ആളു കുറയുമ്പോഴും തള്ള് കുറയ്ക്കാതെ കമലെന്ന് സൈബര്‍ലോകം, വിദ്യ ബാലന്‍ ആയിരുന്നെങ്കില്‍ മിമിക്രി പടമാകുമായിരുന്നു, വിജയിച്ചതിന് കാരണം വിദ്യ ഇല്ലാത്തതിനാല്‍, കമലിനെ ട്രോളിയും വിമര്‍ശിച്ചും സോഷ്യല്‍മീഡിയ

വളരെ പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നു ആമി. മലയാളത്തിലെ എണ്ണംപറഞ്ഞ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ആഭ്രപാളിയിലേക്ക് പറിച്ചുനട്ടപ്പോള്‍ പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതുമില്ല. റിലീസ് ചെയ്ത ഒരാഴ്ച്ച പിന്നിടുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം നെഗറ്റീവ് റിവ്യു വന്നതോടെ തിയറ്ററിലും ആമി കാണാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. പ്രണവ് മോഹന്‍ലാലിന്റെ ആദിയും ബിജു മേനോന്റെ റോസപ്പൂവും കൂടുതല്‍ ആരാധകരെ ആകര്‍ഷിച്ച് മുന്നേറുന്നതിനിടെയാണ് ആമിയുടെ കളക്ഷന്‍ താഴേക്കു പോകുന്നത്.

അതിനിടെ വിദ്യാ ബലനെതിരേ ആമിയുടെ സംവിധായകന്‍ കമല്‍ വീണ്ടും രംഗത്തു വന്നു. ആമി സിനിമ മിമിക്രിയല്ലെന്നും വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍ കോഴിക്കോട്ട് പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. മൂന്ന് വര്‍ഷത്തിലധികം മാധവിക്കുട്ടിയെക്കുറിച്ച് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആമി ഒരുക്കിയത്. മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ യെ മാത്രമല്ല ആമിയില്‍ അവതരിപ്പിച്ചത്.

മുപ്പത്തിയെട്ടാം വയസ്സിലെ ആത്മകഥയില്‍ നിന്നും പുറത്തുവന്ന് 78ാം വയസ്സുവരെയുള്ള ജീവിതം സിനിമയില്‍ ഉണ്ട്. ആമിയുടെ ദിവ്യ പ്രഭയില്‍ തിരസ്‌ക്കരിക്കപ്പെട്ട മാധവദാസിനെകുറിച്ച് വളരെ മികച്ച രീതിയില്‍ കഥ പോയിട്ടുണ്ട്. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതവും, മതം മാറിയ അല്ലെങ്കില്‍ ലൗജിഹാദിന് വേണ്ടി മതം മാറി എന്ന് പറയുന്ന മാധവിക്കുട്ടിയെയും മാത്രമാണ് വായനാലോകത്തിന് അറിയുന്നതെന്നും കമല്‍ പറഞ്ഞു.

കമലിനെതിരേ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധവും ട്രോളുകളും പ്രവഹിക്കുകയാണ്. നെഗറ്റീവ് റിവ്യൂകള്‍ ഫേസ്ബുക്കിന്റെ സഹായത്തോടെ നീക്കം ചെയ്തതാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചത്. നിരവധിപ്പേരാണ് കമലിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരേ രംഗത്തു വന്നത്. സിനിമ കണ്ട ചിലര്‍ ഒഴിഞ്ഞ തിയറ്ററില്‍ ആമി പ്രദര്‍ശിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് കലിപ്പ് തീര്‍ത്തത്.

Related posts