കാശ്മീരി പണ്ഡിറ്റുകള്‍ക്കായി കവിത സമര്‍പ്പിച്ച് അനുപം ഖേര്‍;കാഷ്മീരില്‍ നിന്നു പണ്ഡിറ്റുകള്‍ കൂട്ടപ്പാലായനം ചെയ്തിട്ട് ഇന്ന് 27 വര്‍ഷം

anupamന്യൂഡല്‍ഹി: കാഷ്മീരി പണ്ഡിറ്റുകള്‍ കാഷ്മീരില്‍ നിന്നു പാലായനം ചെയ്തതിന്റെ 27-ാം വാര്‍ഷികത്തില്‍ അവര്‍ക്കായി കവിത സമര്‍പ്പിച്ച് ബോളിവുഡ് താരം അനുപം ഖേര്‍. പണ്ഡിറ്റുകളുടെ പാലായനത്തെക്കുറിച്ച് അനുപം ഖേര്‍ പറയുന്ന വീഡിയോട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.കാഷ്മീര്‍ താഴ്‌വരയിലുണ്ടായ കലാപത്തെത്തുടര്‍ന്നായിരുന്നു പണ്ഡിറ്റുകള്‍ക്ക് അവിടം വിടേണ്ടിവന്നത്. അതിന്റെ വിശദാംശങ്ങളും വീഡിയോയില്‍ കാണാം.

” 27 വര്‍ഷമായി കാഷ്മീരി പണ്ഡിറ്റുകള്‍ നമ്മുടെ രാജ്യത്ത് അഭയാര്‍ഥികളായി കഴിയുകയാണ്. അവരുടെ നിശബ്ദമായ നിലവിളിയേക്കുറിച്ചുള്ളതാണ് ഈ കവിത. ഇത് നിങ്ങള്‍ പങ്കുവയ്ക്കുക”. കാഷ്മീരി ബ്രാഹ്മണനായ അനുപം ഖേര്‍ പറയുന്നു. കാഷ്മീരി പണ്ഡിറ്റുകള്‍ ദുരിതമനുഭവിക്കുകയാണെന്നു പറഞ്ഞ ഖേര്‍ ഇനിയും നിങ്ങള്‍ നിശബ്ദരായി ഇരുന്നു കൂടാ എന്ന മുന്നറിയിപ്പും നല്‍കുന്നു.” നമ്മുടെ ഈ നിശബ്ദത ലോകമാകെ വ്യാപിക്കണം…കടലിലെ ഉപ്പുപോലെ…നമ്മളുടെ ജന്മഭൂമിയില്‍ നമ്മെ പീഡിപ്പിച്ചവര്‍ക്ക് നമ്മള്‍ മറുപടി കൊടുക്കണം” ഖേര്‍ വീഡിയോയില്‍ പറയുന്നു. പ്രശസ്ത കാഷ്മീരി കവിയായ ഡോ. ശശി ശേഖര്‍ തോഷ്കാനി രചിച്ച കവിതയാണിത്.

” ഒരു കാഷ്മീരി പണ്ഡിറ്റുകളും ആ ദിവസം മറക്കില്ല. മസ്ജിതില്‍ നിന്നുമായിരുന്നു  ‘ കാഷ്മീരി പണ്ഡിറ്റുകള്‍ എല്ലാവരും വീടുപേക്ഷിച്ചു പോവുക എന്ന അനൗണ്‍സ്‌മെന്റ് വന്നത്. ആ രാത്രി കാഷ്മീരി പണ്ഡിറ്റുകള്‍ക്കും ബന്ധുക്കള്‍ക്കും ഒരിക്കലും മറക്കാനാവില്ല. ആ സംഭവം കഴിഞ്ഞിട്ട് 27 വര്‍ഷം പിന്നിടുകയാണ്. ആ കൂട്ടപ്പാലായനത്തിന്റെ ദിനം ആഘോഷിക്കേണ്ടതല്ല. പക്ഷെ ഓര്‍മിക്കപ്പെടേണ്ടതാണ്. നമ്മുടെ വാക്കുകള്‍ അവഗണിക്കുന്നവരുടെ  കാതുകളില്‍ നമ്മുടെ ശബ്ദങ്ങള്‍ എത്തിക്കേണ്ടതുണ്ട്”. ഖേര്‍ പറയുന്നു.

1990 ജനുവരി 19ന് 60000ല്‍ അധികം കാഷ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് അന്ന് കാഷ്മീര്‍ താഴ് വരയില്‍ നിന്ന് കൂട്ടപ്പാലായനം ചെയ്തതെന്നും ഖേര്‍ പറയുന്നു. ഇതിനു പിന്നില്‍ പാകിസ്ഥാനായിരുന്നു. 2008ല്‍ പുറത്തുവന്ന ജമ്മു-കാഷ്മീര്‍ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 25000ല്‍ അധികം പണ്ഡിറ്റ് കുടുംബങ്ങള്‍ ലഹള പൊട്ടിപ്പുറപ്പെട്ട 1989 മുതല്‍ പാലായനം നടത്തിയിട്ടുണ്ട്. 1989നും 2004നും ഇടയില്‍ 209 പണ്ഡിറ്റുകള്‍ കാഷ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. എന്നാല്‍ വിവിധ പണ്ഡിറ്റ് സംഘടനകളുടെ കണക്കനുസരിച്ച് ആയിരങ്ങള്‍ വരുമിത്. എന്നാല്‍ പണ്ഡിറ്റുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നുവരെ ആര്‍ക്കും ശിക്ഷ കിട്ടിയിട്ടില്ല എന്നാണ് പണ്ഡിറ്റ് അക്ടിവിസ്റ്റുകള്‍ പറയുന്നത്. ഇന്ന് മുസ്ലിംഭൂരിപക്ഷ പ്രദേശമായ കാഷ്മീര്‍ താഴ് വരയില്‍ പണ്ഡിറ്റുകള്‍ ന്യൂനപക്ഷമാണ്. ഓരോ ദിവസം കഴിയുംതോറും പണ്ഡിറ്റുകള്‍ കാഷ്മീര്‍ വിട്ട് ജമ്മുവിലേക്കു കുടിയേറുന്നത് തുടര്‍ കാഴ്ചയാവുകയാണ്.

Related posts