ജെസ്‌നയെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ ! മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തു പറയാന്‍ സാധിക്കില്ല…

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും അതിന് കുറച്ച് കൂടി സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ (20) കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജെസ്‌ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചതായി സര്‍്ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാണാതായ ദിവസം രാവിലെ എട്ടുമണിയോടടുത്ത് ജെസ്‌ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ അല്‍പസമയത്തിനു ശേഷം പിതാവ് ജയിംസ് ജോലിസ്ഥലത്തേക്ക് പോയി മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി.

പിന്നീട് ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.

ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല.

കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിട്ടും ജെസ്‌നയെക്കുറിച്ച് യാതൊരു വിവരവും കിട്ടാഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെപ്പറ്റി സൂചന നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

അതിനു ശേഷം ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട് പലരും രംഗത്തെത്തിയെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ അതിലൊന്നും കഴമ്പില്ലെന്ന് വ്യക്തമാവുകയും ചെയ്തു. കേസ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിടണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്.

Related posts