അപ്പുച്ചേട്ടന് ഒന്നും ഒളിക്കാനില്ല! ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതും അതുകൊണ്ടാണ്; അദ്ദേഹത്തിന് സന്തോഷമായി ജീവിക്കാന്‍ അധികമൊന്നും ആവശ്യവുമില്ല; പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് കല്ല്യാണി പറയുന്നു

pranavതാരപുത്രരുടെ സിനിമയിലേയ്ക്കുള്ള കടന്നുവരവിന് സാക്ഷ്യംവഹിക്കുകയാണ് ഏറെനാളായി മലയാള സിനമാലോകം. മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രയദര്‍ശന്റെ മകള്‍ കല്ല്യാണിയുമെല്ലാം ഇപ്പോള്‍ മലയാള സിനിമാലോകത്തേയ്ക്ക് കാലുവച്ചുകഴിഞ്ഞു. കല്ല്യാണിയോടപ്പമുള്ള ഒരു ചിത്രം പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അത് ഏറെ ഗോസിപ്പുകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് അധികം പിടികിട്ടാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗവും എന്നത് മറ്റൊരു പ്രത്യേകത. പ്രവിനെയും തന്നെയും വിവാദത്തിലേയക്ക് വലിച്ചിഴയ്ക്കുന്നതിന് മുമ്പ് മുന്‍കൂര്‍ ജാമ്യമെന്നവണ്ണം കല്ല്യാണി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്.

‘ലാലങ്കിളിന്റെ മകന്‍ അപ്പുച്ചേട്ടന്‍( പ്രണവ് മോഹന്‍ലാല്‍) ആണ് ഞങ്ങളുടെ ഫാമിലി സര്‍ക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടന്‍ ജീവിക്കുന്നതു കാണുമ്പോള്‍ അത്ഭുതമാണ്. ഒരു ടീ ഷര്‍ട്ടും ഒരു ജീന്‍സും ഒരു ചപ്പലും ഉണ്ടെങ്കില്‍ അപ്പുച്ചേട്ടനു സന്തോഷമായി ജീവിക്കാനാകും. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകള്‍ വന്നു. അന്നു അപ്പുച്ചേട്ടനും ഞങ്ങളും ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലം മുതല്‍ എന്റെ ചേട്ടനും ഫ്രണ്ടുമാണ് അപ്പുച്ചേട്ടന്‍. ഞങ്ങള്‍ ഒരു കുടുംബംതന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണ് അപ്പുച്ചേട്ടന്‍. ‘സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഞാന്‍ സിനിമയുടെ ലോകത്തായിരുന്നു. എല്ലാ രക്ഷിതാക്കളെയുംപോലെ എന്നെയും വഴി തിരിച്ചുവിടാന്‍ നോക്കി. അങ്ങിനെയാണ് ആര്‍ക്കി ടെക്ചര്‍ പഠിച്ചത്.

സിനിമയിലെ വിമര്‍ശനവും വിജയ പരാജയവും എനിക്കു താങ്ങാനാകില്ലെന്നു അവര്‍ കരുതിക്കാണും. അതെല്ലാം പഠിച്ചിട്ടും ഞാന്‍ തിരിച്ചെത്തിയതു സാബു സിറിലിന്റെ കൂടെ ജോലി ചെയ്യാനാണ്. അച്ഛന്‍ എന്നും വീട്ടില്‍ സാബു അങ്കിളിനെക്കുറിച്ചു പറയും. അറിയാതെ വലിയൊരു ബഹുമാനം മനസ്സില്‍ വളര്‍ന്നുവന്നു. ക്രിഷ് എന്ന സിനിമയില്‍ ഞാനും സഹായിയായി കൂടെയുണ്ടായിരുന്നു. പിന്നീടു ഞാന്‍ സാബു അങ്കിളിന്റെ അസിസ്റ്റന്റ് സുരേഷിന്റെ കൂടെ ഒരു സിനിമയില്‍ കലാസംവിധാനം ചെയ്തു. അച്ഛന്‍ ഒരു ജോലി തുടങ്ങിയാല്‍ അതിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴും ഒരു ദിവസംപോലും വിടാതെ വീടുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. അമ്മയാകട്ടെ രാവിലെ നാലിനു എഴുന്നേല്‍ക്കും, യോഗ ചെയ്യും. പിന്നീടു പ്രാര്‍ഥിക്കും. ലളിതാസഹസ്രനാമം ചൊല്ലും. വളരെ ചിട്ടയായാണു അമ്മ ജീവിച്ചു കാണിച്ചത്. എന്നെയും ചന്തുവിനെയും രൂപപ്പെടുത്തിയത് ഈ രണ്ടു മാതൃകകള്‍തന്നെയായിരിക്കണം. .ഇതല്ലാതെ ആരും എന്റെ ജീവിതത്തില്‍ എന്നെ സ്വാധീനിച്ചതായി തോന്നിയിട്ടില്ല. അഭിനയിക്കണമെന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞതു അമ്മയോടു ചോദിക്കണമെന്നാണ്. അമ്മ അച്ഛനോടു ചോദിക്കാന്‍ പറഞ്ഞു. എനിക്കുതോന്നുന്നു എന്റെ വഴി ഇതാണെന്നു അവര്‍ക്കറിയാമായിരുന്നുവെന്ന്’. കല്ല്യാണി പറഞ്ഞുനിര്‍ത്തുന്നു.

Related posts