പ്രാഞ്ചിയേട്ടന്‍മാര്‍..! കലോത്സവം ‘ബഡായി മേള’യാക്കി രക്ഷിതാക്കള്‍; ‘ഗപ്പ’ടിക്കാന്‍ സ്‌കൂളുകള്‍ സ്റ്റേഷനിലേക്ക്

KNR-KALOLSAVAM-Lകോഴിക്കോട്: കലോത്സവം തുടങ്ങികഴിഞ്ഞാല്‍ പിന്നെ നെഞ്ചിടിപ്പ് വേദിയില്‍ കയറിയാടുന്ന മത്സരാര്‍ഥികള്‍ക്കല്ല, രക്ഷിതാക്കള്‍ക്കാണ്. അവര്‍ ഒന്നാം സ്ഥാനത്തിനായി നെഞ്ചുരുക്കിേക്കാട്ടെ..,  പക്ഷെ സ്വന്തം മകന് അല്ലെങ്കില്‍ മകള്‍ക്ക് കിട്ടിയ ഗ്രേഡ് കൂട്ടിപറയുന്നതെന്തിന്…? ഇത്തരക്കാരെ കൊണ്ടു തോറ്റു. മീഡിയാ റൂമില്‍ കയറി അവര്‍ അങ്ങ് തകര്‍ക്കുകയാണ്… ബഡായി വിടാന്‍ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ…! മാധ്യമപ്രവര്‍ത്തകര്‍ അതൊട്ടുചോദിക്കുകയുമില്ല.

ഇന്നലെ ഓട്ടന്‍ തുള്ളലില്‍ ഒന്നാംസ്ഥാനവുമായി (വിഭാഗം പറയുന്നില്ല) ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥി എത്തി. സംഭവം ശരിയാണ്, കുട്ടിക്ക് ഒന്നാം സ്ഥാനം തന്നെയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുകയും ചെയ്യും. പക്ഷെ, സംഭവം ഇതൊന്നുമല്ല. പുട്ടിന് തേങ്ങയെന്നപോലെ പീന്നീട് ഈ കുട്ടിയുടെ അമ്മയുടെ അവകാശവാദമാണ് രസകരം. മകന്‍ പിന്നീട് പങ്കെടുത്ത മോണോ ആക്ടിലും ഇംഗ്ലീഷ് നാടകത്തിലും എ ഗ്രേഡ് ഉണ്ടുപോലും. എന്നാല്‍ അമ്മയുടെ വീരവാദം കേട്ട കൂട്ടി തിരുത്തി. മൂന്നാംസ്ഥാനമാണുള്ളതെന്ന് കുട്ടിയുടെ വാമൊഴി. കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തിലും ഓട്ടന്‍ തുള്ളല്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത് മകനാണെന്ന് പറഞ്ഞു

‘തുള്ളിക്കയറിയ’ അമ്മയോട് അപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തില്ലേ?  എന്നായിചോദ്യം. അതോടെ അവര്‍ പരുങ്ങി. പിന്നീട് കുട്ടിതന്നെ ഇടപെട്ട് തനിക്ക് ആദ്യമായാണ് ഒന്നാംസ്ഥാനം ലഭിക്കുന്നതെന്നും സംസ്ഥാന സ്‌കൂള്‍കലോല്‍സവത്തില്‍  ആദ്യമായാണ് മല്‍സരിക്കാന്‍ പോകുന്നതെന്നും കുട്ടി അറിയിച്ചു.

‘മറ്റു രണ്ടിനങ്ങളിലും അപ്പീല്‍ കൊടുത്തിട്ടുണ്ട്’  എന്ന് പറഞ്ഞു അമ്മ മെല്ലെ തടിയൂരി. ഇത് ഒറ്റപ്പെട്ട സംഭവമല്ല, വേദിയില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞാല്‍ കിതപ്പുമാറും മുന്‍പ്  പത്രത്തില്‍ േഫാട്ടോ വരുത്തുന്നതിനുള്ള തത്രപ്പാടിലാണ് രക്ഷിതാക്കള്‍. പ്രത്യേകിച്ച് അമ്മമാര്‍. അച്ഛനേക്കാള്‍ അമ്മമാര്‍ക്കാണ് ഇക്കാര്യത്തില്‍  ‘മിടുക്ക്’.

ഇതിനൊക്കെ പുറമേയാണ് സ്‌കൂള്‍ അധികൃതരുടെ തന്‍ പോരുകളി. ബാന്‍ഡ് മേളത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നേടാറുണ്ടായിരുന്ന നഗരത്തിലെ പ്രമുഖ സ്‌കൂളിന് ‘ഗപ്പ്’ നഷ്ടമായപ്പോള്‍ അവര്‍ ഒന്നാംസ്ഥാനം നേടിയ സ്‌കൂളിനെതിരേ അധികൃതര്‍ക്കും പോലീസിനും പരാതിനല്‍കി. വിജയികളുടെ ചിത്രം പത്രത്തില്‍ അച്ചടിച്ചുവരാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തു.  ഇതാണ് കളി, വേദിക്കു പുറത്തെ കളി.  ചില സ്ഥിരം പ്രാഞ്ചിയേട്ടന്മാരും രംഗത്തുണ്ട്. പത്രത്തില്‍ വന്നാലല്ലേ നാലാളറിയൂ…..! അതിനുവേണ്ടിയാണീ പെടാപ്പാട്.

Related posts