ഒരു വെടിയ്ക്ക് രണ്ടു പക്ഷി ? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും എംഎല്‍എ സ്ഥാനവും ഒരുമിച്ച് കിട്ടുമെന്ന പ്രതീക്ഷയില്‍ കെ. സുരേന്ദ്രന്‍; സാക്ഷികള്‍ക്ക് സമന്‍സ് വീണ്ടും അയയ്ക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുരേന്ദ്രന് തുണയാവുമോ…

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും എംഎല്‍എ സ്ഥാനവും കെ.സുരേന്ദ്രന് ഒരുമിച്ച് ലഭിക്കുമോ ? മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്ക്ാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടതോടെയാണ് സുരേന്ദ്രന്റെ പ്രതീക്ഷകള്‍ സജീവമാകുന്നത്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കെ. സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കൊടുത്ത കേസില്‍ കെ സുരേന്ദ്രന് അനുകൂലമായ നിര്‍ണായക തെളിവുകള്‍ വീണ്ടും കിട്ടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലും സുരേന്ദ്രന് അനുകൂലമായ നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട 20 പേര്‍ ആ ദിവസം വിദേശത്തായിരുന്നുവെന്നാണ് സത്യവാങ്മൂലം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ച 26 പേരില്‍ 20 പേര്‍ വിദേശത്തായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 259 ആളുകളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇതേത്തുടര്‍ന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ മുഹമ്മദ് വോട്ട് ചെയ്തിരുന്നു എന്ന് റിട്ടേണിങ് ഓഫീസറായ പി.എച്ച് നിസാജുദ്ദീന്‍ ഹൈക്കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വോട്ടര്‍മാരെ വിളിച്ചു വരുത്താന്‍ ഹൈക്കോടതി തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കോടതിയുടെ സമന്‍സ് വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പോലീസ് സഹായം നല്‍കാനും കോടതി ഉത്തരവിടുകയും ചെയ്തു.

മഞ്ചേശ്വരത്ത് വോട്ടിങ്ങില്‍ ക്രമക്കേട് നടന്നു എന്നതിന് കോടതിയില്‍ തെളിവ് എത്തിയത് ലീഗിനും യുഡിഎഫിനും കനത്ത പ്രഹരമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി.നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു സുരേന്ദ്രന്‍ ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.

Related posts