം വരുത്തണം. ഏത് സംഘടനയിലും കാലോചിതമായി മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയില്‍ നിന്നും രാജിവെച്ച ശേഷം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നടി രമ്യാ നമ്പീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരുന്ന അവസരങ്ങളും ഇല്ലാതാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും രമ്യാ നമ്പീശനും ആരോപിച്ചിരുന്നു.

Related posts