വീണ്ടും സര്‍ക്കാരിന്റെ വഴിവിട്ട സ്ഥാനക്കയറ്റം, പിന്നില്‍ കണ്ണൂരിലെ ഉന്നതന്‍, കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ നിരീക്ഷണത്തിലുള്ള ഡോക്ടര്‍ക്ക് പ്രമോഷന്‍

Pinarayiആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജ് വധക്കേസില്‍ പ്രതികളായവര്‍ക്കു സഹായം ചെയ്‌തെന്ന സംശയത്തില്‍ സിബിഐയുടെ നിരീക്ഷണത്തിലുള്ള ഡോക്ടര്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ വക സ്ഥാനക്കയറ്റം. ഡോക്ടര്‍ ലതീഷിനാണ് ആരോഗ്യവകുപ്പില്‍ പ്രോഗ്രാം ഓഫീസറായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. മനോജ് കൊല്ലപ്പെടുന്നതിനുമുമ്പ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആര്‍എംഒ ആയിരുന്നു ഡോ.ലതീഷ്. മനോജ് കൊലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിക്രമനു മാനസികാസ്വാസ്ഥ്യമുണ്ടെന്നു കാണിച്ചു ബംഗളൂരു നിംഹാന്‍സിലേക്കു റഫര്‍ ചെയ്തു ഡോ.ലതീഷ് കത്തുനല്‍കിയിരുന്നു.

മനോജ് വധക്കേസിനു ശേഷം കേസന്വേഷിച്ച സിബിഐയാണ് ഇതു കണ്ടെത്തിയത്. കൊലപാതകം നടത്താന്‍ വിക്രമന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തീരുമാനിച്ചതാണെന്നും എന്നാല്‍, കേസില്‍പ്പെട്ടാല്‍ രക്ഷപ്പെടാനായി ഡോക്ടറെ സ്വാധീനിച്ചു മാനസികാസ്വാസ്ഥ്യ സര്‍ട്ടിഫിക്കറ്റ് നേരത്തെ നിശ്ചയിച്ചതു പ്രകാരം ഒരുക്കിയതാണെന്നുമാണ് സിബിഐയുടെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തിരുന്നു.

ചോദ്യംചെയ്യലില്‍ ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയാണു കത്തു നല്‍കിയതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ സിബിഐക്കു മൊഴി നല്‍കിയത്. സാധാരണയായി നിംഹാന്‍സില്‍ ചികിത്സ തേടാന്‍ ഇത്തരത്തിലുള്ള ഒരു റഫറന്‍സ് ലെറ്ററിന്റെ ആവശ്യമില്ല. എന്നിട്ടും ഡോ.ലതീഷ് ഇത്തരം ഒരു കത്തു നല്‍കിയതു സിപിഎമ്മിലെ ഒരു ഉന്നതന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും സിബിഐ പറയുന്നു.

Related posts