കഞ്ചാവ് വില്‍ക്കാന്‍ പുതിയ തന്ത്രം! സംഘത്തില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന നിരവധി യുവതികള്‍; പിടിയിലായ യുവതി കഞ്ചാവിന് അടിമയും

Kanjav

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ ലോഡ്ജില്‍ താമസിച്ച് കഞ്ചാവ് വില്പന നടത്തുന്ന യുവതി ഉള്‍പ്പെടെയുള്ള നാലംഗസംഘം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി. വൈപ്പിന്‍ മുരുക്കുംപാടം തൈവേലിക്കകത്ത് വിനീഷ് (20), ആലപ്പുഴ കോമളപുരം വടക്കുഴി വെളിയില്‍ വീട്ടില്‍ പ്രദീപ് (20), പുതുവൈപ്പ് തുണ്ടത്തില്‍ രാഹുല്‍(23), ഇടക്കൊച്ചി പട്ടിത്തറ ദില്‍ഷിദ (21) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കല്‍ നിന്ന് അരകിലോ കഞ്ചാവ് പിടികൂടി. ലോഡ്ജ് കേന്ദ്രീകരിച്ച്  മയക്കുമരുന്നു വില്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു സെന്‍ട്രല്‍ എസ്‌ഐ ഡി. ദീപുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മറൈന്‍ ഡ്രൈവിലെ കെട്ടുവള്ളം റെസ്‌റ്റോറന്‍റിനു സമീപം പകലും രാത്രിയിലുമായി സംഘം ചേര്‍ന്നാണ് ഇവര്‍ വില്പന നടത്തിയിരുന്നത്.

പിടിയിലായ യുവതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ഈ സംഘത്തില്‍ നഗരത്തിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന വൈപ്പിന്‍ സ്വദേശിനികളായ യുവതികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ചിരുന്നത് വിനീഷും രാഹുലും ചേര്‍ന്നാണ്. സംഘത്തിലെ യുവതികള്‍ വഴിയാണ് കഞ്ചാവു വില്പന നടത്തിയിരുന്നത്.

ഡെപ്യുട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. ലാല്‍ജി, സിഐ ജി.ഡി. വിജയകുമാര്‍,  സെന്‍ട്രല്‍ എസ്‌ഐ ഡി. ദീപു, എഎസ്‌ഐ ആന്‍റണി, സിപിഒമാരായ അരുണ്‍, ജബ്ബാര്‍, ജോബി ചാക്കോ, അനീഷ്,സജിത എന്നിവര്‍ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts