വെള്ളക്കൂവ; ഒരേക്കറില്‍ 6ലക്ഷം വരുമാനം

koovalരോഗങ്ങള്‍ ഒന്നും തന്നെയില്ല. കേരളത്തിലെ ഏതു മണ്ണിലും വളരും. ഒരേക്കറില്‍ കൃഷിചെയ്താല്‍ ആറുലക്ഷം വരെ വരുമാനമുണ്ടാക്കാം. വിളവെടുപ്പു കാത്തിരുന്നു മുഷിയുമെന്നും പേടിവേണ്ട. വെറും ഏഴുമാസം മതി കൂവ കാശാകാന്‍. വളപ്രയോഗമോ ജലസേചനമോ വേണ്ട എന്നതും പ്രത്യേകതയാണ്. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ് കൂവ. ശരീരത്തെ തണുപ്പിക്കാന്‍ അത്യപൂര്‍വ ശക്തി. കരീബിയക്കാരുടെ ഭാഷയില്‍ ആരു ആരു (aruaru meal of meals) ഭക്ഷണങ്ങളുടെ ഭക്ഷണം എന്നാണ് കൂവ അറിയപ്പെടുന്നത്. ഇതില്‍ നിന്നാണ് കൂവയ്ക്ക് ആരോറൂട്ട് എന്നപേരുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്.

പൊതുവേ പറയുന്ന മറ്റൊരു കഥ കൂടുതല്‍ വിശ്വസനീയമാണ്. വിഷ അമ്പുകള്‍ (ഇംഗ്ലീഷ് ഭാഷയില്‍ ആരോ) ശരീരത്തു തറയ്ക്കുമ്പോള്‍ അതിന് ചികിത്സക്കായി ഉപയോഗിച്ചതിനാലാണ് ആരോറൂട്ട് എന്നപേര് ഇംഗ്ലീഷില്‍ വന്നതെന്ന്. എന്തുമായിക്കൊള്ളട്ടെ ഒരു ആഹാരമെന്ന നിലയിലും ഔഷധമായും കൂവയ്ക്കുള്ള പ്രാധാന്യം പേരിന്റെ ഉത്ഭവ കഥയില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളു. കേരളത്തില്‍ അധികം വ്യാപിക്കാത്ത കൂവ കൃഷിചെയ്യുകയും മൊത്തമായി എടുക്കുകയും വില്‍പനനടത്തുകയുമൊക്കെ ചെയ്യുന്ന ഒരു കര്‍ഷകനാണ് പാലക്കാട് വാണിയംകുളം പാവുക്കോണം അടവക്കാട് വീട്ടില്‍ അജിത്ത് കുമാര്‍.വെള്ളക്കൂവ പരമ്പരാഗതമായി കൃഷി ചെയ്യുന്ന കുടുംബമായിരുന്നു അജിത്തിന്റെത്. അത് അജിത്തും തുടരുന്നു.

കൃഷിരീതി

അജിത്തിന്റെ വീടിനു സമീപത്തെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ കൂവച്ചെടികളുടെ പച്ചപ്പാണ്. നല്ല വെയില്‍ ലഭിക്കുന്ന പുരയിടം. കൂവയുടെ കിഴങ്ങെടുത്തതിനു ശേഷമുള്ള ചുവടാണ് നടാനായുപയോഗിക്കുന്നത്. കൂവ പറിച്ചശേഷം ഈ ചുവട് വാരങ്ങള്‍ക്കു മധ്യേയുള്ള കുഴിയില്‍ ഇട്ട് പുറത്തു മണ്ണിടും. ജൂണ്‍, ജൂലൈ മാസങ്ങളാണ് കൂവ നടാന്‍ ഉത്തമം. ജനുവരി, ഫെബ്രുവരി മാസത്തില്‍ വിളവെടുക്കാം. വിളവെടുത്ത ഉടന്‍ തന്നെ വാരങ്ങള്‍ക്കു നടുവില്‍ കുവയുടെ ചുവട് മണ്ണു മൂടിയിടും. ഇത് മേയില്‍ മഴലഭിക്കുന്നതോടെ കിളിര്‍ത്തു തൈകളാകും. ഈ സമയം രണ്ടടി ഉയരത്തില്‍ കോരിയ വാരങ്ങളിലേക്ക് കൂവ പറിച്ചു നടാം.

ഒരടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. അടിവളമായി കോഴിവളം, ചാരം എന്നിവ നല്‍കാം. വളമൊന്നും നല്‍കിയില്ലെങ്കിലും കൂവ നല്ല വിളവു നല്‍കും. നല്ല വേനലിലും ജലസേചനമില്ലാതെ പിടിച്ചു നില്‍ക്കാനുള്ള ശക്തി കൂവയ്ക്കുണ്ട്. നാലു കിഴങ്ങുകള്‍ക്ക് ഒരു കിലോ ലഭിക്കും. നല്ല കാലാവസ്ഥയാണെങ്കില്‍ ഒരു ചുവട്ടില്‍ നിന്ന് 10 കിലോ വരെ വിളവും ലഭിക്കും. കിലോയ്ക്ക് 60–70 രൂപയില്‍ കുറയാതെ ലഭിക്കും. ഒരേക്കറില്‍ നിന്ന് 20–25 ടണ്‍ വരെ വിളവു ലഭിച്ചിട്ടുണ്ട് അജിത്തിന്. ആറടി ഉയരത്തില്‍ വരെ കൂവ വളരും. അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയില്ലാത്തതിനാല്‍ കേരളത്തിനു യോജിച്ചകൃഷി.

ഉഷ്ണമേഖലാ രാജ്യങ്ങളായ ഗള്‍ഫ് നാടുകളിലേക്കൊക്കെ വന്‍ കയറ്റുമതിയും നടക്കുന്നു. ആരോറൂട്ട് കമ്പനികള്‍ നേരിട്ടുമെടുക്കുന്നു. ഓര്‍ഡര്‍ അനുസരിച്ച് സാധനം നല്‍കാന്‍ തനിക്കു പറ്റുന്നില്ലെന്നും അജിത്ത് പറയുന്നു. കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് വിത്തുകള്‍ നല്‍കാനും ഉത്പന്നം തിരിച്ചെടുക്കാനും തയാറാണ് ഈ കര്‍ഷകന്‍. ആദ്യം ചുവട്ടില്‍ നിന്ന് ഒരടി ഉയരത്തില്‍ ചെടി മുറിച്ചു മാറ്റിയശേഷം ചുവടു കുഴിച്ചാണ് വിളവെടുപ്പ്. വെള്ളം അധികം കെട്ടിനില്‍ക്കാത്ത ഏതു പ്രദേശത്തും കൃഷിചെയ്യാം.

ഇടവിളകള്‍

കൂവയ്‌ക്കൊപ്പം ധാരാളം ഇടവിളകളും കൃഷിചെയ്യാം. കൂവയുള്ള പുരയിടത്തില്‍ ചിതല്‍ ശല്യമുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. പയര്‍, മുളക്, വെണ്ട, വെള്ളരി, പടവലം, പാവല്‍, വാഴ എന്നിവയെല്ലാം കൂവ കൃഷിയിലെ ഇടവിളകളാക്കാം. കൂവ വിളവെടുപ്ിനു ശേഷം, വാഴച്ചുവട്ടിലിട്ടാല്‍ നല്ല ജൈവവളവുമാകും. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാമെന്ന മേന്മയുമുണ്ട്. തെങ്ങിന്‍ തടങ്ങളില്‍ വൃത്താകൃതിയില്‍ നടാം. തണുപ്പുള്ള വിളയായതിനാല്‍ വേനല്‍കാലത്ത് ഇതിന്റെ ഇല കന്നുകാലികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തി ഇടയ്‌ക്കൊക്കെ നല്‍കാം.

ശരീരത്തെ പരിപോഷിപ്പിക്കാനും തണുപ്പിക്കാനും കൂവ

ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്. മുലപ്പാലിനു പകരം വയ്ക്കാവുന്ന ഭക്ഷണം. ദഹനശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ദഹനേന്ദ്രിയങ്ങള്‍ക്ക് ആരോഗ്യവും നല്‍കുന്നു. മൂത്രത്തില്‍ കല്ലുണ്ടാകുന്നതു തടയുന്നു. മൂത്രാശയ രോഗങ്ങള്‍ ശമിപ്പിക്കുന്നു. ഇതിന് തിളപ്പിച്ചാറിയവെള്ളത്തിലോ കരിക്കിന്‍ വെള്ളത്തിലോ ഒരു സ്പൂണ്‍ കൂവപ്പൊടി ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ശരീരത്തെ പരിപോഷിപ്പിക്കുന്നതിനും കൂവയ്ക്കു കഴിയും. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണ് കൂവപ്പൊടി. ചിക്കന്‍പോക്‌സ്, സ്‌മോള്‍പോക്‌സ് എന്നിവ വരാതിരിക്കാനും കൂവപ്പൊടി വെള്ളത്തില്‍ കലക്കിക്കുടിക്കുന്നതു നല്ലതാണ്.

ഹല്‍വയാക്കാം പായസവും നിര്‍മിക്കാം

കൂവപ്പൊടിയുപയോഗിച്ച് രുചികരമായ ധാരാളം മൂല്യവര്‍ധിത വിഭവങ്ങളും നിര്‍മിക്കാം. കൂവപ്പൊടി വെള്ളത്തില്‍ ചാലിച്ച് ചൂടാക്കി പഞ്ചസാരയോ ശര്‍ക്കരയോ പാനിയാക്കി ഒഴിക്കുക. വറ്റിവരുമ്പോള്‍ തേങ്ങ ചെറു കഷണങ്ങളാക്കിയതും നെയ്യുമൊഴിച്ച് വരട്ടിയെടുത്താല്‍ രുചികരമായ ഹല്‍വ തയാര്‍.പായസം ഉണ്ടാക്കുന്നതിനായി പൊടി കലക്കി അതിലേക്ക് തേങ്ങാപ്പാല്‍, ശര്‍ക്കരപ്പാനി എന്നിവയൊഴിച്ച് തിളപ്പിക്കുക. പായസപരുവമാകുമ്പോള്‍ നെയ്യില്‍ ചൂടാക്കിയ കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വിളമ്പാം.

പാലിനും കസ്റ്റാഡിനുമൊപ്പം കൂവപ്പൊടിയും ചേര്‍ത്താല്‍ ഐസ്‌ക്രീമും നിര്‍മിക്കാം.

മറ്റു കൃഷികള്‍

കൂവയ്‌ക്കൊപ്പം ചേന, ചേമ്പ്്, കാച്ചില്‍, ചെറുകിഴങ്ങ്്, വാഴ, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട് അജിത്ത്. ഭാര്യ രഞ്ജിനിയും മകള്‍ അഞ്ജനയും അജിത്തിനെ കൃഷിയില്‍ സഹായിക്കുന്നു.

കൂവപ്പൊടി നിര്‍മിക്കാം

കൂവപ്പൊടി നിര്‍മാണം അല്‍പം പ്രയാസം പിടിച്ച ജോലിയാണെങ്കിലും പാലക്കാടുകാര്‍ അത്് എളുപ്പമാക്കാന്‍ ചില സൂത്രപ്പണികളൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്. സാധാരണ, കൂവ ചതച്ച ശേഷം ഒരു പാത്രത്തില്‍ വെള്ളമെടുക്കുന്നു. ഇതിനു മുകളിലായി ഒരു തുണി വെള്ളത്തില്‍ പാതി മുങ്ങുന്നരീതിയില്‍ കെട്ടുന്നു. ഇതിലേക്ക് ചതച്ച കൂവയിട്ട് കൈകൊണ്ട് രണ്ടുമുന്നു പ്രാവശ്യം ഉലച്ചശേഷം ചണ്ടി മാറ്റും.

കൂവപ്പൊടി വെള്ളത്തിലലിഞ്ഞ് വെള്ളം പാല്‍നിറമാകും. ഒരു ദിവസം ഇത് അനക്കാതെ വച്ച് വെള്ളം വാര്‍ക്കുമ്പോള്‍ അടിയില്‍ വെള്ളക്കളറില്‍ സിമന്റുപോലെ കൂവപ്പൊടി അടിഞ്ഞിട്ടുണ്ടാവും. ഇത് വെയിലത്തു വച്ച്് ഉണക്കുകയേവേണ്ടു കൂവപ്പൊടി ലഭിക്കാന്‍. എന്നാല്‍ ഇതില്‍ ഏറ്റവും പാടുള്ള ജോലിയാണ് കൂവക്കിഴങ്ങ് ചതയ്ക്കുക എന്നത്്. ഇതിനായി അജിത്തും പാലക്കാട്ടുകാരും വെളിച്ചെണ്ണമില്ലുകളെയാണ് സമീപിക്കാറ്.

കഴുകി വൃത്തിയാക്കിയ കൂവ മല്ലില്‍ കൊടുത്താല്‍ വെളിച്ചെണ്ണയാട്ടുന്ന അതേരീതിയില്‍ മെഷീനിലിടുകയാണ് ചെയ്യുക. പിണ്ണാക്കു വരുന്ന സ്ഥലത്തുകൂടി കൂവ ചതച്ചുവരും. ഇത് വെള്ളത്തിനു മീതെ കെട്ടിയ തുണിയില്‍ ഇടുകയേ വേണ്ടു, പൊടി ലഭിക്കാന്‍. കൂവപ്പൊടി അഞ്ചുവര്‍ഷം വരെ കേടുകൂടാതെയിരിക്കും. പഴക്കം കൂടുന്തോറും ഗുണവും കൂടുമെന്ന് കര്‍ഷകനായ അജിത്ത് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: അജിത്ത്–9446 23 53 54. ലേഖകന്റെ ഫോണ്‍– 93495 99 023.

–ടോം ജോര്‍ജ്

Related posts