കോല്‍ക്കത്ത പോലീസ് ഇനി പറപറക്കും ഹാര്‍ലി ഡേവിഡ്‌സണില്‍; വാങ്ങുന്നത് ഹാര്‍ലിയുടെ സ്ട്രീറ്റ് 750 ബൈക്കുകള്‍

harly600ദുബായ് പോലീസ് റോള്‍സ് റോയ്‌സ് ഉപയോഗിക്കുന്ന വാര്‍ത്ത വന്നതിനു പിന്നാലെ കോല്‍ക്കത്ത പോലീസ് ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങുന്നതായി വിവരം. കോല്‍ക്കത്ത് പോലീസ് സേനയിലേക്കെത്തുന്നത് ഹാര്‍ലിയുടെ അഞ്ച് സ്ട്രീറ്റ്750 ബൈക്കുകളാണ്. അഞ്ചു ലക്ഷമാണ് വില. പോലീസ് സേനയില്‍ ഹാര്‍ലിയുടെ ഹൈ പവര്‍ ക്രൂസര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കൊല്‍ക്കത്ത. നേരത്തെ ഗുജറാത്ത് പോലീസും ഹാര്‍ലിയിലേക്ക് ചുവടുമാറ്റിയിരുന്നു. ഹാര്‍ലി നിരയില്‍ ഏറ്റവും വില കുറഞ്ഞവനാണ് സ്ട്രീറ്റ് 750. ഗുജറാത്ത് പോലീസും വാങ്ങിയത് ഇതേ സ്ട്രീറ്റ് 750 തന്നെയാണ്.

ലോകത്തുള്ള 45 രാജ്യങ്ങളിലെ പോലീസ് സേനകള്‍ ഹാര്‍ലി ഉപയോഗിക്കുന്നുണ്ട്. പോലീസ് സേനയുടെ ആവശ്യാനുസരണം നിരവധി മോഡിഫിക്കേഷനുകള്‍ വാഹനത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. നിറം വെള്ളയിലേക്ക് ചുവടുമാറ്റി. അടിയന്തര ആവശ്യങ്ങള്‍ക്കായി സയറന്‍, എമര്‍ജന്‍സി ലൈറ്റുകളും ഉള്‍പ്പെടുത്തി. വലിയ വിന്‍ഡ് ഷീല്‍ഡ്, സ്‌റ്റോറേജ് ബോക്‌സ്, പില്യന്‍ ബാക്ക്‌റെസ്റ്റ്, ക്രോം ക്രാഷ് ഗാര്‍ഡ് എന്നിവ അഡീഷണലായി നല്‍കിയിട്ടുണ്ട്. 750 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 58 ബിഎച്ച്പി കരുത്തും 65 എന്‍എം ടോര്‍ക്കാണ് നല്‍കുക. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

സംസ്ഥാന മന്ത്രിമാര്‍ക്കും മറ്റ് വിശിഷ്ട വ്യക്തികള്‍ക്കുമുള്ള എസ്‌കോര്‍ട്ട് ചുമതലകള്‍ക്കാണ് സ്ട്രീറ്റ് 750 പ്രധാനമായും ഉപയോഗിക്കുക. കള്ളന്‍മാര്‍ ഇനി ഏത് സൂപ്പര്‍ കാറില്‍ കയറി രക്ഷപ്പെട്ടാലും ഹാര്‍ലിയുടെ വേഗത്തിനു മുമ്പില്‍ അത് നിഷ്പ്രഭമാവും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇവന് വെറും 6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗം. 218 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

Related posts