Set us Home Page

പരിചയപ്പെടാം, ടു ഇന്‍ വണ്‍ മരച്ചീനിയെ

kar_2016dec28wa1കണ്ടാല്‍ കുറ്റിച്ചെടി, ചുവടുകുഴിച്ചാല്‍ മരച്ചീനി. ചെടിയായും ഭക്ഷണത്തിനും രണ്ടുപയോഗമുള്ള മരച്ചീനി. നാലുപാടും ഇലകള്‍ വീശി, നിറയെ ശിഖരങ്ങളുമായി ഒരു തണല്‍ച്ചാര്‍ത്ത് തീര്‍ക്കുന്ന ഹരിതസൗന്ദര്യം. കണ്ടാല്‍ പെട്ടെന്നാരും ഇതൊരു മരച്ചീനിയാണെന്നു പറയില്ല. എന്നാല്‍ കൂര്‍ത്തുനേര്‍ത്ത വിരലുകള്‍ പോലുള്ള ഇലകള്‍ ഉണ്ട് എന്നേയുള്ളൂ. സാധാരണ മരച്ചീനി ഇനത്തില്‍പ്പെടുന്നതു തന്നെയാണ് ഇവയും. പടര്‍ന്നു പന്തലിച്ചത് പോലുള്ള നില്‍പ്പ് കണ്ടാവും നഗരങ്ങളില്‍ ചില വൃക്ഷസ്‌നേഹികളൊക്കെ ഇപ്പോള്‍ ഈ മരിച്ചീനിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്തും തൊടിയിലും നട്ടുവളര്‍ത്തുന്നത്. കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന മരിച്ചീനിയുടെ ഇലകളില്‍ നിന്നും വ്യത്യസ്തമായ ഇലകളാണ് ഇതിന്റെ പ്രധാന സവിശേഷത. കൈവിരലുകളുടെ മാതൃകയില്‍ ഏഴു കൂര്‍ത്ത ഇലഇതളുകളാണ് ഈ മരിച്ചീനിക്കുള്ളത്. മരിച്ചീനി ഇലയുടെ തണ്ട് ചുവപ്പ് തന്നെയെങ്കിലും മുഖ്യ കമ്പിന് ഇളംപച്ച നിറമാണ്. നീളമുള്ള വെള്ള നിറത്തിലെ മരിച്ചീനിയാണ് ലഭിക്കുന്നത്. ഇവ സാധാരണ പോലെ തന്നെ പുഴുങ്ങിയോ കറിവച്ചോ കഴിക്കാം.

നല്ലവളക്കൂറുള്ള മണ്ണില്‍ നന്നായി പരിപാലിച്ചുവളര്‍ത്തുമ്പോഴാണ് ഇതു പോലെ നിറയെ ഇലച്ചാര്‍ത്തുള്ള ഒരു തണല്‍ ച്ചെടിയുടെ സൗകുമാര്യവും കുളിര്‍മ്മയും ലഭിക്കുന്നത്. നെല്‍പാടങ്ങളിലും തഴച്ചുവളരും. ഈ മരിച്ചീനി ചെടിയുടെ ഭംഗിയും, തണലും കൊണ്ടാവും ഫലച്ചെടിഎന്നതിനെക്കാള്‍ അലങ്കാരച്ചെടിയായാണ് പലരും ഇതു വളര്‍ത്തുന്നത്. കേരളത്തില്‍ പതിവായി കാണുന്ന മരിച്ചീനിയില്‍ നിന്നും വ്യത്യസ്ഥമായതുകൊണ്ടു തന്നെ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനെ ഒരു കിഴങ്ങുവര്‍ഗമായി കരുതാത്തവരും ഉണ്ട്. അതായത് മണ്ണില്‍ ശീതളഛായ പരത്തുന്ന ചെടി പിഴുതാല്‍ മനുഷ്യര്‍ക്കു കഴിക്കുവാന്‍ കഴിയുന്ന മരിച്ചീനി ലഭിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട് എന്നര്‍ഥം. ഗാമ്പിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാണുന്ന മരിച്ചീനി ഇനങ്ങളോട് സാമ്യമുള്ളതിനാല്‍ ഗാമ്പിയകസാവ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പരാമര്‍ശമുണ്ട്.

വെറും മരിച്ചീനി അല്ല എന്ന തോന്നലുള്ളതുകൊണ്ടാവും കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ ഇതു ചെടിചീനി എന്നാണറിയപ്പെടുന്നത്. വ്യത്യസ്ഥമായ ആകൃതിയില്‍ കാണപ്പെടുന്നെങ്കിലും മരച്ചീനി ഇനത്തില്‍ പ്പെടുന്നത് തന്നെയാണിതെന്നു സിറ്റിസിആര്‍ഐ ക്രോപ്പ് ഇംപ്രൂവ്‌മെന്റ് ഡിവിഷന്‍ മേധാവി ഡോ. എം.എന്‍. ഷീല പറയുന്നു. വെള്ളനിറത്തിലെ മരിച്ചീനി അത്ര പ്രചാരത്തിലില്ലാത്തതിനാലാണ് നാട്ടുകാര്‍ക്കു കൗതുകം തോന്നുന്നത്. തമിഴ്‌നാട്ടിലൊക്കെ വെള്ള നിറത്തിലെ മരിച്ചീനിയും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട് എന്നും ഡോ. ഷീല പറയുന്നു. കേരളത്തില്‍ പത്തനംതിട്ട, ഇലന്തൂര്‍ എന്നിവിടങ്ങളിലും ഇത്തരം മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. 1600 ഓളം വ്യത്യസ്ഥങ്ങളായ മരിച്ചീനി ഇനങ്ങള്‍ (ഇലമാതൃകകളിലെ വ്യത്യസ്തത ഉള്‍പ്പെടെ) സിറ്റി സിആര്‍ഐയില്‍ ലഭ്യമാണ്. ഫോണ്‍: മഞ്ജുള– 9745505465.

എസ്. മഞ്ജുളാദേവി

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS